ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിരിക്കുകയാണ്. മത്സരം അവസാനിക്കാന്‍ ഒരു ദിവസത്തിലധികം മാത്രം ബാക്കി നില്‍ക്കവെയാണ് ഇന്ത്യ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയിരിക്കുന്നത്.
ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ വെടിക്കെട്ട് പുറത്തെടുത്താണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ബംഗ്ലാദേശിനെ ആക്രമിച്ചത്. ആദ്യ ഓവര്‍ എറിഞ്ഞ ഹസന്‍ മഹ്‌മൂദിനെ അടിച്ചുതുടങ്ങിയ ജെയ്ഹിത് സഖ്യം 18ാം പന്തില്‍ തന്നെ ടീം സ്‌കോര്‍ 50 കടത്തി.
ഹസന്‍ മഹ്‌മൂദ് എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് ഫോറടക്കം 12 റണ്‍സാണ് പിറന്നത്. രണ്ടാം ഓവര്‍ എറിയാനെത്തിയ ഖാലെദ് അഹമ്മദിനായിരുന്നു തല്ലുകൊള്ളാനുള്ള അടുത്ത ഊഴം. രണ്ട് സിക്‌സറും ഒരു ഫോറും അടക്കം 19 റണ്‍സാണ് ആ ഓവറില്‍ പിറന്നത്.
പന്തുമായി വീണ്ടുമെത്തിയ ഹസന്‍ മഹ്‌മൂദ് വീണ്ടും അടി വാങ്ങിക്കൂട്ടി. രണ്ട് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 22 റണ്‍സാണ് രോഹിത്തും ജെയ്‌സ്വാളും ചേര്‍ന്ന് മൂന്നാം ഓവറില്‍ നിന്ന് മാത്രമായി അടിച്ചെടുത്തത്.
ഇതോടെ ഒരു റെക്കോഡ് നേട്ടവും ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെട്ടു. ടെസ്റ്റ് ചരിത്രത്തിലെ ഫാസ്റ്റസ്റ്റ് ടീം ഫിഫ്റ്റി എന്ന നേട്ടമാണ് ഇന്ത്യ കുറിച്ചത്. ഈ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ ബെന്‍ സ്റ്റോക്‌സിന്റെ വെടിക്കെട്ടില്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയ റെക്കോഡാണ് ഇന്ത്യ തങ്ങളുടെ പേരിലേക്ക് മാറ്റിയെഴുതിയത്.
ടെസ്റ്റ് ഫോര്‍മാറ്റിലെ വേഗതയേറിയ ടീം 50
(ടീം – എതിരാളികള്‍ – ഓവര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ഇന്ത്യ – ബംഗ്ലാദേശ് – 3.0 ഓവര്‍ – 2024*
ഇംഗ്ലണ്ട് – വെസ്റ്റ് ഇന്‍ഡീസ് – 4.2 ഓവര്‍ – 2024
ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക – 4.3 ഓവര്‍ – 1994
ഇംഗ്ലണ്ട് – ശ്രീലങ്ക – 5.0 ഓവര്‍ – 2002
ശ്രീലങ്ക – പാകിസ്ഥാന്‍ – 5.2 ഓവര്‍ – 2004
നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 11 പന്തില്‍ 23 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 209.09 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
അര്‍ധ സെഞ്ച്വറി നേടിയ യശസ്വി ജെയ്‌സ്വാളിന്റെ കരുത്തിലാണ് ഇന്ത്യ മുമ്പോട്ട് കുതിക്കുന്നത്. ജെയ്‌സ്വാള്‍ 34 പന്തില്‍ 55 റണ്‍സ് നേടി. 11 ഫോറും ഒരു സിക്‌സറും അടക്കമാണ് താരം ബാറ്റിങ് തുടരുന്നത്. പത്ത് പന്തില്‍ പത്ത് റണ്‍സുമായി ശുഭ്മന്‍ ഗില്ലാണ് ക്രീസില്‍ തുടരുന്ന മറ്റൊരു താരം.
നേരത്തെ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 233 റണ്‍സാണ് നേടിയത്. സൂപ്പര്‍ താരം മോമിനുള്‍ ഹഖിന്റെ സെഞ്ച്വറി കരുത്തിലാണ് ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
194 പന്ത് നേരിട്ട് പുറത്താകാതെ 107 റണ്‍സാണ് താരം നേടിയത്. 17 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു മോമിനുള്‍ ഹഖിന്റെ ഇന്നിങ്‌സ്.
57 പന്തില്‍ 31 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയാണ് ടീമിന്റെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടി. ആകാശ് ദീപ്, ആര്‍. അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.
Content Highlight: IND vs BAN: India registered fastest team 50 in test history