കടുവകളുടെ ഗര്‍ജനത്തിന് ശക്തി പോരാ... എറിഞ്ഞിട്ടും അടിച്ചൊതുക്കിയും ഇന്ത്യ, ജയത്തോടെ തുടക്കം
Sports News
കടുവകളുടെ ഗര്‍ജനത്തിന് ശക്തി പോരാ... എറിഞ്ഞിട്ടും അടിച്ചൊതുക്കിയും ഇന്ത്യ, ജയത്തോടെ തുടക്കം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 6th October 2024, 10:08 pm

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടി-20യില്‍ ഇന്ത്യക്ക് മിന്നും ജയം. ഗ്വാളിയോറില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സിന്റെ വിജയലക്ഷ്യം 49 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയച്ചു. ഇന്നിങ്‌സിന്റെ ഒരു ഘട്ടത്തിലും എതിരാളികള്‍ക്ക് മേല്‍ക്കൈ നല്‍കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ ബംഗ്ലാ സ്‌കോര്‍ ബോര്‍ഡ് ചലിക്കാന്‍ പാടുപെട്ടു.

 

32 പന്തില്‍ പുറത്താകാതെ 35 റണ്‍സ് നേടിയ മെഹ്ദി ഹസന്‍ മിറാസാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍. 25 പന്തില്‍ 27 റണ്‍സുമായി ക്യാപ്റ്റന്‍ ഷാന്റോ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ളവരുടെ പിന്തുണയില്ലാതെ വന്നതോടെ മികച്ച സ്‌കോറിലെത്താനുള്ള മോഹവും പൊലിഞ്ഞു.

ഒടുവില്‍ ഒരു പന്ത് ബാക്കി നില്‍ക്കെ സന്ദര്‍ശകരുടെ അവസാന വിക്കറ്റും പിഴുതെറിഞ്ഞ് ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്തുകാട്ടി.

അര്‍ഷ്ദീപ് സിങ്ങിന്റെ പ്രകടനം തന്നെയാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. 3.5 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ഇടംകയ്യന്‍ പേസര്‍ തിളങ്ങിയത്.

നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ വരുണ്‍ ചക്രവര്‍ത്തിയും നിരാശനാക്കിയില്ല. മൂന്ന് കടുവകളുടെ പല്ല് പറിച്ച് ചക്രവര്‍ത്തി തിരികെ അയച്ചു. അരങ്ങേറ്റക്കാരന്‍ മായങ്ക് യാദവും വാഷിങ്ടണ്‍ സുന്ദറും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും കീശയിലാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അധികം സമയമെടുക്കാതെ തന്നെ മത്സരം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തില്‍ അഭിഷേക് ശര്‍മ റണ്‍ ഔട്ടാകുമ്പോള്‍ ടീം ടോട്ടലില്‍ 25 റണ്‍സ് കയറിയിരുന്നു. ഏഴ് പന്തില്‍ 16 റണ്‍സ് നേടിയാണ് സണ്‍റൈസേഴ്‌സ് ഓപ്പണര്‍ മടങ്ങിയത്.

പിന്നാലെയെത്തിയ സൂര്യകുമാറിന്റെ വെടിക്കെട്ടില്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. 14 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പെടെ 29 റണ്‍സാണ് താരം സ്വന്തമാക്കിയത്.

അവസരം ലഭിച്ച സഞ്ജു സാംസണും നിരാശനാക്കിയില്ല. 19 പന്തില്‍ 29 റണ്‍സടിച്ച് സഞ്ജു തിരിച്ചുനടന്നു.

പിന്നാലെയെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് അനായാസം ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. പാണ്ഡ്യ 16 പന്തില്‍ പുറത്താകാതെ 39 റണ്‍സ് നേടിയപ്പോള്‍ 15 പന്തില്‍ 16 റണ്‍സുമായി നിതീഷ് കുമാറും പുറത്താകാതെ നിന്നു.

മുസ്തഫിസുര്‍ റഹ്‌മാനും മെഹ്ദി ഹസന്‍ മിറാസിനുമാണ് ബംഗ്ലാ നിരയില്‍ വിക്കറ്റ് നേടാന്‍ സാധിച്ചത്.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ 1-0ന്റെ ലീഡ് നേടാനും ഇന്ത്യക്കായി.

ഒക്ടോബര്‍ ഒമ്പതിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് വേദി.

 

Content Highlight: IND vs BAN: 1st T20: India defeated Bangladesh