| Wednesday, 9th October 2024, 10:32 pm

ഗര്‍ര്‍ പ്രതീക്ഷിച്ച ബംഗ്ലാ ആരാധകര്‍ക്ക് കിട്ടയത് മ്യാവു; ദല്‍ഹിയിലും ഇന്ത്യയുടെ കരുത്തറിഞ്ഞ് ഷാന്റോ; ജയം, പരമ്പര

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20യിലും ഇന്ത്യക്ക് ജയം. ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

ഈ വിജയത്തോടെ പരമ്പര സ്വന്തമാക്കാനും ഇന്ത്യക്കായി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ആധികാരികമായി വിജയിച്ചാണ് മൂന്നാം ടി-20ക്ക് മുമ്പ് തന്നെ ഇന്ത്യ പരമ്പര പിടിച്ചടക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന്

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം പാളിയിരുന്നു. സഞ്ജു സാംസണ്‍ (ഏഴ് പന്തില്‍ പത്ത്), അഭിഷേക് ശര്‍മ ( 11 പന്തില്‍ 15), സൂര്യകുമാര്‍ യാദവ് (പത്ത് പന്തില്‍ എട്ട്) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി.

എന്നാല്‍ നാലാം വിക്കറ്റില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും റിങ്കു സിങ്ങും ഒന്നിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ പറപറന്നു. നാലാം വിക്കറ്റില്‍ 108 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

ടീം സ്‌കോര്‍ 41ല്‍ നില്‍ക്കവെ ഒന്നിച്ച ഇരുവരുടെ പാര്‍ട്ണര്‍ഷിപ്പ് അവസാനിക്കുന്നത് 149ലാണ്. റെഡ്ഡിയെ പുറത്താക്കി മുസ്തഫിസുര്‍ റഹ്‌മാനാണ് കൂട്ടുകെട്ട് പൊളിച്ചത്.

എന്നാല്‍ പുറത്താകും മുമ്പേ നിതീഷ് കുമാര്‍ ബംഗ്ലാദേശിനെ അടിച്ച് ഐ.സി.യുവിലെത്തിച്ചിരുന്നു. 34 പന്തില്‍ 74 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഏഴ് സിക്‌സറും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

പിന്നാലെയെത്തിയ ഹര്‍ദിക് പാണ്ഡ്യ റിങ്കുവിനെ ഒപ്പം കൂട്ടി ബംഗ്ലാദേശിനെ വെന്റിലേറ്ററിലേക്ക് മാറ്റി. റിങ്കു 29 പന്തില്‍ 53 റണ്‍സടിച്ചപ്പോള്‍ 19 പന്തില്‍ 32 റണ്‍സാണ് പാണ്ഡ്യ അടിച്ചുനേടിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 221ലെത്തി.

നിതീഷ് കുമാറിന്റെയും റിങ്കുവിന്റെയും വെടിക്കെട്ട് പോലെ തന്നെ കയ്യടി നേടിയ പ്രകടനമാണ് ബംഗ്ലാ സൂപ്പര്‍ താരം താസ്‌കിന്‍ അഹമ്മദും പുറത്തെടുത്തത്. നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 16 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. സഞ്ജു സാംസണെയും റിങ്കു സിങ്ങിനെയുമാണ് താരം മടക്കിയത്.

റിഷാദ് ഹൊസൈന്‍ വാലറ്റക്കാരന്‍ അര്‍ഷ്ദീപ് സിങ്ങിന്റെ കയ്യില്‍ നിന്ന് വരെ അടിവാങ്ങിക്കൂട്ടിയെങ്കിലും മൂന്ന് വിക്കറ്റ് നേടി. ഇവര്‍ക്ക് പുറമെ മുസ്തഫിസുര്‍ റഹ്‌മാന്‍ തന്‍സിം ഹസന്‍ സാകിബ്, എന്നിവരും രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്

ഇന്ത്യ ഉയര്‍ത്തിയ റണ്‍മല താണ്ടിയിറങ്ങിയ ബംഗ്ലാദേശിന് തരക്കേടില്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല. വിവിധ ബൗളിങ് ഓപ്ഷനുകള്‍ പരീക്ഷിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യ ബംഗ്ലാദേശിന് മുന്‍തൂക്കം നേടാനുള്ള എല്ലാ അവസരവും കൊട്ടിയടച്ചു.

റിയാന്‍ പരാഗും അഭിഷേക് ശര്‍മയും അടക്കമുള്ള പാര്‍ട് ടൈം ബൗളര്‍മാരെയും കളത്തിലിറങ്ങിയ സൂര്യ മത്സരം ബംഗ്ലാദേശിന്റെ കയ്യില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു.

സൂപ്പര്‍ താരം മഹ്‌മദുള്ള മാത്രമാണ് ബംഗ്ലാ നിരയില്‍ ചെറുത്ത് നില്‍പിനെങ്കിലും ശ്രമിച്ചത്. ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ ക്രീസില്‍ ഉറച്ചുനില്‍ക്കാന്‍ താരം ശ്രമിച്ചു. 39 പന്തില്‍ 41 റണ്‍സാണ് മഹ്‌മദുള്ള നേടിയത്.

എന്നാല്‍ അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ ഒരാള്‍ക്ക് പോലും സാധിക്കാതെ വന്നതോടെ ബംഗ്ലാദേശ് തോല്‍വി സമ്മതിച്ചു.

ഇന്ത്യക്കായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് നേടി. വരുണ്‍ ചക്രവര്‍ത്തിയും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ, മായങ്ക് യാദവ്, റിയാന്‍ പരാഗ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ഒക്ടോബര്‍ 12നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് മൂന്നാം ടി-20ക്ക് വേദിയാകുന്നത്.

Content Highlight: IND vs BAN: 2nd T20: India defeated Bangladesh and seals the series

Latest Stories

We use cookies to give you the best possible experience. Learn more