| Sunday, 9th February 2025, 1:23 pm

ചരിത്രം കുറിക്കാന്‍ വിരാടും രോഹിത്തും ഇറങ്ങുന്നു; രണ്ടാം മത്സരത്തില്‍ ആദ്യ ചിരി ബട്‌ലറിന്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിന മത്സരം ഒഡീഷയിലെ ബരാബതി സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് വിജയിച്ച ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ രണ്ടാം മത്സരത്തിലും ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. വിജയത്തോടെ ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി മൊമെന്റം സ്വന്തമാക്കാന്‍ തന്നെയാണ് ഇന്ത്യ ഒരുങ്ങുന്നത്.

രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. പരിക്ക് മൂലം ആദ്യ മത്സരം നഷ്ടപ്പെട്ട വിരാട് കോഹ്‌ലി ടീമിന്റെ ഭാഗമാവുകയാണ്. യശസ്വി ജെയ്‌സ്വാളിന് പകരക്കാരനായാണ് വിരാട് ടീമിലെത്തുന്നത്.

അതേസമയം, കുല്‍ദീപ് യാദവിന് വിശ്രമം നല്‍കിയ ഇന്ത്യ വരുണ്‍ ചക്രവര്‍ത്തിക്ക് ഏകദിനത്തിലെ അരങ്ങേറ്റത്തിനും അവസരമൊരുക്കിയിരിക്കുകയാണ്.

നിരവധി റെക്കോഡ് നേട്ടങ്ങളും ഈ മത്സരത്തില്‍ പിറവിയെടുക്കാന്‍ സാധ്യതയുണ്ട്. ഈ മത്സരത്തില്‍ 51 റണ്‍സ് നേടിയാല്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടുന്ന രണ്ടാമത് ഓപ്പണര്‍ എന്ന റെക്കോഡില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ മറികടക്കാന്‍ നായകന്‍ രോഹിത് ശര്‍മക്ക് സാധിക്കും.

ഇതിന് പുറമെ 11,000 ഏകദിന റണ്‍സ് എന്ന നേട്ടവും രോഹിത് ശര്‍മക്ക് മുമ്പിലുണ്ട്. 132 റണ്‍സ് കൂടിയാണ് ഈ റെക്കോഡിലെത്താന്‍ രോഹിത് ശര്‍മക്ക് വേണ്ടത്.

ഏകദിനത്തില്‍ 14,000 റണ്‍സ് എന്ന ലക്ഷ്യമാണ് വിരാടിന് മുമ്പലുള്ള പ്രധാന നേട്ടം. ഇതിനായി 94 റണ്‍സ് കൂടിയാണ് വിരാട് സ്വന്തമാക്കേണ്ടത്. ഇതിന് പുറമെ 32 റണ്‍സ് കണ്ടെത്തിയാല്‍ ഏഷ്യയില്‍ 16,000 റണ്‍സ് എന്ന നേട്ടവും 21 റണ്‍സ് കണ്ടെത്തിയാല്‍ ഇംഗ്ലണ്ടിനെതിരെ 4,000 റണ്‍സ് എന്ന നേട്ടവും വിരാടിന് സ്വന്തമാക്കാന്‍ സാധിക്കും.

മോശം ഫോമില്‍ തുടരുന്ന ഇരുവരും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ലിവിങ്സ്റ്റണ്‍, ഹാരി ബ്രൂക്ക്, ഗസ് ആറ്റ്കിന്‍സണ്‍, മാര്‍ക് വുഡ്, ആദില്‍ റഷീദ്, സാഖിബ് മഹ്‌മൂദ്.

Content Highlight: IND vs ENG 2nd ODI: England won the toss and elect to bat first

We use cookies to give you the best possible experience. Learn more