| Friday, 20th September 2024, 9:11 am

അശ്വിന്റെ സെഞ്ച്വറി, ധോണി ആരാധകര്‍ക്ക് വമ്പന്‍ നിരാശ; പറഞ്ഞ് പിടിച്ചുനില്‍ക്കാനുള്ള റെക്കോഡും അവന്‍ കൊണ്ടുപോയി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വമ്പന്‍ തകര്‍ച്ചയില്‍ നിന്നും തിരിച്ചുവരികയാണ്. രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും വിരാട് കോഹ്‌ലിയും കെ.എല്‍. രാഹുലും പരാജയപ്പെട്ട മത്സരത്തില്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍മാരായ ആര്‍. അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ മികച്ച ആദ്യ ഇന്നിങ്‌സ് ടോട്ടല്‍ പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ്.

സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് അശ്വിന്‍ ക്രീസില്‍ തുടരുന്നത്. ജഡേജയാകട്ടെ സെഞ്ച്വറിക്ക് തൊട്ടരികിലാണ്. 112 പന്തില്‍ നിന്നും 102 റണ്‍സാണ് അശ്വിന്‍ ഇതുവരെ നേടിയത്. 117 പന്തില്‍ 86 റണ്‍സാണ് ജഡേജയുടെ പേരിലുള്ളത്.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം എം.എസ്. ധോണിക്കൊപ്പമെത്താനും അശ്വിന് സാധിച്ചു. ടെസ്റ്റ് സെഞ്ച്വറിയുടെ എണ്ണത്തില്‍ ധോണിക്കൊപ്പമെത്തിയാണ് അശ്വിന്‍ തിളങ്ങിയത്.

ടെസ്റ്റ് കരിയറില്‍ ഇത് ആറാം തവണയാണ് അശ്വിന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. എം.എസ്. ധോണിക്കും ആറ് സെഞ്ച്വറിയാണ് ടെസ്റ്റിലുള്ളത്.

ധോണിയുടെ പേരില്‍ ഓവര്‍സീസ് സെഞ്ച്വറിയില്ലാത്തതിന്റെ പേരില്‍ തല ആരാധകര്‍ ഏറെ പരിഹാസമേറ്റുവാങ്ങിയിട്ടുണ്ട്. അവിടെയും അശ്വിന്റെ പേര് ചേര്‍ത്താണ് മറ്റ് താരങ്ങളുടെ ആരാധകര്‍ ധോണി ആരാധകരെ കളിയാക്കിയിരുന്നത്. അശ്വിന് വരെ ഓവര്‍സീസ് സെഞ്ച്വറിയുണ്ട്, ധോണിക്ക് ഒന്നുപോലുമില്ലല്ലോ എന്നായിരുന്നു ഇവരുടെ ചോദ്യം. ഇപ്പോള്‍ ധോണിയുടെ ടെസ്റ്റ് സെഞ്ച്വറിക്കൊപ്പമെത്തിയതോടെ അവരുടെ പരിഹാസങ്ങള്‍ക്ക് മൂര്‍ച്ചയേറുമെന്നുമുറപ്പാണ്.

ധോണിക്ക് പുറമെ ആറ് ടെസ്റ്റ് സെഞ്ച്വറിയുള്ള ഇന്ത്യന്‍ ഇതിഹാസ താരം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിക്കൊപ്പമെത്താനും അശ്വിനായി.

ഇതിന് പുറമെ മറ്റ് പല നേട്ടങ്ങളും അശ്വിന്‍ ചെപ്പോക്കില്‍ സ്വന്തമാക്കി. ചെപ്പോക്കില്‍ തുടര്‍ച്ചയായ രണ്ട് ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത് താരമെന്ന നേട്ടവും മൂന്നാമത് ഇന്ത്യന്‍ താരമെന്ന നേട്ടവുമാണ് അശ്വിന്‍ സ്വന്തമാക്കിയത്.

2021 ഫെബ്രുവരിയിലാണ് അശ്വിന്‍ ചെപ്പോക്കില്‍ അവസാനമായി ടെസ്റ്റ് കളിച്ചത്. ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ 106 റണ്‍സാണ് താരം സ്വന്തമാക്കിയത്.

അശ്വിന് പുറമെ സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അലന്‍ ബോര്‍ഡര്‍, ദുലീപ് മെന്‍ഡിസ് എന്നിവരാണ് ഈ നേട്ടത്തിലെത്തിയ മറ്റ് താരങ്ങള്‍.

അതേസമയം, ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ 339ന് ആറ് എന്ന നിലയിലാണ് ഇന്ത്യ.

അശ്വിനും ജഡേജയ്ക്കും പുറമെ അര്‍ധ സെഞ്ച്വറി നേടിയ യശസ്വി ജെയ്സ്വാളാണ് ഇന്ത്യന്‍ നിരയില്‍ ആദ്യ ദിനം തിളങ്ങിയ മറ്റൊരു താരം. 118 പന്ത് നേരിട്ട് 56 റണ്‍സാണ് ജെയ്സ്വാള്‍ ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്. 52 പന്തില്‍ 39 റണ്‍സ് നേടിയ പന്തും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു.

ബംഗ്ലാദേശിനായി ഹസന്‍ മഹ്‌മൂദ് ആദ്യ ദിനം തന്നെ നാല് വിക്കറ്റ് നേടി. രോഹിത്തിനെയും വിരാടിനെയും അടക്കമാണ് മഹ്‌മൂദ് പവലിയനിലേക്ക് മടക്കിയത്. മെഹിദി ഹസന്‍ മിറാസ്, നാഹിദ് റാണ എന്നിവരാണ് ആദ്യ ദിവസം ബംഗ്ലാദേശിനായി വിക്കറ്റ് നേടിയ മറ്റ് താരങ്ങള്‍.

Content Highlight: IND vs BAN: R Ashwin equals MS Dhoni’s record

We use cookies to give you the best possible experience. Learn more