| Friday, 20th September 2024, 2:48 pm

കൊടുങ്കാറ്റായി തിരുത്തിക്കുറിച്ചത് സ്വന്തം കരിയര്‍; ഹര്‍ഭജനെ വീഴ്ത്തി, കുംബ്ലെയെ മറികടക്കാനായില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ സന്ദര്‍ശകര്‍ക്ക് ബാറ്റിങ് തകര്‍ച്ച. ഇന്ത്യ ഉയര്‍ത്തിയ ആദ്യ ഇന്നിങ്‌സ് ടോട്ടല്‍ മറികടന്ന് ലീഡ് ഉയര്‍ത്താന്‍ ശ്രമിച്ച ബംഗ്ലാദേശിന് പിഴച്ചിരിക്കുകയാണ്. രണ്ടാം ദിവസം ചായക്ക് പിരിയുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 112 എന്ന നിലയിലാണ്.

മൂന്ന് വിക്കറ്റുമായി ജസ്പ്രീത് ബുംറയാണ് ബംഗ്ലാദേശിനെ വരിഞ്ഞുമുറുക്കുന്നത്. ഓപ്പണര്‍ ഷദ്മാന്‍ ഇസ്‌ലാം, മുഷ്ഫിഖര്‍ റഹീം, ഹസന്‍ മഹ്‌മൂദ് എന്നിവരെയാണ് ബുംറ പുറത്താക്കിയത്.

രവീന്ദ്ര ജഡേജയും ആകാശ് ദീപും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് സിറാജാണ് ശേഷിക്കുന്ന വിക്കറ്റ് തന്റെ പേരില്‍ കുറിച്ചത്.

ബംഗ്ലാദേശ് ഇന്നിങ്‌സിലെ എട്ടാം വിക്കറ്റായി ഹസന്‍ മഹ്‌മൂദിനെ പുറത്താക്കിയതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ബുംറയെ തേടിയെത്തിയത്. അന്താരാഷ്ട്ര കരിയറിലെ 400ാം വിക്കറ്റാണ് ബുംറ ചെപ്പോക്കില്‍ സ്വന്തമാക്കിയത്.

ഈ നേട്ടത്തിലെത്തുന്ന 10ാമത് ഇന്ത്യന്‍ താരവും അഞ്ചാമത് പേസറുമാണ് ബുംറ.

അനില്‍ കുംബ്ലെ, ആര്‍. അശ്വിന്‍, ഹര്‍ഭജന്‍ സിങ്, കപില്‍ ദേവ്, സഹീര്‍ ഖാന്‍, രവീന്ദ്ര ജഡേജ, ജവഗല്‍ ശ്രീനാഥ്, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.

ടെസ്റ്റില്‍ 162 വിക്കറ്റ് വീഴ്ത്തിയ താരം ഏകദിനത്തില്‍ 149 തവണയും ടി-20യില്‍ 89 തവണയും എതിരാളികള്‍ക്ക് പവലിയനിലേക്കുള്ള വഴി കാണിച്ചുനല്‍കി.

ഇതോടെ മറ്റൊരു റെക്കോഡും ബുംറയുടെ പേരില്‍ കുറിക്കപ്പെട്ടു. ഏറ്റവും കുറവ് ഇന്നിങ്‌സില്‍ ഇന്ത്യക്കായി 400 അന്താരാഷ്ട്ര വിക്കറ്റ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ അഞ്ചാമനായി ഇടം നേടാനും ബുംറക്കായി.

ഏറ്റവും വേഗത്തില്‍ 400 അന്താരാഷ്ട്ര വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരങ്ങള്‍ (കളിച്ച മത്സരത്തിന്റെ അടിസ്ഥാനത്തില്‍)

(താരം – മത്സരം എന്നീ ക്രമത്തില്‍)

ആര്‍. അശ്വിന്‍ – 216

കപില്‍ ദേവ് – 220

മുഹമ്മദ് ഷമി – 224

അനില്‍ കുംബ്ലെ – 226

ജസ്പ്രീത് ബുംറ – 227*

ഹര്‍ഭജന്‍ സിങ് – 237

അതേസമയം, ഫോളോ ഓണ്‍ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ബംഗ്ലാദേശ്. 65 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് അടുത്ത രണ്ട് വിക്കറ്റ് കൂടി നഷ്ടപ്പെട്ടാല്‍ ബംഗ്ലാദേശ് ഫോളോ ഓണിനിറങ്ങാന്‍ നിര്‍ബന്ധിതരാകും.

Content highlight: IND vs BAN: Jasprit Bumrah picks 400 international wickets

We use cookies to give you the best possible experience. Learn more