| Tuesday, 17th September 2024, 8:18 am

സച്ചിനും വിരാടും പഴങ്കഥയാകും, ഇനി രോഹത്തിന്റെ ആറാട്ട്; മൂന്ന് റെക്കോഡുകളിലേക്ക് ഹിറ്റ്മാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. രണ്ട് ടെസ്റ്റുകളും മൂന്ന് ടി-20കളുമാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കുക. ഇതില്‍ ടെസ്റ്റ് പരമ്പരയാണ് ആദ്യം.

സെപ്റ്റംബര്‍ 19നാണ് പരമ്പരയിലെ ആദ്യ മത്സരം. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയമാണ് ക്ലാസിക് പോരാട്ടത്തിന് വേദിയാകുന്നത്.

ഈ പരമ്പരയിലെ മൂന്ന് തകര്‍പ്പന്‍ റെക്കോഡുകളാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് മുമ്പിലുള്ളത്. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഫ്യൂച്ചര്‍ ലെജന്‍ഡ് വിരാട് കോഹ്‌ലി, ശ്രീലങ്കന്‍ സൂപ്പര്‍ താരം പാതും നിസങ്ക എന്നിവരെ മറികടന്ന് റെക്കോഡുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് രോഹിത്തിനുള്ളത്.

ബംഗ്ലാദേശിനെതിരെ ഏറ്റവുമധികം റണ്‍സ് എന്ന സച്ചിന്റെ നേട്ടമാണ് ഇതില്‍ ആദ്യത്തേത്. 1,316 റണ്‍സാണ് മൂന്ന് ഫോര്‍മാറ്റില്‍ നിന്നുമായി സച്ചിന്‍ സ്വന്തമാക്കിയത്. തൊട്ടുപുറകിലുള്ള രോഹിത്തിന് ഈ പരമ്പരയില്‍ തന്നെ സച്ചിനെ മറികടക്കാനുള്ള എല്ലാ സാധ്യകളുമുണ്ട്.

1,296 റണ്‍സാണ് ബംഗ്ലാദേശിനെതിരെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി രോഹിത് അടിച്ചുനേടിയത്. ഈ പരമ്പരയില്‍ വെറും 21 റണ്‍സ് കണ്ടെത്തിയാല്‍ രോഹിത്തിന് സച്ചിനെ അനായാസം മറികടക്കാം.

ബംഗ്ലാ കടുവകള്‍ക്കെതിരെ നേടിയ അര്‍ധ സെഞ്ച്വറി കണക്കിലാണ് രോഹിത് രണ്ടാം റെക്കോഡ് നേടാന്‍ ഒരുങ്ങുന്നത്. ഇതുവരെ 12 തവണയാണ് ഹിറ്റ്മാന്‍ ബംഗ്ലാദേശിനെതിരെ അര്‍ധ സെഞ്ച്വറി നേട്ടം സ്വന്തമാക്കിയത്. മുമ്പിലുള്ള വിരാട് കോഹ്‌ലിയാകട്ടെ അയല്‍ക്കാര്‍ക്കെതിരെ 12 തവണയാണ് അര്‍ധ സെഞ്ച്വറി നേടിയത്.

ഇതിന് പുറമെ 2024ല്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലും രോഹിത്തിന് ഒന്നാം സ്ഥാനത്തെത്താന്‍ സാധിക്കും. ഇതിന് വേണ്ടതാകട്ടെ വെറും 145 റണ്‍സും.

23 മത്സരത്തിലെ 25 ഇന്നിങ്‌സില്‍ നിന്നുമായി 54.04 ശരാശരിയില്‍ 1135 റണ്‍സ് നേടിയാണ് ലങ്കന്‍ താരം നിസങ്ക ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. പട്ടികയില്‍ നാലാം സ്ഥാനത്താണ് രോഹിത് ശര്‍മ. 20 മത്സരത്തിലെ 25 ഇന്നിങ്‌സില്‍ നിന്നുമായി 45.00 ശരാശരിയില്‍ 990 റണ്‍സാണ് രോഹിത് സ്വന്തമാക്കിയത്.

എന്നാല്‍ ഈ പട്ടികയില്‍ രോഹിത് കടുത്ത മത്സരം തന്നെ നേരിടുന്നുണ്ട്. യുവതാരവും തന്റെ സഹ ഓപ്പണറുമായ യശസ്വി ജെയ്‌സ്വാളാണ് രോഹിത്തിന് ഭീഷണിയുയര്‍ത്തുന്നത്. 14 മത്സരത്തിലെ 19 ഇന്നിങ്‌സില്‍ നിന്നും 60.76 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 1033 റണ്‍സാണ് ജെയ്‌സ്വാള്‍ നേടിയത്. നിസങ്കയെക്കാള്‍ 102 റണ്‍സ് മാത്രമാണ് ജെയ്‌സ്വാളിന് കുറവുള്ളത്.

ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.

ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് സ്‌ക്വാഡ്

നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, ഷദ്മാന്‍ ഇസ്‌ലാം, സാക്കിര്‍ ഹസന്‍, മൊമിനുള്‍ ഹഖ്, മുഷ്ഫിഖര്‍ അഹമ്മദ്, ഷാകിബ് അല്‍ ഹസന്‍, ലിട്ടന്‍ ദാസ്, മെഹ്ദി മിര്‍സ, ജാക്കിര്‍ അലി, താസ്‌കിന്‍ അഹമ്മദ്, ഹസന്‍ മുഹമ്മദ്, നാഹിദ് റാണ, തൈജുല്‍ ഇസ്‌ലാം, മുഹുമ്മദുള്‍ ഹസന്‍ ജോയ്, നയീം ഹസന്‍, ഖലീല്‍ അഹമ്മദ്.

Content Highlight: IND vs BAN: Rohit Sharma has a chance to own three records

Latest Stories

We use cookies to give you the best possible experience. Learn more