| Wednesday, 9th October 2024, 8:13 pm

മോശം റെക്കോഡില്‍ ഒന്നാമന്‍, അരാധകര്‍ എങ്ങനെ സഹിക്കും; വല്ലപ്പോഴും ലഭിക്കുന്ന അവസരമാണ്, മുതലാക്ക് സഞ്ജൂ

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20 ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ്.

മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. പവര്‍പ്ലേ അവസാനിക്കും മുമ്പ് മൂന്ന് മുന്‍ നിര ബാറ്റര്‍മാരെയും ഇന്ത്യക്ക് നഷ്ടപ്പെട്ടു. രണ്ടാം ഓവറിലെ അവസാന പന്തില്‍ സഞ്ജു സാംസണ്‍ മടങ്ങിയപ്പോള്‍ മൂന്നാം ഓവറിലെ അവസാന പന്തില്‍ അഭിഷേക് ശര്‍മയും കൂടാരം കയറി. അധികം വൈകാതെ ടീമിന്റെ പ്രതീക്ഷയായിരുന്ന ക്യാപ്റ്റന്‍ സൂര്യകുമാറും പുറത്തായി.

ടീം സ്‌കോര്‍ 17ല്‍ നില്‍ക്കവെയാണ് സഞ്ജു പുറത്താകുന്നത്. ഏഴ് പന്തില്‍ പത്ത് റണ്‍സ് മാത്രം നേടി നില്‍ക്കവെയാണ് താരം പുറത്തായത്. രണ്ട് ബൗണ്ടറികളുമായി മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്ത് വരവെ താസ്‌കിന്‍ അഹമ്മദിന്റെ പന്തില്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ആഗ്രഹിക്കാത്ത റെക്കോഡ്

ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ടാം ടി-20യിലെ മോശം പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസണെ ഒരു മോശം റെക്കോഡും തേടിയെത്തി. ചുരുങ്ങിയത് 25 അന്താരാഷ്ട്ര ടി-20 മത്സരം കളിച്ചവരില്‍ മോശം ശരാശരിയുള്ള ഇന്ത്യന്‍ ബാറ്റര്‍ എന്ന അനവാശ്യ നേട്ടമാണ് സഞ്ജുവിനെ തേടിയെത്തിയത്.

നിലവില്‍ 19.32 ആണ് സഞ്ജുവിന്റെ അന്താരാഷ്ട്ര ടി-20 ശരാശരി. 32 മത്സരത്തിലെ 28 ഇന്നിങ്‌സില്‍ നിന്നും 483 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്.

അന്താരാഷ്ട്ര ടി-20യിലെ ഒരു ഇന്ത്യന്‍ ബാറ്ററുടെ മോശം ശരാശരി (ചുരുങ്ങിയത് 25 ഇന്നിങ്‌സ്)

(താരം – ശരാശരി എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍ – 19.32*

അക്‌സര്‍ പട്ടേല്‍ – 20.13

രവീന്ദ്ര ജഡേജ – 21.45

റിഷബ് പന്ത് – 23.25

ഇഷാന്‍ കിഷന്‍ – 25.67

റെഡ്ഡി സ്റ്റോമില്‍ ഇന്ത്യ

ടോപ് ഓര്‍ഡര്‍ നിരാശപ്പെടുത്തിയെങ്കിലും മധ്യനിരയില്‍ യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിയുടെ ബാറ്റിങ് കരുത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ്. അര്‍ധ സെഞ്ച്വറി പടുത്തുയര്‍ത്തിയാണ് റെഡ്ഡി ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമാകുന്നത്.

താരത്തിന്റെ ആദ്യ അന്താരാഷ്ട്ര അര്‍ധ സെഞ്ച്വറിയാണ്. കരിയറിലെ രണ്ടാം മത്സരത്തിലാണ് ഈ നേട്ടമെന്നതും സണ്‍റൈസേഴ്‌സ് താരത്തിന്റെ നേട്ടത്തെ എക്‌സ്ട്രാ സ്‌പെഷ്യലാക്കുന്നു.

നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ 142 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 31 പന്തില്‍ 68 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയും 19 പന്തില്‍ 35 റണ്‍സുമായി റിങ്കു സിങ്ങുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവകര്‍ത്തി, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്.

ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍

പര്‍വേസ് ഹൊസൈന്‍ എമോണ്‍, ലിട്ടണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), തൗഹിദ് ഹൃദോയ്, മഹ്‌മദുള്ള, ജാകിര്‍ അലി, മെഹ്ദി ഹസന്‍ മിറാസ്, റിഷാദ് ഹൊസൈന്‍, താസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, തന്‍സിം ഹസന്‍ സാകിബ്.

Content Highlight: IND vs BAN: 2nd T20: Sanju Samson registered an unwanted record

We use cookies to give you the best possible experience. Learn more