പരമ്പര, പ്രതിഷ്ഠ, അനുശാസന; ബൗളര്‍മാരുടെ കരുത്തില്‍ ഇത് 30ാം തവണ; സ്വന്തം റെക്കോഡ് വീണ്ടും തിരുത്തി ഇന്ത്യ
Sports News
പരമ്പര, പ്രതിഷ്ഠ, അനുശാസന; ബൗളര്‍മാരുടെ കരുത്തില്‍ ഇത് 30ാം തവണ; സ്വന്തം റെക്കോഡ് വീണ്ടും തിരുത്തി ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 1st October 2024, 1:34 pm

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 95 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സ് സന്ദര്‍ശകരെ വെറും 146ന് പുറത്താക്കിയാണ് ഇന്ത്യ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്നത്.

ആര്‍. അശ്വിന്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരുടെ ബൗളിങ് കരുത്തിലാണ് ഇന്ത്യ ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്. മൂവരും മൂന്ന് വിക്കറ്റ് വീതം നേടി. ആകാശ് ദീപാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

സാക്കിര്‍ ഹസന്‍, ഹസന്‍ മഹ്‌മൂദ്, മോമിനുല്‍ ഹഖ് എന്നിവരെ അശ്വിന്‍ മടക്കിയപ്പോള്‍ ലിട്ടണ്‍ ദാസ്, ഷാകിബ് അല്‍ ഹസന്‍, ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ എന്നിവരെ ജഡേജയും മടക്കി.

ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ നിരിയില്‍ ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞത്. അഞ്ച് മെയ്ഡന്‍ അടക്കം പത്ത് ഓവര്‍ പന്തെറിഞ്ഞ താരം വെറും 17 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. 1.70 ആണ് താരത്തിന്റെ എക്കോണമി. മുഷ്ഫിഖര്‍ റഹാം, മെഹ്ദി ഹസന്‍ മിറാസ്, തൈജുല്‍ ഇസ്‌ലാം എന്നിവരെയാണ് ബുംറ പുറത്താക്കിയത്.

ഓപ്പണര്‍ ഷദ്മാന്‍ ഇസ്‌ലാമിന്റെ വിക്കറ്റാണ് ആകാശ് ദീപ് സ്വന്തമാക്കിയത്.

എതിരാളികളെ വെറും 146ന് പുറത്താക്കിയതോടെ സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ് ഇന്ത്യ. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം തവണ എതിരാളികളെ 200 റണ്‍സിന് താഴെ പുറത്താക്കുന്ന ടീമുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ.

ഇത് മുപ്പതാം തവണയാണ് ഇന്ത്യ എതിരാളികളെ കുഞ്ഞന്‍ സ്‌കോറില്‍ തളയ്ക്കുന്നത്. രണ്ടാമതുള്ള ഓസ്‌ട്രേലിയയേക്കാള്‍ എത്രയോ മുമ്പിലാണ് ഇന്ത്യയുടെ സ്ഥാനം.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം തവണ എതിരാളികളെ 200 റണ്‍സില്‍ താഴെ പുറത്താക്കുന്ന ടീമുകള്‍

(ടീം – എത്ര തവണ എന്നീ ക്രമത്തില്‍)

ഇന്ത്യ – 30*

ഓസ്‌ട്രേലിയ – 20

ഇംഗ്ലണ്ട് – 19

സൗത്ത് ആഫ്രിക്ക – 15

ന്യൂസിലാന്‍ഡ് – 13

ശ്രീലങ്ക – 9

വെസ്റ്റ് ഇന്‍ഡീസ് – 7

ബംഗ്ലാദേശ് – 7

പാകിസ്ഥാന്‍ – 6

അതേസമയം, ലഞ്ചിന് ശേഷം രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ രണ്ട് വിക്കറ്റുകള്‍ നേടി ബംഗ്ലാദേശ് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ആ ശ്രമം ഫലവത്താകാനുള്ള സാധ്യത തുലോം കുറവാണ്.

നിലവില്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 12 പന്തില്‍ 20 റണ്‍സുമായി ജെയ്‌സ്വാളും ഒരു പന്തില്‍ ഒരു റണ്ണുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസല്‍.

രോഹിത് ശര്‍മ (ഏഴ് പന്തില്‍ എട്ട്), ശുഭ്മന്‍ ഗില്‍ (പത്ത് പന്തില്‍ ആറ്) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

 

 

Content highlight: IND vs BAN: India tops the list of most times bowling-out the Opponent below 200 in WTC