ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20 ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് അടിച്ചുകൂട്ടിയത്.
യുവതാരങ്ങളായ നിതീഷ് കുമാര്‍ റെഡ്ഡിയുടെയും റിങ്കു സിങ്ങിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.
നിതീഷ് കുമാര്‍ റെഡ്ഡി 34 പന്തില്‍ 74 റണ്‍സ് നേടി. നാല് ഫോറും ഏഴ് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച റെഡ്ഡി രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും നേടി. 217.65 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
29 പന്തില്‍ 53 റണ്‍സാണ് റിങ്കു നേടിയത്. അഞ്ച് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ടീം സ്‌കോര്‍ 41ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് 149ലാണ് പിരിയുന്നത്.
ബാറ്റിങ്ങില്‍ കാര്യമായ സംഭാവന ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ബൗളിങ്ങില്‍ തന്റെ പ്രതിഭ വെളിപ്പെടുത്തുകയാണ് അഭിഷേക് ശര്‍മ. ഇതുവരെ രണ്ട് ഓവര്‍ പന്തെറിഞ്ഞ് താരം പത്ത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടി.
സൂപ്പര്‍ താരം തൗഹിദ് ഹൃദോയ്‌യെയാണ് അഭിഷേക് പുറത്താക്കിയത്. നേരിട്ട ആറാം പന്തില്‍ വെറും രണ്ട് റണ്‍സ് മാത്രം നേടി നില്‍ക്കവെ ക്ലീന്‍ ബൗള്‍ഡായാണ് ഹൃദോയ് മടങ്ങിയത്.
ഈ വിക്കറ്റിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും അഭിഷേക് ശര്‍മയെ തേടിയെത്തി. അന്താരാഷ്ട്ര ടി-20 ചരിത്രത്തില്‍ ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുകയും വിക്കറ്റ് നേടുകയും ചെയ്യുന്ന മൂന്നാമത് ബൗളര്‍ എന്ന നേട്ടമാണ് അഭിഷേക് ശര്‍മ സ്വന്തമാക്കിയത്.
കുട്ടിക്രിക്കറ്റില്‍ ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുകയും അതേ മത്സരത്തില്‍ വിക്കറ്റ് നേടുകയും ചെയ്ത രണ്ട് താരങ്ങളാണ് ഇതിന് മുമ്പ് ഉണ്ടായിരുന്നത്.
2006ലാണ് ഈ രസകരമായ നേട്ടം ഇന്ത്യയെ തേടിയെത്തിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു വിക്കറ്റ് വേട്ടക്കാരന്‍. ആദ്യം പന്തെറിഞ്ഞ സച്ചിന്‍ സൗത്ത് ആഫ്രിക്കന്‍ താരം ജസ്റ്റിന്‍ കെംപിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി. 25 പന്തില്‍ 22 റണ്‍സ് നേടി നില്‍ക്കവെയാണ് താരം സച്ചിനോട് തോറ്റ് പുറത്തായത്.
മത്സരത്തില്‍ 2.3 ഓവര്‍ പന്തെറിഞ്ഞ സച്ചിന്‍ 12 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി. എന്നാല്‍ ബാറ്റിങ്ങില്‍ തിളങ്ങാന്‍ സച്ചിനായില്ല. 12 പന്തില്‍ പത്ത് റണ്ണടിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പുറത്തായി.
സച്ചിന് ശേഷം 2012ലാണ് ഈ റെക്കോഡ് വീണ്ടും പിറന്നത്. ഇര്‍ഫാന്‍ പത്താനാണ് ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുകയും വിക്കറ്റ് വീഴ്ത്തുകയും ചെയ്തത്.
ബാറ്റുകൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കാന്‍ പത്താന് സാധിച്ചില്ല. എട്ട് പന്തില്‍ എട്ട് റണ്ണുമായി പത്താന്‍ മടങ്ങി. എന്നാല്‍ പന്തെടുത്തപ്പോള്‍ എപ്പോഴെന്ന പോലെ പത്താന്‍ ഇംഗ്ലണ്ടിനെതിരെയും തീ പാറിച്ചു.
മൂന്ന് ഓവറില്‍ 17 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് പത്താന്‍ സ്വന്തമാക്കിയത്. അലക്‌സ് ഹേല്‍സ്, ലൂക് റൈറ്റ് എന്നിവരെയാണ് പത്താന്‍ മടക്കിയത്. ഇതില്‍ ഹേല്‍സ് ഇംഗ്ലണ്ടിന്റെ ഓപ്പണറായിരുന്നു എന്നതാണ് രസകരമായ മറ്റൊരു വസ്തുത.
Content highlight: IND vs BAN: Abhishek Sharma joins Sachin Tendulkar and Irfan Pathan in a unique record