| Saturday, 4th January 2025, 8:40 am

വിരാട് കോഹ്‌ലിയുടെ ഏറ്റവും വലിയ ശക്തിയാണ് ഇപ്പോള്‍ അവന്റെ ഏറ്റവും വലിയ ദൗര്‍ബല്യം; തുറന്നടിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഒരിക്കല്‍ക്കൂടി വിരാട് കോഹ്‌ലി ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തില്‍ ബാറ്റ് വെച്ച് തിരിച്ചുപോകുന്ന കാഴ്ചയ്ക്കാണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. 69 പന്ത് നേരിട്ട് ഒറ്റ ബൗണ്ടറി പോലും നേടാതെ 17 റണ്‍സുമായാണ് വിരാട് മടങ്ങിയത്. സ്‌കോട് ബോളണ്ടിന്റെ പന്തില്‍ അരങ്ങേറ്റക്കാരന്‍ ബ്യൂ വെബ്സ്റ്റിന് ക്യാച്ച് നല്‍കിയായിരുന്നു കോഹ്‌ലി പവലിയനിലേക്ക് തിരിച്ചുനടന്നത്.

നെറ്റ് സെഷനുകളില്‍ ഇത്തരം പന്തുകള്‍ പന്ത് ലീവ് ചെയ്യാന്‍ ശ്രമിക്കുന്ന വിരാട് കളിക്കളത്തിലെത്തുമ്പോള്‍ അതെല്ലാം മറക്കുകയും അനാവശ്യമായി ഷോട്ട് കളിക്കാന്‍ ശ്രമിച്ച് പുറത്താവുകയാണ്.

ഇപ്പോള്‍ വിരാടിന്റെ പ്രകടനത്തെ വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും അനലിസ്റ്റുമായ സഞ്ജയ് മഞ്ജരേക്കര്‍. വിരാടിന്റെ ഏറ്റവും വലിയ ശക്തിയായ കവര്‍ ഡ്രൈവ് ഇപ്പോള്‍ താരത്തിന്റെ ബലഹീനതയായെന്നാണ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടത്.

‘വിരാട് കോഹ്‌ലിയുടെ ഏറ്റവും വലിയ ശക്തി തന്നെ ഇപ്പോള്‍ അദ്ദേഹത്തിന്റെ ദൗര്‍ബല്യമായി മാറിയിരിക്കുന്നു. അവന് കൃത്യമായ രീതിയില്‍ ഇപ്പോള്‍ കവര്‍ ഡ്രൈവുകള്‍ കളിക്കാന്‍ സാധിക്കുന്നില്ല. തന്റെ ഫേവറിറ്റ് ഷോട്ട് കളിക്കാനുള്ള ത്വരയും അവനില്‍ നിന്നും വിട്ടുമാറുന്നില്ല.

ഏതൊരു ബൗളറിനും അധികം ബുദ്ധിമുട്ടാതെ വിരാടിന്റെ വിക്കറ്റ് നേടാം എന്ന സ്ഥിതിവിശേഷങ്ങളിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തിയിരിക്കുന്നത്. ഇതിനായി ബൗളര്‍ ആകെ ചെയ്യേണ്ടത് ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിയുക എന്നത് മാത്രമാണ്. ബാക്കിയെല്ലാം വിരാട് ചെയ്തുകൊള്ളും.

ഇതിന് ഒരു പരിഹാരം കണ്ടെത്താന്‍ വിരാടിന് സാധിക്കുന്നില്ല എന്നതാണ് ഏറ്റവുമധികം അമ്പരപ്പിക്കുന്നത്. നേരത്തെ പിച്ച് ചെയ്ത് ഉയര്‍ന്നുപൊങ്ങുന്ന പന്തുകളാണ് വിരാടിന് തലവേദന സൃഷ്ടിച്ചിരുന്നത്, ഓഫ് സ്റ്റംപിന് വെളിയില്‍ എറിയുന്ന ഷോര്‍ട്ട് പിച്ച് ഡെലിവെറികള്‍ കളിക്കാനും വിരാടിന് സാധിക്കുമായിരുന്നു. എന്നാലിപ്പോള്‍ ഷോര്‍ട്ട് ഡെലിവെറികള്‍ പോലും വിരാടിന്റെ വിക്കറ്റ് വീഴ്ത്താന്‍ പര്യാപ്തമാണ്,’ മഞ്ജരേക്കര്‍ പറഞ്ഞു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയതൊഴിച്ചാല്‍ വിരാട് കോഹ്‌ലിയുടെ പ്രകടനങ്ങള്‍ ശരാശരിക്കും താഴെയായിരുന്നു. ഒടുവില്‍ കളിച്ച എട്ട് ഇന്നിങ്‌സില്‍ 184 റണ്‍സ് മാത്രമാണ് വിരാടിന് കണ്ടെത്താന്‍ സാധിച്ചത്.

5, 100*, 7, 11, 3, DNB, 36, 5, 17 എന്നിങ്ങനെയാണ് ഈ പരമ്പരയില്‍ വിരാടിന്റെ പ്രകടനം. എല്ലാ മത്സരത്തിലും ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ക്യാച്ച് നല്‍കിയാണ് വിരാട് പുറത്തായത് എന്നതും ശ്രദ്ധേയമാണ്.

മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ വിരാടിന്റെ വിരമിക്കലിന് മുറവിളി കൂട്ടുന്ന സോഷ്യല്‍ മീഡിയയുടെ വായടപ്പിക്കാനെങ്കിലും പരമ്പരയിലെ അവസാന ഇന്നിങ്‌സില്‍ താരം മികച്ച ബാറ്റിങ് പുറത്തെടുത്തേ മതിയാകൂ. അതുമല്ലെങ്കില്‍ ഓഫ് സ്റ്റംപിന് പുറത്തെറിയുന്ന പന്തില്‍ ബാറ്റ് വെക്കാതിരിക്കാന്‍ താരം ശ്രദ്ധിക്കണം.

Content highlight: IND vs AUS: Sanjay Manjrekar slams Virat Kohli

We use cookies to give you the best possible experience. Learn more