ടെസ്റ്റ് ഫോര്‍മാറ്റില്‍ വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും ഒരിക്കലും താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. വിരാട് റെഡ് ബോള്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരമാണെന്ന് പറഞ്ഞ മഞ്ജരേക്കര്‍ രോഹിത് നല്ല താരമാണെന്നും പറഞ്ഞു.
‘ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും ഒരിക്കലും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. വിരാട് കോഹ്‌ലി വളരെ മികച്ച ടെസ്റ്റ് ബാറ്ററാണ്, റെഡ് ബോള്‍ ഫോര്‍മാറ്റില്‍ രോഹിത് ഒരു നല്ല ബാറ്ററാണ്. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്ക് വരുമ്പോള്‍ രോഹിത് ഒരു മികച്ച താരം തന്നെയാണ്.
രോഹിത് മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ തന്റെ കരിയറിനെ കുറിച്ച് തീരുമാനിക്കാന്‍ അവന് സാധിക്കില്ല. ആരെയെല്ലാം ടീമിന്റെ ഭാഗമാക്കണമെന്ന തീരുമാനമെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന് മാത്രമാണ് അധികാരമുള്ളത്. അദ്ദേഹത്തിന് താരങ്ങളെ കാര്യങ്ങള്‍ അറിയിക്കാം. രോഹിത് ശര്‍മ ഈ ഗെയിം ഇപ്പോള്‍ ആസ്വദിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്,’ മഞ്ജരേക്കര്‍ പറഞ്ഞു.
തന്റെ കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് രോഹിത് ശര്‍മ കടന്നുപോകുന്നത്. പരമ്പരയില്‍ ഇതുവരെ കളിച്ച അഞ്ച് ഇന്നിങ്‌സില്‍ നിന്നും വെറും 31 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ബ്രിസ്‌ബെയ്‌നിലെ ആദ്യ ഇന്നിങ്‌സില്‍ നേടിയ പത്ത് റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
പരമ്പരയില്‍ കളിച്ച ആദ്യ രണ്ട് മത്സരത്തിലും രോഹിത് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിരുന്നില്ല. അഡ്‌ലെയ്ഡിലും ബ്രിസ്‌ബെയ്‌നിലും ആറാം നമ്പറിലാണ് രോഹിത് കളത്തിലെത്തിയത്. ബാറ്റിങ് പൊസിഷന്‍ മാറിയതാണ് രോഹിത്തിന് തിരിച്ചടിയായതെന്ന് ആരാധകരും അഭിപ്രായപ്പെട്ടുതുടങ്ങി.
എന്നാല്‍ മെല്‍ബണില്‍ ഓപ്പണറുടെ റോളിലേക്ക് മടങ്ങിയെത്തിയെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് നേടിയ താരം രണ്ടാം ഇന്നിങ്‌സില്‍ 40 പന്ത് നേരിട്ട ഒമ്പത് റണ്‍സിനും പുറത്തായി.
ബാറ്റിങ്ങിന് പുറമെ ക്യാപ്റ്റന്‍സിയിലും മികച്ച തീരുമാനങ്ങളെടുക്കാന്‍ സാധിക്കാത്ത രോഹിത് നിലവില്‍ ഇന്ത്യന്‍ ടീമിന് ബാധ്യതയായിക്കൊണ്ടിരിക്കുകയാണ്.
നാലാം ടെസ്റ്റിന് പരാജയത്തിന് പിന്നാലെ ഇന്ത്യയ്ക്ക് പരമ്പര വിജയിക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്. ജനുവരി മൂന്നിന് സിഡ്നിയില്‍ ആരംഭിക്കുന്ന അവസാന ടെസ്റ്റില്‍ വിജയിച്ച് പരമ്പര സമനിലയില്‍ അവസാനിപ്പിക്കുക മാത്രമാണ് ഇന്ത്യക്ക് മുമ്പിലുള്ള ഏക പോംവഴി.
Content Highlight: IND vs AUS: Sanjay Manjrekar about Rohit Sharma