| Tuesday, 1st October 2024, 9:24 am

LHS = RHS; ക്രിക്കറ്റ് ചരിത്രത്തില്‍ ഒരുത്തന് പോലുമില്ലാത്ത ഐതിഹാസിക നേട്ടം, ആഷ് അണ്ണാ ന്നാ സുമ്മാവാ...

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്ന് എഡിഷനിലും 50 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ ബൗളറെന്ന റെക്കോഡും തന്റെ പേരിലെഴുതിച്ചേര്‍ത്താണ് അശ്വിന്‍ കുതിപ്പ് തുടരുന്നത്. ആദ്യ ഇന്നിങ്‌സില്‍ സൂപ്പര്‍ താരം ഷാകിബ് അല്‍ ഹസനെ മുഹമ്മദ് സിറാജിന്റെ കൈകളിലെത്തിച്ച് മടക്കിയതോടെയാണ് അശ്വിന്‍ ഈ ചരിത്ര നേട്ടത്തിലേക്ക് നടന്നുകയറിയത്.

ചെപ്പോക്കില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍, രണ്ടാം ടെസ്റ്റില്‍ നാല് വിക്കറ്റുമായി മുന്നേറുകയാണ്.

നാലാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്റെ രണ്ട് വിക്കറ്റുകള്‍ നേടിയാണ് അശ്വിന്‍ ഇന്ത്യയെ ഡ്രൈവിങ് സീറ്റിലിരുത്തിയത്.

നാലാം ദിനം ഹസന്‍ മഹ്‌മൂദിനെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ മറ്റൊരു നേട്ടവും അശ്വിനെ തേടിയെത്തി. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 സൈക്കിളില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരമെന്ന നേട്ടവും സ്വന്തമാക്കിയാണ് അശ്വിന്‍ കുതിക്കുന്നത്.

19 ഇന്നിങ്‌സില്‍ നിന്നും 52 വിക്കറ്റാണ് ഈ സൈക്കിളില്‍ അശ്വിന്‍ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ജോഷ് ഹെയ്‌സല്‍വുഡിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ടാണ് അശ്വിന്‍ ടേബിള്‍ ടോപ്പറായത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021-23 സൈക്കിളിലെ 13 മത്സരത്തില്‍ നിന്നും 61 വിക്കറ്റാണ് അശ്വിന്‍ പിഴുതെറിഞ്ഞത്. വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമനായിരുന്നു അശ്വിന്‍. എന്നാല്‍ ആദ്യ സൈക്കിളായ 2019-21ല്‍ 71 വിക്കറ്റുമായി ഒന്നാമനായിരുന്നു അശ്വിന്‍. ഒറ്റ വിക്കറ്റിന്റെ ബലത്തിലാണ് പാറ്റ് കമ്മിന്‍സിനെ രണ്ടാം സ്ഥാനത്തേക്ക് അശ്വിന്‍ തള്ളിയിട്ടത്.

ഇതിന് പുറമെ രണ്ടാം ഇന്നിങ്‌സിന്റെ നാലാം ദിനം അവസാനിച്ചപ്പോള്‍ തന്റെ വിക്കറ്റ് നേട്ടം 526 ആയി ഉയര്‍ത്താനും അശ്വിനായി. ഇതില്‍ 263 തവണ വലംകയ്യന്‍ ബാറ്റര്‍മാരെ പുറത്താക്കിയ അശ്വിന്‍, 263 തവണ തന്നെ ഇടം കയ്യന്‍ ബാറ്റര്‍മാരെയും പവലിയനിലേക്ക് തിരിച്ചയച്ചു.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പ് തന്റെ റൈവലായ നഥാന്‍ ലിയോണിനെ മറികടന്ന് ഒന്നാമത്തൊനുള്ള അവസരവും അശ്വിന് മുമ്പിലുണ്ട്. ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടുന്ന ആക്ടീവ് ക്രിക്കറ്റര്‍മാരുടെ പട്ടികയിലാണ് അശ്വിന് ലിയോണിനെ മറികടക്കാന്‍ സാധിക്കുക.

തന്റെ 102ാം ടെസ്റ്റ് മത്സരം കളിക്കുന്ന അശ്വിന്‍ ഇതിനോടകം തന്നെ 526 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 23.63 ശരാശരിയിലും 50.36 സ്‌ട്രൈക്ക് റേറ്റിലുമാണ് അശ്വിന്‍ പന്തെറിയുന്നത്. 37 ഫൈഫറും 25 ഫോര്‍ഫറുമാണ് താരത്തിന്റെ പേരിലുള്ളത്.

ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള നഥാന്‍ ലിയോണിന്റെ പേരില്‍ 530 ടെസ്റ്റ് വിക്കറ്റുകളാണ് ഉള്ളത്. 129 മത്സരത്തില്‍ നിന്നുമാണ് കങ്കാരുക്കളുടെ മോഡേണ്‍ ഡേ ലെജന്‍ഡ് വിക്കറ്റ് വീഴ്ത്തി മുന്നേറുന്നത്. 30.28 ശരാശരിയും 61.81 സ്‌ട്രൈക്ക് റേറ്റുമാണ് ലിയോണിന്റെ പേരിലുള്ളത്.

Content highlight: IND vs BAN: R Ashwin becomes first bowler to pick 50 wickets in all 3 cycles of World Test Championship

Latest Stories

We use cookies to give you the best possible experience. Learn more