ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റിന് 287 റണ്‍സ് എന്ന നിലയില്‍ നില്‍ക്കവെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇതോടെ 514 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ഇന്ത്യ സന്ദര്‍ശകര്‍ക്ക് മുമ്പില്‍ പടുത്തുയര്‍ത്തിയത്.
യുവതാരങ്ങളായ റിഷബ് പന്തിന്റെയും ശുഭ്മന്‍ ഗില്ലിന്റെയും സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. പന്ത് 128 പന്തില്‍ നിന്നും 109 റണ്‍സ് നേടിയപ്പോള്‍ 176 പന്തില്‍ പുറത്താകാതെ 119 റണ്‍സാണ് ഗില്‍ സ്വന്തമാക്കിയത്. അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ പന്തിന്റെ ആറാം സെഞ്ച്വറിയാണിത്. ഇന്ത്യക്കായി നാലാം ടെസ്റ്റ് സെഞ്ച്വറിയാണ് ഗില്‍ ചെപ്പോക്കില്‍ കുറിച്ചത്.
ചെപ്പോക്കിലെ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും പന്ത് സ്വന്തമാക്കി. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തിലേക്കാണ് പന്ത് ഓടിയെത്തിയത്.
ആറ് സെഞ്ച്വറിയുമായി എം.എസ്. ധോണിക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് പന്ത്. എന്നാല്‍ ധോണിയെക്കാള്‍ കുറവ് ഇന്നിങ്‌സ് കളിച്ചാണ് പന്ത് ഈ നേട്ടത്തിലെത്തിയത്.
താരത്തിന് ഇനിയും ഏറെ നാള്‍ ക്രിക്കറ്റ് ബാക്കിയുണ്ടെന്നിരിക്കെ ധോണിയുടെ റെക്കോഡുകള്‍ തകരുമെന്നതില്‍ സംശയം വേണ്ട.
ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പര്‍മാര്‍
(താരം – ഇന്നിങ്‌സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)
റിഷബ് പന്ത് – 58 – 6*
എം.എസ്. ധോണി – 114 – 6
വൃദ്ധിമാന്‍ സാഹ – 54 – 3
ബുദ്ദി കുന്ദേരന്‍ – 28 – 2
ഫാറൂഖ് എന്‍ജിനീയര്‍ – 87 – 2
സയ്യിദ് കിര്‍മാണി – 124 – 2
പന്ത് ആകെ നേടിയ ആറ് സെഞ്ച്വറിയില്‍ നാലും ഓവര്‍സീസ് സെഞ്ച്വറികളാണ്, അതാകട്ടെ സേന രാജ്യങ്ങള്‍ക്കെതിരെയും.
2019ല്‍ ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നിയില്‍ നേടിയ 159* ആണ് താരത്തിന്റെ ടോപ് സ്‌കോര്‍. ബെര്‍മിങ്ഹാം, ഓവല്‍, കേപ് ടൗണ്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് താരത്തിന്റെ മറ്റ് ഓവര്‍സീസ് സെഞ്ച്വറികള്‍ പിറവിയെടുത്തത്.
അതേസമയം, ഇന്ത്യ ഉയര്‍ത്തിയ 515 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സിനേക്കാള്‍ മികച്ച രീതിയിലാണ് ബാറ്റ് വീശുന്നത്. നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 56 എന്ന നിലയിലാണ് ബംഗ്ലാദേശ്. 38 പന്തില്‍ 32 റണ്‍സുമായി സാക്കിര്‍ ഹസന്‍, 40 പന്തില്‍ 21 റണ്‍സുമായി ഷദ്മന്‍ ഇസ്‌ലാമുമാണ് ക്രീസില്‍.
Content highlight: IND vs BAN: Rishabh Pant equals MS Dhoni’s record