| Friday, 20th September 2024, 4:52 pm

നാണംകെട്ടെങ്കിലും അടിച്ചുകയറിയത് സച്ചിന്‍ ലീഡ് ചെയ്യുന്ന ചരിത്ര റെക്കോഡിലേക്ക്; പത്ത് വര്‍ഷങ്ങളില്‍...

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ചെപ്പോക്കില്‍ തുടരുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 227 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുകയാണ്.

എന്നാല്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വീണ്ടും തുടക്കം പിഴച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ വീണ്ടും നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്‌സില്‍ ആറ് റണ്‍സിന് പുറത്തായ രോഹിത് രണ്ടാം ഇന്നിങ്‌സില്‍ വെറും അഞ്ച് റണ്‍സിനും മടങ്ങി.

രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി വെറും 11 റണ്‍സാണ് താരം നേടിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് റണ്‍സ് സ്വന്തമാക്കിയതോടെ ഈ വര്‍ഷം 1,000 അന്താരാഷ്ട്ര റണ്‍സ് എന്ന മാര്‍ക് പിന്നിടാനും രോഹിത്തിനായി.

21 മത്സരത്തിലെ 27 ഇന്നിങ്‌സില്‍ നിന്നുമായാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്. ഈ വര്‍ഷം ആയിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത് താരവും ആദ്യ ക്യാപ്റ്റനുമാണ് രോഹിത് ശര്‍മ.

ശ്രീലങ്കന്‍ സൂപ്പര്‍ താരം പാതും നിസങ്ക, ഇംഗ്ലണ്ട് ലെജന്‍ഡ് ജോ റൂട്ട്, ഇന്ത്യന്‍ യുവതാരം യശസ്വി ജെയ്‌സ്വാള്‍, ലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസ് എന്നിവരാണ് ഈ വര്‍ഷം 1000 റണ്‍സ് മാര്‍ക് പൂര്‍ത്തിയാക്കിയ മറ്റ് താരങ്ങള്‍.

ഈ വര്‍ഷവും 1,000 റണ്‍സ് മാര്‍ക് പിന്നിട്ടതോടെ മറ്റൊരു നേട്ടവും രോഹിത്തിനെ തേടിയെത്തി. ഏറ്റവുമധികം വര്‍ഷങ്ങളില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നാലാമനായി ഇടം നേടാനും താരത്തിനായി.

ഏറ്റവുമധികം വര്‍ഷങ്ങളില്‍ ഇന്ത്യക്കായി 1,000 അന്താരാഷ്ട്ര റണ്‍സ്

(താരം – എത്ര തവണ എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 16 തവണ

വിരാട് കോഹ്‌ലി – 12 തവണ

രാഹുല്‍ ദ്രാവിഡ് – 11 തവണ

എം.എസ്. ധോണി – 11 തവണ

രോഹിത് ശര്‍മ – 10 തവണ*

അതേസമയം, രണ്ടാം ഇന്നിങ്‌സ് 17 ഓവര്‍ പിന്നിടുമ്പോള്‍ 62ന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ. 30 പന്തില്‍ 11 റണ്‍സുമായി വിരാട് കോഹ്‌ലിയും 48 പന്തില്‍ 30 റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.

അശ്വിന്റെ സെഞ്ച്വറി കരുത്തില്‍ 376 റണ്‍സാണ് ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ സ്വന്തമാക്കിയത്. 133 പന്തില്‍ നിന്നും 113 റണ്‍സ് അശ്വിന്‍ ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തു. താരത്തിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണിത്. അശ്വിന് പുറമെ 86 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയും 56 റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാളും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.

ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് ടോട്ടല്‍ മറികടന്ന് ലീഡ് നേടാന്‍ ഒരുങ്ങിയെത്തിയ ബംഗ്ലാദേശിനെ ബുംറയുടെ നേതൃത്വത്തില്‍ ഇന്ത്യ 149 റണ്‍സിന് എറിഞ്ഞിട്ടു. 64 പന്തില്‍ 32 റണ്‍സടിച്ച ഷാകിബ് അല്‍ ഹസനാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

ആദ്യ ഇന്നിങ്‌സില്‍ ബുംറ നാല് വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.

Content Highlight: IND vs BAN: Rohit Sharma completed 1000 runs in 2024

We use cookies to give you the best possible experience. Learn more