ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിവസം തുടരുകയാണ്. നിലവില്‍ 44 ഓവര്‍ പിന്നിടുമ്പോള്‍ 151ന് മൂന്ന് എന്ന നിലയിലാണ് ഇന്ത്യ. യുവതാരങ്ങളായ ശുഭ്മന്‍ ഗില്ലും റിഷബ് പന്തുമാണ് ഇന്ത്യക്കായി ക്രീസില്‍. ഇരുവരും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ബാറ്റിങ് തുടരുന്നത്.
രണ്ട് സിക്‌സറും അഞ്ച് ഫോറും അടക്കം 65 റണ്‍സുമായാണ് ഗില്‍ ബാറ്റിങ് തുടരുന്നത്. ഈ രണ്ട് സിക്‌സറിന് പിന്നാലെ കരിയറില്‍ 100 സിക്‌സറെന്ന നാഴികക്കല്ല് പിന്നിടാനും ശുഭ്മന്‍ ഗില്ലിന് സാധിച്ചു.
Shubman Gill smashes two sixes in an over and reaches his 7th Test FIFTY!#TeamIndia 115/3, lead by 343 runs
ഇതിന് പിന്നാലെ മറ്റൊരു നേട്ടവും താരം സ്വന്തമാക്കി. 25 വയസിനുള്ളില്‍ 100 അന്താരാഷ്ട്ര സിക്‌സറുകള്‍ നേടുന്ന നാലാമത് ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഗില്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കും വിരാട് കോഹ്‌ലിക്കും നേടാന്‍ സാധിക്കാത്ത നേട്ടത്തിലേക്കാണ് ഗില്‍ നടന്നുകയറിയത്.
25ാം വയസിനുള്ളില്‍ ഇന്ത്യക്കായി ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരങ്ങള്‍
(താരം – സിക്‌സര്‍ എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 125
റിഷബ് പന്ത് – 118
സുരേഷ് റെയ്‌ന – 112
ശുഭ്മന്‍ ഗില്‍ – 100*
ഏകദിന ഫോര്‍മാറ്റില്‍ നിന്നുമാണ് ഗില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയത്. 52 എണ്ണം. ടെസ്റ്റില്‍ 26 സിക്‌സറും ടി-20യില്‍ നിന്ന് 22 സിക്‌സറുമാണ് താരത്തിന്റെ സമ്പാദ്യം.
അതേസമയം, ആദ്യ ടെസ്റ്റില്‍ വിജയം സ്വന്തമാക്കി പരമ്പരയില്‍ മുമ്പിലെത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ചെപ്പോക് ടെസ്റ്റില്‍ ഇന്ത്യ വിജയിക്കാനുള്ള സാധ്യതകളേറെയാണ്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 376 റണ്‍സ് നേടി. ഹോം ടൗണ്‍ ഹീറോ രവിചന്ദ്രന്‍ അശ്വിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്‌കോറിലെത്തിയത്.
133 പന്തില്‍ നിന്നും 113 റണ്‍സാണ് അശ്വിന്‍ ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്. താരത്തിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണിത്. അശ്വിന് പുറമെ 86 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയും 56 റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാളും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.
ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് ടോട്ടല്‍ മറികടന്ന് ലീഡ് നേടാന്‍ ഒരുങ്ങിയെത്തിയ ബംഗ്ലാദേശിനെ ബുംറയുടെ നേതൃത്വത്തില്‍ ഇന്ത്യ 149 റണ്‍സിന് എറിഞ്ഞിട്ടു. ബുംറ നാല് വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.