|

ഇന്ത്യയെ എറിഞ്ഞിട്ട് നേടിയത് ചരിത്ര നേട്ടം; ഭാവിയില്‍ ഉയര്‍ന്നുകേള്‍ക്കുക ഇവന്റെ ഗര്‍ജനം

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരം ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

സൂപ്പര്‍ താരം ആര്‍. അശ്വിന്റെ സെഞ്ച്വറിയും രവീന്ദ്ര ജഡേജ, യശസ്വി ജെയ്‌സ്വാള്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 376 റണ്‍സാണ് ഇന്ത്യ നേടിയത്.

അശ്വിന്‍ 133 പന്തില്‍ 113 റണ്‍സ് നേടി. 11 ഫോറും രണ്ട് സിക്‌സറും അടക്കം 84.96 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം കരിയറിലെ ആറാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ജഡേജ 124 പന്തില്‍ 86 റണ്‍സ് നേടിയപ്പോള്‍ 118 പന്തില്‍ നിന്നും 56 റണ്‍സാണ് ജെയ്‌സ്വാള്‍ നേടിയത്.

അശ്വിനൊപ്പം തന്നെ ആദ്യ ഇന്നിങ്‌സില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ബംഗ്ലാ സൂപ്പര്‍ താരം ഹസന്‍ മഹ്‌മൂദിന്റെ പേരാണ്. ആദ്യ ദിനം തന്നെ ഇന്ത്യയെ വമ്പന്‍ സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടത് കടുവകളുടെ 24കാരനായ യുവ പേസറാണ്.

രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, റിഷബ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരെയാണ് താരം പുറത്താക്കിയത്. 22.2 ഓവറില്‍ 83 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് നേടിയത്. താരത്തിന്റെ കരിയറിലെ രണ്ടാം ഫൈഫറാണിത്.

ഈ അഞ്ച് വിക്കറ്റ് നേട്ടത്തോടെ പല നേട്ടങ്ങളും താരം സ്വന്തമാക്കി. ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ബംഗ്ലാദേശ് താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഷാകിബ് അല്‍ ഹസന്‍ അടക്കമുള്ളവര്‍ക്ക് സാധിക്കാത്ത ചരിത്ര നേട്ടമാണ് തന്റെ കരിയറിലെ നാലാം ടെസ്റ്റില്‍ ഹസന്‍ മഹ്‌മൂദ് ചെയ്തുകണിച്ചത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഹസന്‍ മഹ്‌മൂദ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ബംഗ്ലാദേശിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തിലാണ് താരം കരിയറിലെ ആദ്യ ഫൈഫര്‍ നേടുന്നത്.

സൂപ്പര്‍ താരങ്ങളായ അബ്ദുള്ള ഷഫീഖ്, ഖുറാം ഷഹസാദ്, വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് അലി, മിര്‍ ഹംസ എന്നിവരെയാണ് തന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടത്തിനായി താരം പുറത്താക്കിയത്.

ഇതിനൊപ്പം തന്നെ ബംഗ്ലാദേശിനായി ടെസ്റ്റ് ഫോര്‍മാറ്റില്‍ മള്‍ട്ടിപ്പിള്‍ ഫൈഫര്‍ നേടുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റില്‍ ഇടം നേടാനും ഹസന്‍ മഹ്‌മൂദിനായി.

അതേസമയം, ആദ്യ ഇന്നിങ്‌സിനിറങ്ങിയ ബംഗ്ലാദേശിനും തുടക്കം പാളി. രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റിന് 26 എന്ന നിലയിലാണ് ബംഗ്ലാദേശ്. ഷദ്മാന്‍ ഇസ്ലാം (ആറ് പന്തില്‍ രണ്ട്), സാക്കിര്‍ ഹസന്‍ (22 പന്തില്‍ മൂന്ന്), മോമിനുല്‍ ഹഖ് (ഗോള്‍ഡന്‍ ഡക്ക്) എന്നിവരുടെ വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്. ആകാശ് ദീപ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറയാണ് മൂന്നാം വിക്കറ്റ് നേടിയത്.

22 പന്തില്‍ 15 റണ്‍സുമായി ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും നാല് പന്തില്‍ നാല് റണ്‍സുമായി മുഷ്ഫിഖര്‍ റഹീമുമാണ് ക്രീസില്‍.

Content Highlight: IND vs BAN: Hasan Mahmud becomes the first ever Bangladesh player to pick 5 wicket haul in India