ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20ക്കാണ് കളമൊരുങ്ങുന്നത്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് സൂപ്പര്‍ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്നത്.
ഗ്വാളിയോറില്‍ നടന്ന ആദ്യ മത്സരത്തില്‍ പുറത്തെടുത്ത അതേ ഡോമിനന്‍സ് രണ്ടാം മത്സരത്തിലും പുറത്തെടുത്ത് പരമ്പര വിജയിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. അതേസമയം, പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ സന്ദര്‍ശകര്‍ക്ക് ദല്‍ഹിയില്‍ വിജയം അനിവാര്യമാണ്.
ദല്‍ഹിയില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണെ ഒരു കരിയറിലെ സുപ്രധാന നേട്ടം കാത്തിരിക്കുന്നുണ്ട്. അന്താരാഷ്ട്ര ടി-20യില്‍ 500 റണ്‍സ് എന്ന നേട്ടമാണ് മലയാളി താരത്തിന് മുമ്പിലുള്ളത്. സഞ്ജുവിനേക്കാളേറെ ആരാധകരാണ് ഈ നേട്ടത്തിനായി കാത്തിരിക്കുന്നത്.
അന്താരാഷ്ട്ര ടി-20യില്‍ ഇതുവരെ ഇന്ത്യക്കായി 31 മത്സരത്തിലാണ് സഞ്ജു കളത്തിലിറങ്ങിയത്. 27 മത്സരത്തില്‍ ബാറ്റുമായി ക്രീസിലെത്തുകയും ചെയ്തു. ഈ മത്സരങ്ങളില്‍ നിന്നുമായി 473 റണ്‍സാണ് സഞ്ജു നേടിയത്.
19.70 ശരാശരിയിലും 132.49 സ്ട്രൈക്ക് റേറ്റിലുമാണ് താരം ടി-20യില്‍ സ്‌കോര്‍ ചെയ്യുന്നത്. രണ്ട് അര്‍ധ സെഞ്ച്വറികള്‍ നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 77 ആണ്.
2015ലാണ് താരം തന്റെ അരങ്ങേറ്റ അന്താരാഷ്ട്ര ടി-20 മത്സരം കളിക്കുന്നത്. ഹരാരെയില്‍ സിംബാബ്‌വേക്കെതിരെയായിരുന്നു മത്സരം.
എന്നാല്‍ ആദ്യ മത്സരം കളിച്ച സഞ്ജു തന്റെ രണ്ടാം അന്താരാഷ്ട്ര ടി-20 മത്സരത്തിനായി കാത്തിരിക്കേണ്ടി വന്നത് 1637 ദിവസങ്ങളാണ്. ഇക്കാലയളവില്‍ ഇന്ത്യ കളിച്ചതാകട്ടെ 73 മത്സരങ്ങളും!
2020 ജനുവരി പത്തിന് ശ്രീലങ്കക്കെതിരെയായിരുന്നു താരത്തിന്റെ രണ്ടാം അന്താരാഷ്ട്ര ടി-20. പൂനെയിലാണ് മത്സരം അരങ്ങേറിയത്. എന്നാല്‍ ആ മാച്ചില്‍ തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല.
അതേസമയം, ആദ്യ മത്സരത്തില്‍ കളത്തിലിറക്കിയ അതേ ടീമിനെ തന്നെയായിരിക്കും ഇന്ത്യ രണ്ടാം മത്സരത്തിലും കളത്തിലിറക്കുക. ഒരുപക്ഷേ പരിക്കില്‍ നിന്നും മടങ്ങിയെത്തിയ മായങ്ക് യാദവിന്റെ വര്‍ക് ലോഡ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഹര്‍ഷിത് റാണയെ കളത്തിലിറക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല.