ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരക്കുള്ള മുന്നൊരുക്കത്തിലാണ് ഇരു ടീമുകളും. മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ബംഗ്ലാ കടുവകള്‍ ഇന്ത്യയില്‍ കളിക്കുക. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരക്ക് ശേഷം ഒക്ടോബര്‍ ആറ് മുതലാണ് ടി-20 പരമ്പര ആരംഭിക്കുക.
പരമ്പരക്കുള്ള സ്‌ക്വാഡ് ഇന്ത്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കിയാണ് ഇന്ത്യ 15 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. സഞ്ജു സാംസണും ജിതേഷ് ശര്‍മയും വിക്കറ്റ് കീപ്പര്‍മാരായി ഇടം നേടിയ സ്‌ക്വാഡില്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഇടം പിടിച്ചിട്ടുണ്ട്.
NEWS 🚨 – #TeamIndia’s squad for T20I series against Bangladesh announced.
സൂപ്പര്‍ പേസര്‍ മായങ്ക് യാദവും സ്‌ക്വാഡിന്റെ ഭാഗമാണ്. താരത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തിനാണ് പരമ്പര വഴി തുറക്കുന്നത്. ഐ.പി.എല്ലിനിടെ പരിക്കേറ്റ താരത്തിന്റെ തിരിച്ചുവരവിന് കൂടിയാണ് ഈ പരമ്പര സാക്ഷ്യം വഹിക്കുക.
വരാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധ്യത കല്‍പിക്കുന്ന താരമാണ് മായങ്ക് യാദവ്. നിരവധി മുന്‍ താരങ്ങളും ക്രിക്കറ്റ് അനലിസ്റ്റുകളും ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ താരത്തെ ടീമിന്റെ ഭാഗമാക്കണമെന്ന് ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ താരത്തിന്റെ വേഗത ഇന്ത്യക്ക് അഡ്വാന്റേജ് നല്‍കുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.
ഐ.പി.എല്ലില്‍ വേഗത കൊണ്ട് മായാജാലം കാണിച്ചതിന് പിന്നാലെയാണ് മായങ്ക് യാദവ് എന്ന യുവതാരത്തെ ആരാധകര്‍ ശ്രദ്ധിച്ചുതുടങ്ങിയത്. പഞ്ചാബ് കിങ്‌സിനെതിരെയാണ് താരം ഐ.പി.എല്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തില്‍ നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് മായങ്ക് സ്വന്തമാക്കിയിരുന്നു. മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു.
ശേഷം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയും താരം തന്റെ മാജിക് വ്യക്തമാക്കി. നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റാണ് താരം പിഴുതെറിഞ്ഞത്.
ഈ മത്സരത്തിലും കളിയിലെ താരമാവാന്‍ മായങ്കിന് സാധിച്ചിരുന്നു. ഐ.പി.എല്‍ കരിയറിലെ ആദ്യ രണ്ട് മത്സരങ്ങളിലും തുടര്‍ച്ചയായി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടവും യാദവ് സ്വന്തമാക്കിയിരുന്നു.
ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന്റെ താരമായ മായങ്ക് നാല് മത്സരത്തില്‍ മാത്രമേ ടീമിന് വേണ്ടി പന്തെറിഞ്ഞിട്ടുള്ളൂ. പരിക്ക് വില്ലനായതോടെയാണ് താരത്തിന് ഐ.പി.എല്ലിലെ എല്ലാ മത്സരങ്ങളും കളിക്കാന്‍ സാധിക്കാതെ പോയത്. എന്നാല്‍ കളിച്ച നാല് മത്സരത്തില്‍ നിന്നും ഏഴ് വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിരുന്നു.