ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20ക്കാണ് കളമൊരുങ്ങുന്നത്. ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയമാണ് രണ്ടാം ടി-20ക്ക് വേദിയാകാന്‍ ഒരുങ്ങുന്നത്.
ഗ്വാളിയോറില്‍ നടന്ന ആദ്യ മത്സരത്തില്‍ പുറത്തെടുത്ത അതേ ഡോമിനന്‍സ് രണ്ടാം മത്സരത്തിലും പുറത്തെടുത്ത് പരമ്പര വിജയിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. അതേസമയം, പരമ്പര നഷ്ടപ്പെടാതിരിക്കാനും പരമ്പര സജീവമായി നിലനിര്‍ത്താനും സന്ദര്‍ശകര്‍ക്ക് ദല്‍ഹിയില്‍ വിജയം അനിവാര്യമാണ്.
ആദ്യ മത്സരത്തില്‍ രണ്ട് താരങ്ങള്‍ക്ക് അരങ്ങേറ്റത്തിന് വഴിയൊരുങ്ങിയിരുന്നു. പരിക്കില്‍ നിന്നും മടങ്ങിയെത്തിയ മായങ്ക് യാദവും ഐ.പി.എല്ലില്‍ തിളങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ഇന്ത്യക്കായി തങ്ങളുടെ ആദ്യ അന്താരാഷ്ട്ര ടി-20 മത്സരം കളിച്ചത്.
എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇരുവര്‍ക്കും വിശ്രമം നല്‍കി മറ്റ് രണ്ട് താരങ്ങളെ കളത്തിലിറക്കാനുള്ള സാധ്യതകളുമുണ്ട്. സൂപ്പര്‍ താരം തിലക് വര്‍മയാണ് ഇതില്‍ ഒരാള്‍. നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം മിഡില്‍ ഓര്‍ഡറില്‍ തിലക് വര്‍മ സാന്നിധ്യമായേക്കും.
ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഹര്‍ഷിത് റാണയ്ക്ക് അരങ്ങേറ്റ മത്സരം നല്‍കാനുള്ള സാധ്യതകളും ദല്‍ഹിയിലുണ്ട്. മായങ്ക് യാദവിന് പകരമായാകും ഇന്ത്യ ഹര്‍ഷിത് റാണയെ കളത്തിലിറക്കുക.
പരിക്കില്‍ നിന്നും മടങ്ങിയെത്തിയ മായങ്ക് യാദവിന്റെ വര്‍ക് ലോഡ് ക്രിമീകരിക്കണമെന്ന് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ആര്‍.പി സിങ്ങും മായങ്ക് യാദവിന്റെ വര്‍ക് ലോഡിനെ കുറിച്ച് സംസാരിച്ചിരുന്നു.
അതേസമയം, ആദ്യ മത്സരത്തിലെ അതേ ഓപ്പണിങ് ജോഡിയെ തന്നെ കളത്തിലിറക്കാനാകും ഇന്ത്യയുടെ തീരുമാനം. സഞ്ജുവും അഭിഷേക് ശര്‍മയും തന്നെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. മൂന്നാം നമ്പറില്‍ സൂര്യ തുടരുമ്പോള്‍ നാലാം നമ്പറില്‍ തിലക് വര്‍മ ടീമിലെത്തും.