| Wednesday, 18th September 2024, 8:02 am

സാക്ഷാല്‍ വിരാടും പൂജാരയും മൂന്ന് തവണ ശ്രമിച്ചിട്ടും നടക്കാത്തത്; ഐതിഹാസിക നേട്ടത്തിന് തൊട്ടരികില്‍ യശസ്വി ജെയ്‌സ്വാള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. രണ്ട് ടെസ്റ്റും മൂന്ന് ടി-20കളും കളിക്കാനാണ് ബംഗ്ലാദേശ് ഇന്ത്യയിലെത്തുന്നത്. ഇതില്‍ ടെസ്റ്റ് പരമ്പരയാണ് ആദ്യം. ചെന്നൈയിലെ ചെപ്പോക് സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.

ഈ മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യശസ്വി ജെയ്‌സ്വാളിനെ ഒരു ഐതിഹാസിക നേട്ടം കാത്തിരിപ്പുണ്ട്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഒരു സൈക്കിളില്‍ ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ജെയ്‌സ്വാളിനെ കാത്തിരിക്കുന്നത്.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന 2023-25 സൈക്കിളിലില്‍ ഒമ്പത് മത്സരത്തില്‍ നിന്നും 1028 റണ്‍സാണ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്. 68.53 എന്ന തകര്‍പ്പന്‍ ശരാശരിയിലാണ് താരം ബാറ്റ് വീശുന്നത്.

മൂന്ന് തവണ 100+ സ്‌കോര്‍ നേടിയ താരം നാല് അര്‍ധ സെഞ്ച്വറികളും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. 108 ഫോറും 29 സിക്‌സറുകളുമാണ് ഈ ഒമ്പത് മത്സരത്തില്‍ നിന്നുമായി ജെയ്‌സ്വാള്‍ അടിച്ചുകൂട്ടിയത്.

ഈ പരമ്പരയില്‍ നിന്ന് വെറും 132 റണ്‍സ് നേടിയാല്‍ ജെയ്‌സ്വാളിന് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഒരു സൈക്കിളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് നേടാന്‍ സാധിക്കും. ഒരുപക്ഷേ ബംഗ്ലാദേശിനെതിരെ ഈ നേട്ടത്തിലെത്താന്‍ സാധിക്കാതെ പോയാലും വരും മത്സരങ്ങളിലും ജെയ്‌സ്വാളിന് ഈ നേട്ടം സ്വന്തമാക്കാനുള്ള അവസരം തുറന്നുതന്നെ കിടപ്പുണ്ട്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2019-21 സൈക്കിളില്‍ മുന്‍ നായകന്‍ അജിന്‍ക്യ രഹാനെ നേടിയ 1159 റണ്‍സാണ് ഈ പട്ടികയില്‍ ഒന്നാമതുള്ളത്. 18 മത്സരത്തില്‍ നിന്നുമായി 42.92 ശരാശരിയില്‍ മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയുമടക്കമാണ് രഹാനെ 1159 റണ്‍സ് നേടിയത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഒരു സൈക്കിളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം

(താരം – ഇന്നിങ്‌സ് റണ്‍സ് – സൈക്കിള്‍ എന്നീ ക്രമത്തില്‍)

അജിന്‍ക്യ രഹാനെ – 30 – 1159 – 2019-21

യശസ്വി ജെയ്‌സ്വാള്‍ – 16 – 1028 – 2023-25*

വിരാട് കോഹ്‌ലി – 24 – 934 – 2019-21

വിരാട് കോഹ്‌ലി – 30 – 932 – 2021-23

ചേതേശ്വര്‍ പൂജാര – 32 – 928 – 2021-23

റിഷബ് പന്ത് – 21 – 868 – 2021-23

ചേതേശ്വര്‍ പൂജാര – 30 – 841 – 2019-21

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ നിലവിലെ സൈക്കിളില്‍ നായകന്‍ രോഹിത് ശര്‍മയാണ് ജെയ്‌സ്വാളിന് ശേഷം പട്ടികയില്‍ ഇടം നേടിയ രണ്ടാമത് ഇന്ത്യന്‍ താരം. ഒമ്പത് മത്സരത്തിലെ 16 ഇന്നിങ്‌സില്‍ നിന്നും 700 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്.

ഇംഗ്ലണ്ട് സൂപ്പര്‍ താരവും ഫാബ് ഫോറിലെ കരുത്തനുമായ ജോ റൂട്ടാണ് 2023-25 സൈക്കിളിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍. 29 ഇന്നിങ്‌സില്‍ നിന്നും അഞ്ച് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 1398 റണ്‍സാണ് റൂട്ട് നേടിയത്.

ബംഗ്ലാദേശിനെതിരെ 371 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ ജെയ്‌സ്വാളിന് റൂട്ടിനെ മറികടക്കാനും സാധിച്ചേക്കും. പക്ഷേ ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനം നടക്കാനിരിക്കുന്നുണ്ട് എന്നതിനാല്‍ തന്നെ ഒരുപക്ഷേ ഈ കിരീടം നഷ്ടപ്പെട്ടാല്‍ റൂട്ട് അത് തിരിച്ചുപിടിക്കുമെന്നും ഉറപ്പാണ്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ സൈക്കിളില്‍ (2019-21) റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമനായിരുന്നു റൂട്ട്. 37 ഇന്നിങ്‌സില്‍ നിന്നും 1660 റണ്‍സാണ് റൂട്ടിനുണ്ടായിരുന്നത്. 1675 റണ്‍സ് നേടിയ മാര്‍നസ് ലബുഷാനായിരുന്നു ഒന്നാമന്‍.

ഡബ്ല്യൂ.ടി.സി 2021-23 സൈക്കിളില്‍ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു. 1915 റണ്‍സാണ് റൂട്ട് അന്ന് സ്വന്തമാക്കിയത്. രണ്ടാമതുള്ള ഉസ്മാന്‍ ഖവാജയാകട്ടെ 1621 റണ്‍സ് മാത്രമാണ് നേടിയത്.

Content highlight: IND vs BAN  Yashasvi Jaiswal to surpass Ajinkya Rahane

We use cookies to give you the best possible experience. Learn more