| Tuesday, 28th January 2025, 7:25 pm

ഇന്ത്യന്‍ ടീമിലേക്ക് കൊടുങ്കാറ്റിന്റെ മടങ്ങി വരവ്; സെഞ്ച്വറി നേടാന്‍ അര്‍ഷ്ദീപ് കാത്തിരിക്കണം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം മത്സരം രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും വിജയം സ്വന്തമാക്കിയ ഇന്ത്യ മൂന്നാം മത്സരവും വിജയിച്ച് പരമ്പര നേടാനുള്ള ഒരുക്കത്തിലാണ്.

അതേസമയം, നിലവില്‍ 2-0ന് പിന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഈ മത്സരം ഏറെ നിര്‍ണായകമാണ്. പരമ്പര സജീവമാക്കി നിര്‍ത്താന്‍ ജോസ് ബട്‌ലറിനും സംഘത്തിനും ഈ മത്സരം വിജയിച്ചേ മതിയാകൂ.

ചെപ്പോക്കില്‍ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ മൂന്നാം മത്സരത്തിന് കളത്തിലിറങ്ങിയിരിക്കുന്നത്. ഇടംകയ്യന്‍ സൂപ്പര്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിന് വിശ്രമം അനുവദിച്ച ഇന്ത്യ മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിനാണ് പരമ്പരയിലെ മൂന്നാം മത്സരം സാക്ഷ്യം വഹിക്കുന്നത്. പരിക്ക് മൂലം ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന ഷമിയുടെ തിരിച്ചുവരവില്‍ ആരാധകരെല്ലാം ആവേശത്തിലാണ്.

2023 ലോകകപ്പിലാണ് ഷമി അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്. പരിക്കിന് പിന്നാലെ ടി-20 ലോകകപ്പും ഐ.പി.എല്ലും അടക്കമുള്ള മേജര്‍ ടൂര്‍ണമെന്റുകള്‍ താരത്തിന് നഷ്ടമായിരുന്നു.

മത്സരത്തിലെ ആദ്യ ഓവര്‍ പന്തെറിയാന്‍ ഷമിയെ തന്നെയായിരുന്നു ക്യാപ്റ്റന്‍ സൂര്യ നിയോഗിച്ചത്. ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്.

അതേസമയം, ഷമിയുടെ വരവോടെ അന്താരാഷ്ട്ര ടി-20യില്‍ നൂറ് വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിനായി അര്‍ഷ്ദീപ് സിങ്ങിന് കാത്തിരിക്കേണ്ടി വന്നിരിക്കുകയാണ്. മൂന്ന് വിക്കറ്റ് കൂടി നേടാന്‍ സാധിച്ചാല്‍ വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി നേടാന്‍ അര്‍ഷ്ദീപിന് സാധിക്കുമായിരുന്നു. രാജ്‌കോട്ടില്‍ അര്‍ഷ്ദീപ് ഈ നേട്ടം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിച്ചിരുന്നത്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

അര്‍ഷ്ദീപ് സിങ് – 62 – 98

യൂസ്വേന്ദ്ര ചഹല്‍ – 79 – 96

ഹര്‍ദിക് പാണ്ഡ്യ – 99 – 92

ഭുവനേശ്വര്‍ കുമാര്‍ – 86 – 90

ജസ്പ്രീത് ബുംറ – 69 – 89

ആര്‍. അശ്വിന്‍ – 65 – 72

(മൂന്നാം ടി-20യ്ക്ക് മുമ്പേയുള്ള കണക്കുകള്‍)

അതേസമയം, മത്സരത്തില്‍ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ 12 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഏഴ് പന്തില്‍ അഞ്ച് റണ്‍സ് നേടിയ ഫില്‍ സോള്‍ട്ടിന്റെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ അഭിഷേക് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

നിലവില്‍ മൂന്ന് പന്തില്‍ ആറ് റണ്‍സുമായി ബെന്‍ ഡക്കറ്റും രണ്ട് പന്തില്‍ ഒരു റണ്ണുമായി ക്യാപ്റ്റന്‍ ബട്‌ലറുമാണ് ക്രീസില്‍.

ENGLAND Playing XI

ഫില്‍ സോള്‍ട്ട്, ബെന്‍ ഡക്കറ്റ്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റണ്‍, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ജെയ്മി ഓവര്‍ട്ടണ്‍, ബ്രൈഡന്‍ കാര്‍സ്, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്.

INDIA Playing XI

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ധ്കുവ് ജുറെല്‍, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.

Content Highlight: IND vs ENG 3rd T20I: Arshdeep Singh rested, Mohammed Shami returned to the team

Latest Stories

We use cookies to give you the best possible experience. Learn more