ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് അവസാന ദിവസത്തിലേക്ക് കടക്കുകയാണ്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ബംഗ്ലാദേശ് നിലവില്‍ 26 റണ്‍സിന് പിറകിലാണ്. ഒരു ദിവസം ശേഷിക്കെ മത്സരം സമനിലയിലാക്കാനാണ് സന്ദര്‍ശകര്‍ കിണഞ്ഞു ശ്രമിക്കുന്നത്.
നാലാം ദിവസം ലഞ്ചിന് ശേഷം മാത്രമാണ് ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചത്. ഇന്ത്യയുടെ ബാറ്റിങ് ആരംഭിക്കുന്നത് വരെ കടുത്ത ആരാധകര്‍ പോലും മത്സരം സമനിലയിലാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ എതിരാളികളുടെയും ആരാധകരുടെയും പ്രതീക്ഷ അപ്പാടെ തെറ്റിച്ച് ഇന്ത്യ ബാറ്റ് വീശി.
35 ഓവറില്‍ താഴെ മാത്രം ബാറ്റ് ചെയ്ത ഇന്ത്യ 52 റണ്‍സിന്റെ ലീഡ് നേടി എതിരാളികളെ നാലാം ദിവസം തന്നെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനയച്ചു. അവസാന ദിവസം ബംഗ്ലാദേശിനെ പുറത്താക്കി വിജയം സ്വന്തമാക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നത്.
ഇന്ത്യയുടെ വിജയം ആരാധകര്‍ സ്വപ്‌നം കാണുന്നുണ്ടെങ്കിലും അവരുടെ മനസില്‍ ചെറിയ പേടിയും ഉടലെടുക്കുന്നുണ്ട്. കാലാവസ്ഥ ചതിക്കുമോ എന്നതാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്.
മോശം കാലാവസ്ഥ മൂലം ആദ്യ ദിവസം വെറും 35 ഓവര്‍ മാത്രമാണ് എറിയാന്‍ സാധിച്ചത്. രണ്ടാം ദിനവും മൂന്നാം ദിനവും പൂര്‍ണമായി വാഷ് ഔട്ടായിരുന്നു. അഞ്ചാം ദിവസവും മഴ വില്ലനായെത്തിയാല്‍ ഇന്ത്യ ഇന്നലെ പുറത്തെടുത്ത റെക്കോഡ് ബ്രേക്കിങ് ഇന്നിങ്‌സിന് അര്‍ത്ഥമില്ലാതെ പോകും.
എന്നാല്‍ നിലവില്‍ കാലാവസ്ഥ തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മഴ പെയ്യാനുള്ള സാധ്യതളില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
അതേസമയം, ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ പല റെക്കോഡുകളും സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റിലെ വേഗതയേറിയ 50, 100, 150, 200, 250 തുടങ്ങിയ ടീം സ്‌കോര്‍ എന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.
മൂന്ന് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ 50 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്ത ഇന്ത്യ 10.1 ഓവറില്‍ 100 റണ്‍സ് മാര്‍ക്കും 18.2 ഓവറില്‍ 150 റണ്‍സ് മാര്‍ക്കും മറികടന്നു. 24.2 ഓവറിലാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 200 റണ്‍സ് പിറന്നത്. അധികം വൈകാതെ 30.1 ഓവറില്‍ 250 റണ്‍സും ഇന്ത്യ മറികടന്നു.
യുവതാരം യശസ്വി ജെയ്‌സ്വാളിന്റെ വെടിക്കെട്ടാണ് ഇന്ത്യക്ക് ആദ്യ ഇന്നിങ്‌സ് ലീഡ് സമ്മാനിച്ചത്. 51 പന്തില്‍ 71 റണ്‍സാണ് താരം അടിച്ചെടുത്തത്. 12 ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ജെയ്‌സ്വാളിന് പുറമെ അര്‍ധ സെഞ്ച്വറി നേടിയ കെ.എല്‍. രാഹുലും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി. 43 പന്ത് നേരിട്ട് 68 റണ്‍സ് നേടിയാണ് താരം പുറത്തായത്. 35 പന്തില്‍ 47 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയും 36 പന്തില്‍ 39 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലും തങ്ങളുടെ സംഭാവനകളും സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തു.
ഒടുവില്‍ 285ന് ഒമ്പത് എന്ന നിലയില്‍ നില്‍ക്കവെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ മിറാസും ഷാകിബ് അല്‍ ഹസനും നാല് വിക്കറ്റ് വീതം നേടി. ഹസന്‍ മഹ്‌മൂദാണ് ശേഷിച്ച വിക്കറ്റ് നേടിയത്.
അതേസമയം, രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നാലാം ദിവസം അവസാനിക്കുമ്പോള്‍ 26ന് രണ്ട് എന്ന നിലയിലാണ്. സാക്കിര്‍ ഹസന്റെയും ഹസന്‍ മഹ്‌മൂദിന്റെയും വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്. അശ്വിനാണ് ഇരുവരെയും മടക്കിയത്.
40 പന്തില്‍ ഏഴ് റണ്‍സുമായി ഓപ്പണര്‍ ഷദ്മാന്‍ അസ്‌ലം, രണ്ട് പന്തില്‍ റണ്ണൊന്നുമെടുക്കാതെ മോമിനുല്‍ ഹഖ് എന്നിവരാണ് ക്രീസില്‍.
Content Highlight: IND vs BAN: Fans in the rain on the last day of Kanpur test