സഞ്ജൂ നീ ഖേദിക്കും; രൂക്ഷ വിമര്‍ശനവുമായി മുന്‍ സൂപ്പര്‍ താരം
Sports News
സഞ്ജൂ നീ ഖേദിക്കും; രൂക്ഷ വിമര്‍ശനവുമായി മുന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 10th October 2024, 6:14 pm

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20യും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ 86 റണ്‍സിന് തകര്‍ത്തെറിഞ്ഞാണ് ഇന്ത്യ മൂന്നാം മത്സരത്തിന് മുമ്പ് തന്നെ പരമ്പര കൈപ്പിടിയിലൊതുക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

സൂപ്പര്‍ താരം നിതീഷ് കുമാര്‍ റെഡ്ഡിയുടെയും റിങ്കു സിങ്ങിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 108 റണ്‍സാണ് ടോട്ടലിലേക്ക് സംഭാവന ചെയ്തത്. ടീമിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞ മത്സരത്തിലായിരുന്നു ഇരുവരുടെയും രക്ഷാപ്രവര്‍ത്തനം.

ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും മൂന്നാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പാടെ നിരാശപ്പെടുത്തി.

രണ്ടാം മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ സഞ്ജുവിനും അഭിഷേക് ശര്‍മക്കുമെതിരെ വിമര്‍ശനമുയര്‍ത്തുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേററുമായ ആകാശ് ചോപ്ര. അവസരം നഷ്ടപ്പെടുത്തിയതില്‍ ഇരുവരും ഖേദിക്കുമെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്.

തന്റെ യൂട്യൂബ് ചാനലിലെ മാച്ച് അനാലിസിസിനിടെയാണ് ചോപ്ര ഓപ്പണര്‍മാരുടെ പ്രകടനത്തെ കുറിച്ച് സംസാരിച്ചത്.

‘ഓപ്പണര്‍മാരെ കുറിച്ചാണ് അവസാനമായി എനിക്ക് പറയാനുള്ളത്. അഭിഷേക് ശര്‍മയാണ് ഒരാള്‍, സഞ്ജു സാംസണും അവന്റെ കൂടെയുണ്ട്. രണ്ട് മത്സരങ്ങള്‍ കഴിഞ്ഞിട്ടും നിങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല എന്ന ഓര്‍മപ്പെടുത്തലാണ് ഞാനിപ്പോള്‍ നല്‍കുന്നത്. നിങ്ങള്‍ക്ക് വമ്പന്‍ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള എല്ലാ ലൈസന്‍സും ഉണ്ടായിരുന്നു.

സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പര അടുത്തുവരുമ്പോള്‍ യശസ്വി ജെയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍ എന്നിവര്‍ തിരിച്ചെത്തുമോ എന്ന കാര്യത്തെ കുറിച്ച് ഒരു ധാരണയുമില്ല, ഇവര്‍ക്കൊപ്പം സഞ്ജുവും അഭിഷേകും ഉണ്ടാകും. ഇതിപ്പോള്‍ അഞ്ച് ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് മുമ്പിലുണ്ട്, അഞ്ച് പേരെയും ഒരുമിച്ച് കളിപ്പിക്കാനും സാധിക്കില്ല.

കുറച്ച് സമയത്തിന് ശേഷം ഇഷാന്‍ കിഷനും അവസരങ്ങള്‍ക്കായി വാതില്‍ മുട്ടിത്തുടങ്ങും. അങ്ങനെ ഒരു സാഹചര്യം ഉടലെടുക്കുമ്പോള്‍ ലഭിച്ച അവസരം കൃത്യമായി വിനിയോഗിക്കാത്തതില്‍ നിങ്ങള്‍ ഉറപ്പായും ഖേദിക്കേണ്ടി വരും,’ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു.

ഒക്ടോബര്‍ 12നാണ് ഇന്ത്യ – ബംഗ്ലാദേശ് ഡെഡ് റബ്ബര്‍ മത്സരം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് വേദി.

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്ക് ശേഷമാണ് പ്രോട്ടിയാസിനെതിരായ പരമ്പരക്ക് ഇന്ത്യ എതിരാളികളുടെ തട്ടകത്തിലേക്ക് പറക്കുക. നാല് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയില്‍ കളിക്കുക. നവംബര്‍ എട്ട് മുതല്‍ 15വരെയാണ് പരമ്പര അരങ്ങേറുന്നത്.

 

Content highlight: IND vs BAN: Akash Chopra slams Sanju Samson