ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിനാണ് കളമൊരുങ്ങുന്നത്. സെപ്റ്റംബര്‍ 27 മുതല്‍ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്കിലാണ് മത്സരം നടക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ഇന്ത്യ രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.
എന്നാല്‍ മത്സരം നടക്കുന്ന കാണ്‍പൂര്‍ സ്റ്റേഡിയമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്‌റ്റേഡിയത്തിന്റെ ഒരു ഭാഗം അപകടകരമായ അവസ്ഥയിലാണെന്നും എന്നിരുന്നാലും ടിക്കറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം സ്റ്റേഡിയത്തിന്റെ ബാല്‍ക്കണി സി അണ്‍ഫിറ്റ് ആണെന്നാണ് പി.ഡബ്ല്യൂ.ഡി വിലയിരുത്തിയിരിക്കുന്നത്. ബാല്‍ക്കണി സി-യില്‍ 4800 ആരാധകരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. പക്ഷേ സി സ്റ്റാന്‍ഡിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് 1700 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റിട്ടുള്ളത്.
‘പി.ഡബ്ല്യൂ.ഡി ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇക്കാരണം കൊണ്ടുതന്നെ ആ സ്റ്റാന്‍ഡിലേക്ക് (ബാല്‍ക്കണി സി) 1700 ടിക്കറ്റുകള്‍ മാത്രം നല്‍കിയാല്‍ മതിയെന്നാണ് ഞങ്ങളുടെ തീരുമാനം. കുറച്ചുദിവസങ്ങള്‍ കൊണ്ടുതന്നെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാകും,’ ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സി.ഇ.ഒ അങ്കിത് ചാറ്റര്‍ജി പറഞ്ഞു.
ആറ് എന്‍ജിനീയര്‍മാര്‍ ബാല്‍ക്കണി പരിശോധിച്ചെന്നും 50 ആരാധകര്‍ ഒരു സിക്‌സറോ വിക്കറ്റോ സെലിബ്രേറ്റ് ചെയ്താല്‍ തന്നെ കാര്യങ്ങള്‍ വഷളാകാന്‍ സാധ്യതയുണ്ടെന്ന് ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘റിഷബ് പന്ത് ഒരു സിക്‌സര്‍ നേടുകയും 50 ആരാധകര്‍ ആ സിക്‌സര്‍ സെലിബ്രേറ്റ് ചെയ്യുകയും ചെയ്താല്‍ സ്റ്റേഡിയത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീഴും. അടിയന്തരമായി അറ്റകുറ്റ പണികള്‍ നടത്തണം,’ എന്‍ജിനീയര്‍ പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പാണ് ഈ സ്റ്റേഡിയത്തില്‍ ഒരു മത്സരം അരങ്ങേറിയത്. ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലായിരുന്നു ആ മത്സരം. എന്നാല്‍ മോശം ലൈറ്റിങ്ങിന്റെ പേരില്‍ അന്നും സ്റ്റേഡിയം വിമര്‍ശനമേറ്റുവാങ്ങിയിരുന്നു.
Content highlight: IND vs BAN: Reports says Balcony C of Kanpur stadium is unfit