ഒന്നാമനും വിക്കറ്റ് കീപ്പറുമായി സഞ്ജു; ഗ്വാളിയോറില്‍ കളി കളറാകും
Sports News
ഒന്നാമനും വിക്കറ്റ് കീപ്പറുമായി സഞ്ജു; ഗ്വാളിയോറില്‍ കളി കളറാകും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 6th October 2024, 7:26 pm

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പര ആരംഭിച്ചിരിക്കുകയാണ്. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ രണ്ടും പരാജയപ്പെട്ട ബംഗ്ലാദേശ് ടി-20 പരമ്പര വിജയിക്കാനുറച്ചാണ് കളത്തിലിറങ്ങിയിരിക്കുന്നത്. വിജയം മാത്രമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ബംഗ്ലാ നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ നേരത്തെ തന്നെ പറഞ്ഞിരുന്നു.

ഗ്വാളിയോറിലാണ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.

സാഹചര്യങ്ങള്‍ അല്‍പം ഈര്‍പ്പമുള്ളതാണെന്നും മത്സരം പുരോഗമിക്കവെ കാര്യമായ മാറ്റമുണ്ടാകില്ലെന്നും വ്യക്തമാക്കിയാണ് ഇന്ത്യന്‍ നായകന്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തത്. സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കളിക്കുന്നത് എല്ലായ്‌പ്പോഴും സന്തോഷം നല്‍കുന്നതാണെന്നും ടോസ് വിജയിച്ച ശേഷം സ്‌കൈ പറഞ്ഞു.

മികച്ച സ്‌ക്വാഡാണ് ഇന്ത്യക്കുള്ളതെന്നും ഇതില്‍ നിന്നും 11 പേരെ തെരഞ്ഞെടുക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്നും പ്ലെയിങ് ഇലവനെ കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യന്‍ നായകന്‍ മറുപടി നല്‍കി. തിലക് വര്‍മ, ഹര്‍ഷിത് റാണ, ജിതേഷ് ശര്‍മ, രവി ബിഷ്‌ണോയ് എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുന്നത്.

ഓപ്പണറായി സഞ്ജു സാംസണും അഭിഷേക് ശര്‍മയും കളത്തിലിറങ്ങുമ്പോള്‍ വണ്‍ ഡൗണായി ക്യാപ്റ്റനും തുടര്‍ന്ന് വെടിക്കെട്ട് വീരന്‍മാരും കളത്തിലിറങ്ങും.

അതേസമയം, മത്സരം മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ 16 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ബംഗ്ലാദേശ്. ആദ്യ ഓവറില്‍ ലിട്ടണ്‍ ദാസിനെ നഷ്ടപ്പെട്ട ബംഗ്ലാദേശിന് മൂന്നാം ഓവലറിലെ ആദ്യ പന്തില്‍ രണ്ടാം ഓപ്പണര്‍ പര്‍വേസ് ഹൊസൈന്‍ എമോണിനെയും നഷ്ടമായി. അര്‍ഷ്ദീപ് സിങ്ങാണ് രണ്ട് വിക്കറ്റും നേടിയത്.

നിലവില്‍ നാല് പന്തില്‍ മൂന്ന് റണ്‍സുമായി ക്യാപ്റ്റന്‍ ഷാന്റോയും മൂന്ന് പന്തില്‍ ഒരുറണ്ണുമായി തൗഹിദ് ഹൃദോയ് യുമാണ് ക്രീസില്‍.

ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍

പര്‍വേസ് ഹൊസൈന്‍ എമോണ്‍, ലിട്ടണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), തൗഹിദ് ഹൃദോയ്, മഹ്‌മദുള്ള, മെഹ്ദി ഹസന്‍ മിറാസ്, റിഷാദ് ഹൊസൈന്‍, ജാകിര്‍ അലി, താസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ഷോരിഫുള്‍ ഇസ്‌ലാം.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവകര്‍ത്തി, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്.

 

Content highlight: IND vs BAN: 1st T20: India won the toss and elect to field first