ബുംറ ഏറെ പിന്നില്‍, ഒറ്റയടിക്ക് വെട്ടിയത് മൂന്ന് സൂപ്പര്‍ താരങ്ങളെ; ഐതിഹാസിക നേട്ടത്തില്‍ അര്‍ഷ്ദീപ്
Sports News
ബുംറ ഏറെ പിന്നില്‍, ഒറ്റയടിക്ക് വെട്ടിയത് മൂന്ന് സൂപ്പര്‍ താരങ്ങളെ; ഐതിഹാസിക നേട്ടത്തില്‍ അര്‍ഷ്ദീപ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 7th October 2024, 9:26 am

 

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ സന്ദര്‍ശകരെ പരാജയപ്പെടുത്തിയാണ് ആതിഥേയര്‍ തിളങ്ങിയത്. ഗ്വാളിയോറില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സിന്റെ വിജയലക്ഷ്യം 49 പന്ത് ബാക്കി നില്‍ക്കെ സൂര്യകുമാറും സംഘവും മറികടക്കുകയായിരുന്നു.

ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിങ്ങും വരുണ്‍ ചക്രവര്‍ത്തിയും തിളങ്ങിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ എന്നിവരുടെ ബാറ്റിങ് കരുത്തില്‍ ഇന്ത്യ ജയിച്ചുകയറി.

മൂന്ന് വിക്കറ്റുമായി തിളങ്ങിയ അര്‍ഷ്ദീപ് സിങ്ങിനെയാണ് മത്സരത്തിലെ താരമായി തെരഞ്ഞെടുത്തത്. 3.5 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് അര്‍ഷ്ദീപ് തിളങ്ങിയത്. ഓപ്പണര്‍മാരായ ലിട്ടണ്‍ ദാസ്, പര്‍വേസ് ഹൊസൈന്‍ എമോണ്‍, സ്റ്റാര്‍ പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നിവരെയാണ് താരം മടക്കിയത്.

ഈ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും അര്‍ഷ്ദീപിനെ തേടിയെത്തി. അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യക്കായി ഏറ്റവുമധികം തവണ മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്. ഇത് 11ാം തവണയാണ് അര്‍ഷ്ദീപിന്റെ പേരില്‍ ത്രീഫര്‍ കുറിക്കപ്പെടുന്നത്.

പത്ത് തവണ ഇന്ത്യക്കായി ടി-20യില്‍ മൂന്ന് വിക്കറ്റ് പ്രകടനം കാഴ്ചവെച്ച യൂസ്വേന്ദ്ര ചഹല്‍, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവരുടെ റെക്കോഡ് മറികടന്നാണ് അര്‍ഷ്ദീപ് റെക്കോഡിട്ടത്.

ഇന്ത്യക്കായി ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ മൂന്ന് വിക്കറ്റ് നേടിയ താരങ്ങള്‍

(താരം – എത്ര തവണ എന്നീ ക്രമത്തില്‍)

അര്‍ഷ്ദീപ് സിങ് – 11 തവണ

യൂസ്വേന്ദ്ര ചഹല്‍ – 10 തവണ

കുല്‍ദീപ് യാദവ് – 10 തവണ

ഹര്‍ദിക് പാണ്ഡ്യ – 10 തവണ

ഭുവനേശ്വര്‍ കുമാര്‍ – 8 തവണ

ജസ്പ്രീത് ബുംറ – 7 തവണ

ആര്‍. അശ്വിന്‍ – 7 തവണ

അക്‌സര്‍ പട്ടേല്‍ – 7 തവണ

 

അതേസമയം, ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് ലീഡ് നേടിയിരിക്കുകയാണ് ഇന്ത്യ. ഒക്ടോബര്‍ ഒമ്പതിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയമാണ് വേദി.

 

Content Highlight: IND vs BAN: Arshdeep Singh tops the list of most 3fers for India in T20I format