| Tuesday, 17th December 2024, 4:18 pm

രോഹിത് ശര്‍മ വിരമിക്കുന്നു? ഇന്ത്യന്‍ നായകന്റെ പ്രവൃത്തിയില്‍ ഞെട്ടി ക്രിക്കറ്റ് ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കിയിരിക്കുകയാണ്. ലോവര്‍ ഓര്‍ഡറില്‍ ആകാശ് ദീപിന്റെയും ജസ്പ്രീത് ബുംറയുടെയും ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്നും കരകയറ്റിയത്.

സ്‌കോര്‍ (നാലാം ദിവസം അവസാനിക്കുമ്പോള്‍)

ഓസ്ട്രേലിയ: 445

ഇന്ത്യ: 252/9

നിലവില്‍ 193 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് കുറവുള്ളത്. മത്സരത്തിന്റെ അവസാന ദിവസം ശേഷിക്കുന്ന ഇന്ത്യന്‍ വിക്കറ്റും വീഴ്ത്തി, വളരെ പെട്ടെന്ന് റണ്‍സ് ഉയര്‍ത്തി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത്, ഇന്ത്യയുടെ പത്ത് വിക്കറ്റുകളും പിഴുതെറിഞ്ഞാല്‍ ഓസ്ട്രേലിയക്ക് വിജയിക്കാന്‍ സാധിക്കും. എന്നാല്‍ നിലവില്‍ 193 റണ്‍സ് മാത്രമാണ് കുറവുള്ളത് എന്നതിനാലും മറുവശത്ത് ഇന്ത്യ ആയതിനാലും ഓസ്ട്രേലിയ ഇതിന് ശ്രമിക്കാന്‍ സാധ്യതയില്ല.

കെ.എല്‍. രാഹുലൊഴികെയുള്ള ടോപ് ഓര്‍ഡര്‍ ഇത്തവണയും പാടെ നിരാശപ്പെടുത്തി. ജെയ്‌സ്വാളും ഗില്ലും കോഹ്‌ലിയും പന്തുമെല്ലാം ഒറ്റയക്കത്തിനാണ് പുറത്തായി തിരിച്ചുനടന്നത്. രവീന്ദ്ര ജഡേജക്കൊപ്പം ആറാം വിക്കറ്റിലെ രാഹുലിന്റെ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് കരകയറ്റിയത്.

അഡ്‌ലെയ്ഡിലെന്ന പോലെ ഗാബയിലും രോഹിത് ശര്‍മ ഓപ്പണറുടെ റോളിന് പകരം ആറാം നമ്പറിലാണ് ക്രീസിലെത്തിയത്. പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും ഒറ്റയക്കത്തിന് പുറത്തായ രോഹിത് ശര്‍മ ഗാബയില്‍ പത്ത് റണ്‍സ് നേടിയാണ് മടങ്ങിയത്. ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിന് വിക്കറ്റ് നല്‍കിയായിരുന്നു രോഹിത്തിന്റെ മടക്കം.

പാറ്റ് കമ്മിന്‍സെറിഞ്ഞ ഫുള്ളര്‍ ഡെലിവെറിയില്‍ ബാറ്റ് വെച്ച രോഹിത്തിന് പിഴച്ചു. വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ കൈകളിലൊതുങ്ങി രോഹിത് പവലിയനിലേക്ക് തിരിച്ചുനടന്നു.

പുറത്തായി മടങ്ങവെ രോഹിത് ശര്‍മ തന്റെ ഗ്ലൗസ് ഡഗ് ഔട്ടിന് സമീപം, അഡ്വര്‍ടൈസ്‌മെന്റ് ബോര്‍ഡിന് പിന്നിലായി ഉപേക്ഷിച്ചിരുന്നു. താരത്തിന്റെ ഈ അസാധരണ പ്രവൃത്തിയില്‍ ആരാധകര്‍ ഒന്നാകെ ഞെട്ടിയിരിക്കുകയാണ്.

രോഹിത് ശര്‍മ വിരമിക്കാന്‍ തയ്യാറായിരിക്കുകയാണ് എന്നാണ് ആരാധകര്‍ പറയുന്നത്. ഇക്കാരണത്താലാണ് രോഹിത് ഗ്ലൗസ് ഉപേക്ഷിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തില്‍ രോഹിത് വിരമിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.

നേരത്തെ, ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ രോഹിത് ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, മത്സരത്തിന്റെ അവസാന ദിവസം എത്ര സമയം അധികം ബാറ്റ് ചെയ്യാന്‍ സാധിക്കും എന്നത് മാത്രമായിരിക്കും ഇന്ത്യന്‍ വാലറ്റത്തിന്റെ ഏക ലക്ഷ്യം. നിലവില്‍ നാലാം ദിനം അവസാനിക്കുമ്പോള്‍ 31 പന്തില്‍ 27 റണ്‍സുമായി ആകാശ് ദീപും 27 പന്തില്‍ പത്ത് റണ്‍സുമായി ജസ്പ്രീത് ബുംറയുമാണ് ക്രീസില്‍.

അതേസമയം, ഗാബയില്‍ പരാജയമൊഴിവാക്കി ശേഷിച്ച മത്സരങ്ങള്‍ വിജയിക്കാനാണ് ഇന്ത്യയൊരുങ്ങുന്നത്. ഇനി രണ്ട് ടെസ്റ്റുകളാണ് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലും ഇന്ത്യക്ക് കളിക്കാനുള്ളത്.

പരമ്പരയിലെ നാലാമത് മത്സരമായ ബോക്സിങ് ഡേ ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരെ മെല്‍ബണില്‍ നടക്കും. ജനുവരി മൂന്നിനാണ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം. സിഡ്നിയാണ് വേദി.

Content Highlight: IND vs AUS: Rohit Sharma’s gloves act after Gabba dismissal sparks end of Test career speculations

We use cookies to give you the best possible experience. Learn more