| Tuesday, 1st October 2024, 2:03 pm

എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കുക? ഇടിമിന്നലായി ഇന്ത്യ,ഐതിഹാസിക ജയം; ഒന്നാം സ്ഥാനത്തേക്ക് ആരും കണ്ണുവെക്കേണ്ട

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് വിജയം. ഗ്രീന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 95 റണ്‍സിന്റെ വിജയലക്ഷ്യം അനായാസം മറികടന്നാണ് ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയത്. ഇതിന് പിന്നാലെ പരമ്പര 2-0ന് സ്വന്തമാക്കാനും ഇന്ത്യക്കായി.

സ്‌കോര്‍

ബംഗ്ലാദേശ്: 233 & 146

ഇന്ത്യ: 285/9d & 98/2

മഴകാരണം രണ്ടര ദിവസത്തിലധികം നഷ്ടമായ മത്സരം സമനിലയില്‍ കലാശിക്കുമെന്നാണ് നാലാം ദിവസം ഇന്ത്യ ബാറ്റിങ്ങിനിറങ്ങും മുമ്പ് വരെ കടുത്ത ആരാധകരും അനലിസ്റ്റുകളും കരുതിയിരുന്നത്. എന്നാല്‍ അവരെയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു ഇന്ത്യയുടെ സ്ട്രാറ്റജി.

നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്‌സ് അവസാനിക്കുന്നത് നാലാം ദിനം ലഞ്ചിന് ശേഷമാണ്. സൂപ്പര്‍ താരം മോമിനുള്‍ ഹഖിന്റെ സെഞ്ച്വറി കരുത്തിലാണ് ബംഗ്ലാദേശ് സ്‌കോര്‍ ഉയര്‍ത്തിയത്.

194 പന്ത് നേരിട്ട് പുറത്താകാതെ 107 റണ്‍സാണ് താരം നേടിയത്. ഇതോടെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കെതിരെ സെഞ്ച്വറി നേടുന്ന ആറാമത് ബംഗ്ലാ താരമെന്ന നേട്ടവും ഇന്ത്യയില്‍ ഇന്ത്യക്കെതിരെ സെഞ്ച്വറി നേടുന്ന രണ്ടാമത് ബംഗ്ലാദേശ് താരമെന്ന നേട്ടവും ഹഖിനെ തേടിയെത്തി.

31 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയാണ് ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിനായി സ്‌കോര്‍ ചെയ്ത മറ്റൊരു താരം.

ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ആകാശ് ദീപ്, അശ്വിന്‍, സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ജഡേജയാണ് ശേഷിച്ച വിക്കറ്റ് സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്‌സില്‍ 35 ഓവറില്‍ താഴെ മാത്രം ബാറ്റ് ചെയ്ത ഇന്ത്യ 285ന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും 52 റണ്‍സിന്റെ ലീഡ് നേടുകയും ചെയ്തു.

ഈ ഇന്നിങ്സില്‍ ഇന്ത്യ പല റെക്കോഡുകളും സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റിലെ വേഗതയേറിയ 50, 100, 150, 200, 250 തുടങ്ങിയ ടീം സ്‌കോര്‍ എന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മൂന്ന് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ 50 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്ത ഇന്ത്യ 10.1 ഓവറില്‍ 100 റണ്‍സ് മാര്‍ക്കും 18.2 ഓവറില്‍ 150 റണ്‍സ് മാര്‍ക്കും മറികടന്നു. 24.2 ഓവറിലാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 200 റണ്‍സ് പിറന്നത്. അധികം വൈകാതെ 30.1 ഓവറില്‍ 250 റണ്‍സും ഇന്ത്യ മറികടന്നു.

യുവതാരം യശസ്വി ജെയ്സ്വാളിന്റെയും കെ.എല്‍. രാഹുലിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയത്.

ഒടുവില്‍ 285ന് ഒമ്പത് എന്ന നിലയില്‍ നില്‍ക്കവെ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.

ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ മിറാസും ഷാകിബ് അല്‍ ഹസനും നാല് വിക്കറ്റ് വീതം നേടി. ഹസന്‍ മഹ്‌മൂദാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ 146ല്‍ എറിഞ്ഞിട്ട് ഇന്ത്യ വിജയത്തിലേക്ക് കുതിച്ചു.

ആര്‍. അശ്വിന്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരുടെ ബൗളിങ് കരുത്തിലാണ് ഇന്ത്യ ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്. മൂവരും മൂന്ന് വിക്കറ്റ് വീതം നേടി. ആകാശ് ദീപാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

അര്‍ധ സെഞ്ച്വറി നേടിയ ഷദ്മന്‍ ഇസ്‌ലാമാണ് ബംഗ്ലാ നിരയില്‍ ചെറുത്തുനിന്നത്.

ഈ വിജയത്തോടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 75നോട് അടുപ്പിച്ച് പോയിന്റ് ശതമാനവുമായാണ് ഇന്ത്യ ഒന്നാം സ്ഥാനം കൈവിടാതെ കാത്തത്.

കാണ്‍പൂര്‍ ടെസ്റ്റും പരാജയപ്പെട്ടതോടെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇതുവരെ ഇന്ത്യയോട് ജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന ബംഗ്ലാദേശിന്റെ നാണക്കേട് തുടരുകയാണ്. ഈ പര്യടനത്തിന് തൊട്ടുമുമ്പ് പാകിസ്ഥാനെ അവരുടെ തട്ടകത്തിലെത്തി ക്ലീന്‍ സ്വീപ് ചെയ്ത് വന്ന ബംഗ്ലാദേശ് ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുമെന്ന് കരുതിയെങ്കിലും രോഹിത്തും സംഘവും അനായാസം പരമ്പര വിജയം പിടിച്ചടക്കുകയായിരുന്നു.

Content highlight: IND vs BAN: India defeated Bangladesh in 2nd test and bags the series 2-0

We use cookies to give you the best possible experience. Learn more