ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം ചെപ്പോക്കില്‍ തുടരുകയാണ്. മത്സരത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 81ന് മൂന്ന് എന്ന നിലയില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുകയാണ്. നിലവില്‍ 308 റണ്‍സിന് ഇന്ത്യ മുമ്പിലാണ്.
64 പന്തില്‍ 34 റണ്‍സുമായി ശുഭ്മന്‍ ഗില്ലും 13 പന്തില്‍ 12 റണ്‍സുമായി റിഷബ് പന്തുമാണ് രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ക്രീസില്‍ തുടരുന്നത്. യശസ്വി ജെയ്‌സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരുടെ വിക്കറ്റാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് നഷ്ടമായത്.
Stumps on Day 2 in Chennai!#TeamIndia move to 81/3 in the 2nd innings, lead by 308 runs 👌👌
ആദ്യ ഇന്നിങ്‌സിലേതെന്ന പോലെ വലിയ ചലനങ്ങളൊന്നും ഉണ്ടാക്കാതെയാണ് രണ്ടാം ഇന്നിങ്‌സിലും വിരാട് കോഹ്‌ലി പുറത്തായത്. 37 പന്ത് നേരിട്ട് 17 റണ്‍സാണ് വിരാട് നേടിയത്.
സ്‌കോര്‍ ബോര്‍ഡിലേക്ക് കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ഇന്റര്‍നെറ്റില്‍ വൈറലാകാന്‍ രണ്ടാം ദിനം വിരാടിന് സാധിച്ചിരുന്നു. ബംഗ്ലാദേശ് സൂപ്പര്‍ താരം ഷാകിബ് അല്‍ ഹസനുമായുള്ള രസകരമായ സംഭാഷണമാണ് ക്രിക്കറ്റ് ആരാധകരില്‍ അതിവേഗം ചര്‍ച്ചയായത്.
നീ മലിംഗയെ പോലെയാണ് പന്തെറിയുന്നതെന്ന് വിരാട് ഷാകിബിനോട് പറയുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വിരാടിന്റെ ഫണ്ണി ബാന്റര്‍ ആ രീതിയില്‍ തന്നെയാണ് ഷാകിബും എടുത്തത്. ഇത് പറഞ്ഞതിന് ശേഷം താരങ്ങള്‍ ചിരിക്കുന്നതും സ്റ്റംപ് മൈക്ക് ഒപ്പിയെടുത്തിരുന്നു.
‘മലിംഗയാവുകയാണോ, ഒന്നിന് പിന്നാലെ ഒന്നായി യോര്‍ക്കര്‍ എറിയുകാണോ’ എന്നാണ് വിരാട് ചിരിച്ചുകൊണ്ട് ചോദിച്ചത്.
അതേസമയം, ആദ്യ ടെസ്റ്റില്‍ വിജയം സ്വന്തമാക്കി പരമ്പരയില്‍ മുമ്പിലെത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ചെപ്പോക് ടെസ്റ്റില്‍ ഇന്ത്യ വിജയിക്കാനുള്ള സാധ്യതകളേറെയാണ്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 376 റണ്‍സ് നേടി. ഹോം ടൗണ്‍ ഹീറോ രവിചന്ദ്രന്‍ അശ്വിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോറിലെത്തിയത്.
133 പന്തില്‍ നിന്നും 113 റണ്‍സാണ് അശ്വിന്‍ ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്. താരത്തിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണിത്. അശ്വിന് പുറമെ 86 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയും 56 റണ്‍സ് നേടിയ യശസ്വി ജെയ്സ്വാളും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.
ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് ടോട്ടല്‍ മറികടന്ന് ലീഡ് നേടാന്‍ ഒരുങ്ങിയെത്തിയ ബംഗ്ലാദേശിനെ ബുംറയുടെ നേതൃത്വത്തില്‍ ഇന്ത്യ 149 റണ്‍സിന് എറിഞ്ഞിട്ടു. ബുംറ നാല് വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.