ഇന്ത്യ – ബംഗ്ലാദേശ് ആദ്യ ടി-20യിലെ മികച്ച പ്രകടനത്തിന് പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര.
സഞ്ജു സാംസണ്‍ വളരെ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് വ്യക്തിമാക്കിയ ചോപ്ര സഞ്ജുവിന്റെ കളി ശൈലിയെ അഭിനന്ദിക്കുകയും ചെയ്തു.
നേരത്തെ സഞ്ജു ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുന്നില്ലെങ്കില്‍ അത് സഞ്ജുവിന്റെയല്ല, ഇന്ത്യയുടെ നഷ്ടമാണെന്ന പരിശീലകന്‍ ഗൗതം ഗംഭീറിന്റെ വാക്കുകളും ചോപ്ര ഓര്‍ത്തെടുത്തു.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം സഞ്ജുവിനെ കുറിച്ച് സംസാരിച്ചത്.
‘നമ്മള്‍ സഞ്ജു സാംസണെ കുറിച്ചും സംസാരിക്കണം. വളരെ മികച്ച രീതിയിലാണ് അഭിഷേക് ശര്‍മ കളിച്ചത്, എന്നാല്‍ അവന്‍ റണ്‍ ഔട്ടായി മടങ്ങി. അപ്പോഴെല്ലാം എത്ര മികച്ച രീതിയിലാണ് സഞ്ജു കളിച്ചത്.
സഞ്ജു ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുന്നില്ലെങ്കില്‍ അത് സഞ്ജുവിന്റെയല്ല, ഇന്ത്യയുടെ നഷ്ടമാണെന്ന് കാലങ്ങള്‍ക്ക് മുമ്പ് തന്നെ ഗൗതം ഗംഭീര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അദ്ദേഹം അവനെ ഓപ്പണറാക്കിയിരിക്കുന്നു.
വളരെ ആയാസകരമായാണ് അവന്‍ ബാറ്റ് വീശിയത്. പന്തിനെ ഒരുതരത്തിലും വേദനിപ്പിക്കാന്‍ ഉദ്ദേശവുമില്ലെന്ന് തോന്നിപ്പോകുന്ന തരത്തിലാണ് അവന്‍ സ്‌കോര്‍ ചെയ്തത്. എന്നാല്‍ അവന് ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ബൗണ്ടറികള്‍ അടിച്ചുകൊണ്ടേയിരുന്നു.
എല്ലാവരും റണ്ണടിച്ചുകൂട്ടിയപ്പോള്‍ അവനും റണ്‍സ് സ്‌കോര്‍ ചെയ്തു, എന്നാല്‍ എങ്ങനെ? അവന്‍ പന്തിനെ തഴുകുകയായിരുന്നു,’ ചോപ്ര പറഞ്ഞു.
പരമ്പരയിലെ അടുത്ത മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്താല്‍ കരിയറിലെ ഒരു സുപ്രധാന മൈല്‍സ്റ്റോണ്‍ പിന്നിടാനും സഞ്ജുവിന് സാധിക്കും. അന്താരാഷ്ട്ര ടി-20യിലെ 500 റണ്‍സ് എന്ന നേട്ടത്തിലേക്കാണ് സഞ്ജു അടുക്കുന്നത്. വരും മത്സരങ്ങളില്‍ നിന്നും 27 റണ്‍സ് നേടിയാല്‍ സഞ്ജുവിന് ഈ നേട്ടത്തിലെത്താം.
31 മത്സരത്തിലെ 27 ഇന്നിങ്സില്‍ നിന്നുമായി 473 റണ്‍സാണ് സഞ്ജു നേടിയത്. 19.70 ശരാശരിയിലും 132.49 സ്ട്രൈക്ക് റേറ്റിലുമാണ് താരം ടി-20യില്‍ സ്‌കോര്‍ ചെയ്യുന്നത്. രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 77 ആണ്.
ഇന്ത്യ – ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് രണ്ടാം മത്സരം അരങ്ങേറുന്നത്.
Content Highlight: IND vs BAN: Akash Chopra praises Sanju Samson