ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മോശം കാലാവസ്ഥ മൂലം സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. മഴ മൂലം മത്സരത്തിന്റെ ടോസ് നടപടികള്‍ പൂര്‍ത്തിയാക്കിയതും ഏറെ വൈകിയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
35 ഓവറുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ആദ്യ ദിനത്തിലെ മത്സരം അവസാനിപ്പിക്കാന്‍ അമ്പയര്‍മാര്‍ നിര്‍ബന്ധിതരായത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ് ആദ്യ ദിനം ബാറ്റിങ് അവസാനിപ്പിച്ചത്.
UPDATE 🚨
Due to incessant rains, play on Day 1 has been called off in Kanpur.
സാക്കിര്‍ ഹസന്‍, ഷദ്മാന്‍ ഇസ്‌ലാം, ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ എന്നിവരുടെ വിക്കറ്റാണ് ആദ്യ ദിനം ബംഗ്ലാദേശിന് നഷ്ടപ്പെട്ടത്. ഹസന്‍ 24 പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാതെ പുറത്തായപ്പോള്‍ ഷദ്മാന്‍ ഇസ്‌ലാം 36 പന്തില്‍ 24 റണ്‍സും ഷാന്റോ 57 പന്തില്‍ 31 റണ്‍സും നേടി പുറത്തായി.
നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെ വിക്കറ്റിന് മുമ്പില്‍ കുടുക്കി പുറത്താക്കിയതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് അശ്വിനെ തേടിയെത്തിയത്. ഏഷ്യന്‍ മണ്ണില്‍ ഇന്ത്യക്കായി ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്. ഏഷ്യയില്‍ താരത്തിന്റെ 420ാം വിക്കറ്റാണിത്.
419 വിക്കറ്റുമായി ഇന്ത്യന്‍ ലെജന്‍ഡ് അനില്‍ കുംബ്ലെയായിരുന്നു ഇതുവരെ ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. കഴിഞ്ഞ മത്സരത്തിലെ ആറ് വിക്കറ്റിന് നേട്ടത്തിന് പിന്നാലെ കുംബ്ലെക്കൊപ്പമെത്തിയ അശ്വിന്‍ കാണ്‍പൂരില്‍ താരത്തെ മറികടക്കുകയും ചെയ്തു.
ഇന്ത്യക്കായി ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് ഇനി അശ്വിന് മുമ്പിലുള്ളത്. ഈ നേട്ടത്തിലെത്താന്‍ അശ്വിന് എളുപ്പം സാധിക്കണമെന്നില്ല. ഒന്നാമതുള്ള കുംബ്ലെയെ മറികടക്കാന്‍ ചെപ്പോക്കിന്റെ രാജകുമാരന് ഇനിയും 98 വിക്കറ്റുകള്‍ സ്വന്തമാക്കണം.
1990 മുതല്‍ 2008 വരെയുള്ള 18 വര്‍ഷത്തെ കരിയറില്‍ ഇന്ത്യക്കായി പന്തെറിഞ്ഞ 132 മത്സരത്തില്‍ നിന്നും 619 വിക്കറ്റാണ് അനില്‍ കുംബ്ലെ നേടിയത്. 29.65 ശരാശരിയിലും 65.99 സ്‌ട്രൈക്ക് റേറ്റിലുമാണ് കുംബ്ലെ പന്തെറിഞ്ഞത്. ഒരു ഇന്നിങ്‌സില്‍ പത്ത് വിക്കറ്റ് സ്വന്തമാക്കി റെക്കോഡിട്ട കുംബ്ലെ കരിയറില്‍ 35 തവണ അഞ്ച് വിക്കറ്റ് നേട്ടവും എട്ട് തവണ പത്ത് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം, അശ്വിനാകട്ടെ 102ാം മത്സരത്തില്‍ 523 വിക്കറ്റുമായാണ് ജൈത്രയാത്ര തുടരുന്നത്. കുംബ്ലെയെക്കാള്‍ മികച്ച ശരാശരിയും സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. 23.69 എന്ന ശരാശരിയും 50.52 സ്‌ട്രൈക്ക് റേറ്റുമാണ് അശ്വിന്റെ പേരിലുള്ളത്. ടെന്‍ഫറുകളുടെ കണക്കില്‍ കുംബ്ലെക്കൊപ്പം സ്ഥാനം പിടിച്ച അശ്വിന്‍ ഫൈഫറുകളുടെ എണ്ണത്തില്‍ താരത്തെ കടത്തിവെട്ടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കാണ്‍പൂര്‍ ടെസ്റ്റിലും വിജയിച്ച് പരമ്പര വിജയം സമ്പൂര്‍ണമാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ലീഡര്‍ബോര്‍ഡില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ഇന്ത്യക്ക് ഈ വിജയം കൂടുതല്‍ കരുത്തേകും.
Content highlight: IND vs BAN: R Ashwin surpassed Anil Kumble