| Wednesday, 9th October 2024, 8:51 pm

കരിയറിലെ രണ്ടാം മത്സരത്തില്‍ കടത്തിവെട്ടിയത് ധോണിയെയും വിരാടിനെയും; റിങ്കു-റെഡ്ഡി ഷോയില്‍ വീണ് മഹിരാട്

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20 ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി. റിങ്കു സിങ്ങിന്റെയും നിതീഷ് കുമാര്‍ റെഡ്ഡിയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.

നിതീഷ് കുമാര്‍ റെഡ്ഡി 34 പന്തില്‍ 74 റണ്‍സ് നേടി. നാല് ഫോറും ഏഴ് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. കരിയറിലെ രണ്ടാമത് മാത്രം ടി-20ക്കായി കളത്തിലിറങ്ങിയ താരം 217.65 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് കരിയറിലെ ആദ്യ അന്താരാഷ്ട്ര അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

29 പന്തില്‍ 53 റണ്‍സാണ് റിങ്കു നേടിയത്. അഞ്ച് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ടീം സ്‌കോര്‍ 41ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് 149ലാണ് പിരിയുന്നത്.

നാലാം വിക്കറ്റിലെ കൊടുങ്കാറ്റ്

ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 108 റണ്‍സാണ് ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്. ഈ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഇരുവര്‍ക്കുമായി.

അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യക്കായി നാലാം വിക്കറ്റിലെ ഏറ്റവും മികച്ച മൂന്നാമത് കൂട്ടുകെട്ട് എന്ന നേട്ടത്തിലേക്കാണ് നിതീഷ് കുമാര്‍ റെഡ്ഡിയും റിങ്കു സിങ്ങും ചെന്നെത്തിയത്.

ടി-20യില്‍ ഇന്ത്യക്കായി ഏറ്റവുമുയര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട്

(റണ്‍സ് – താരങ്ങള്‍ – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

141* – ഋതുരാജ് ഗെയ്ക്വാദ് & തിലക് വര്‍മ – ഓസ്‌ട്രേലിയ – 2023

119 – ശ്രേയസ് അയ്യര്‍ & സൂര്യകുമാര്‍ യാദവ് – ഇംഗ്ലണ്ട് – 2022

108 – നിതീഷ് കുമാര്‍ റെഡ്ഡി & റിങ്കു സിങ് – ബംഗ്ലാദേശ് – 2024*

107 – എം.എസ്. ധോണി & കെ.എല്‍. രാഹുല്‍ – വെസ്റ്റ് ഇന്‍ഡീസ് – 2016

103 – ശുഭ്മന്‍ ഗില്‍ & ഹര്‍ദിക് പാണ്ഡ്യ – ന്യൂസിലാന്‍ഡ് – 2023

100 – എം.എസ്. ധോണി & വിരാട് കോഹ്‌ലി – ഓസ്‌ട്രേലിയ – 2019

തീ പാറിച്ച് താസ്‌കിന്‍ അഹമ്മദ്

നിതീഷ് കുമാറിന്റെയും റിങ്കുവിന്റെയും വെടിക്കെട്ട് പോലെ തന്നെ കയ്യടി നേടിയ പ്രകടനമാണ് ബംഗ്ലാ സൂപ്പര്‍ താരം താസ്‌കിന്‍ അഹമ്മദും പുറത്തെടുത്തത്. നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 16 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. സഞ്ജു സാംസണെയും റിങ്കു സിങ്ങിനെയുമാണ് താരം മടക്കിയത്.

റിഷാദ് ഹൊസൈന്‍ വാലറ്റക്കാരന്‍ അര്‍ഷ്ദീപ് സിങ്ങിന്റെ കയ്യില്‍ നിന്ന് വരെ അടിവാങ്ങിക്കൂട്ടിയെങ്കിലും മൂന്ന് വിക്കറ്റ് നേടി. ഇവര്‍ക്ക് പുറമെ മുസ്തഫിസുര്‍ റഹ്‌മാന്‍ തന്‍സിം ഹസന്‍ സാകിബ്, എന്നിവരും രണ്ട് വിക്കറ്റ് വീതം നേടി.

ദല്‍ഹി ടി-20യും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവകര്‍ത്തി, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്.

ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍

പര്‍വേസ് ഹൊസൈന്‍ എമോണ്‍, ലിട്ടണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), തൗഹിദ് ഹൃദോയ്, മഹ്‌മദുള്ള, ജാകിര്‍ അലി, മെഹ്ദി ഹസന്‍ മിറാസ്, റിഷാദ് ഹൊസൈന്‍, താസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, തന്‍സിം ഹസന്‍ സാകിബ്.

Content Highlight: IND vs BAN: Nitish Kumar Reddy and Rinku Singh in record achievement

We use cookies to give you the best possible experience. Learn more