| Monday, 30th September 2024, 1:08 pm

ഇതൊരു മോശം റെക്കോഡോ അതോ തകര്‍പ്പന്‍ നേട്ടമോ? ഇന്ത്യയില്‍ പോണ്ടിങ്ങിന്റെ വല്ലാത്തൊരു നേട്ടവും ഇനി ബംഗ്ലാ കടുവക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയിലാക്കാനുള്ള ശ്രമത്തിലാണ് ബംഗ്ലാദേശ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ദിവസം വെറും 35 ഓവര്‍ മാത്രമാണ് ബാറ്റ് ചെയ്യാന്‍ സാധിച്ചത്. രണ്ടാം ദിവസവും മൂന്നാം ദിവസവും മഴയെടുത്തതോടെ മത്സരം ഏറെക്കുറെ സമനിലയില്‍ തന്നെ കലാശിക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു.

നാലാം ദിനം ബംഗ്ലാദേശ് തങ്ങളുടെ ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ 200 കടത്തിയിരിക്കുകയാണ്. സെഞ്ച്വറി നേടിയ മോമിനുല്‍ ഹഖിന്റെ കരുത്തിലാണ് ബംഗ്ലാദേശ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നത്.

നേരിട്ട 172ാം പന്തില്‍ ഇന്ത്യന്‍ വെറ്ററന്‍ സൂപ്പര്‍ താരം ആര്‍. അശ്വിനെതിരെ ബൗണ്ടറി നേടിക്കൊണ്ടാണ് ഹഖ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പല റെക്കോഡ് നേട്ടങ്ങളും താരത്തെ തേടിയെത്തിയിരുന്നു. മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഇതിലൊന്ന്.

ഇന്ത്യന്‍ മണ്ണില്‍ അഞ്ചോ അതിലധികമോ ടെസ്റ്റ് മത്സരം ഇന്ത്യയില്‍ കളിക്കുകയും, ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടുന്നതിന് മുമ്പ് ഏറ്റവും മോശം ബാറ്റിങ് ശരാശരിയുണ്ടായിരുന്ന താരമെന്ന നേട്ടമാണ് ബംഗ്ലാ താരം സ്വന്തമാക്കിയത്.

കാണ്‍പൂര്‍ ടെസ്റ്റിന് മുമ്പ് എട്ട് ഇന്നിങ്‌സില്‍ നിന്നും 96 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ മണ്ണില്‍ താരത്തിന്റെ പേരിലുണ്ടായിരുന്നത്. 12.00 ആയിരുന്നു താരത്തിന്റെ ബാറ്റിങ് ശരാശരി.

ഇന്ത്യന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടുന്നതിന് മുമ്പ് റിക്കി പോണ്ടിങ്ങിന്റെ പ്രകടനവും ശരാശരിക്ക് താഴെയായിരുന്നു. 14 ഇന്നിങ്‌സില്‍ നിന്നും 172 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ മണ്ണിലെ ആദ്യ റെഡ് ബോള്‍ സെഞ്ച്വറിക്ക് മുമ്പ് പോണ്ടിങ്ങിന്റെ പേരിലുണ്ടായിരുന്നത്. 12.28 ആയിരുന്നു താരത്തിന്റെ ശരാശരി.

ഇതിന് പുറമെ മറ്റ് പല റെക്കോഡുകളും ഹഖ് തന്റെ പേരില്‍ കുറിച്ചു. ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന രണ്ടാമത് ബംഗ്ലാ ബാറ്റര്‍ എന്ന നേട്ടമാണ് ഇതിലൊന്ന്. 2017ല്‍ ഹൈദരാബാദില്‍ നടന്ന ഇന്ത്യ-ബംഗ്ലാദേശ് ബൈലാറ്ററല്‍ സീരീസില്‍ മുഷ്ഫിഖര്‍ റഹീമാണ് ഈ നേട്ടത്തിലെത്തിയ ആദ്യ താരം.

ഇതിന് പുറമെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കെതിരെ സെഞ്ച്വറി നേടുന്ന ആറാമത് ബംഗ്ലാദേശ് ബാറ്ററെന്ന നേട്ടവും താരം സ്വന്തമാക്കി. മുഹമ്മദ് അഷ്‌റഫുള്‍, തമീം ഇഖ്ബാല്‍, അമിനുള്‍ ഇസ്‌ലാം, സാക്കിര്‍ ഹസന്‍ എന്നിവരാണ് ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയ മറ്റ് ബംഗ്ലാദേശ് താരങ്ങള്‍.

Content highlight: IND vs BAN: Mominul Haque breaks Ricky Ponting’s unique record

Latest Stories

We use cookies to give you the best possible experience. Learn more