ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനാണ് കളമൊരുങ്ങുന്നത്. ജനുവരി മൂന്നിന് നടക്കുന്ന പോരാട്ടത്തിന് വിശ്വപ്രസിദ്ധമായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദിയാകുന്നത്.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 2-1ന് മുമ്പിലാണ്. സിഡ്നിയില്‍ നടക്കുന്ന മത്സരം സമനിലയില്‍ അവസാനിപ്പിച്ചാലും ഓസ്ട്രേലിയക്ക് പരമ്പര സ്വന്തമാക്കാം.
ഈ മത്സരത്തില്‍ ഒരു ചരിത്ര നേട്ടം പിറവിയെടുത്തേക്കും. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 200 വിക്കറ്റ് സ്വന്തമാക്കുന്ന താരങ്ങളുടെ പിറവിക്കാവും സിഡ്‌നി സാക്ഷ്യം വഹിക്കുക. ഒന്നല്ല, രണ്ട് താരങ്ങളാണ് ഈ നേട്ടത്തിലേക്ക് കണ്ണുവെക്കുന്നത്.
ഓസ്‌ട്രേലിന്‍ നായകന്‍ പാറ്റ് കമ്മിന്‍സും സൂപ്പര്‍ സ്പിന്നര്‍ നഥാന്‍ ലിയോണുമാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിക്കറ്റ് നേടി ഇരട്ട സെഞ്ച്വറി നേടാന്‍ മത്സരിക്കുന്നത്. 195 വിക്കറ്റ് വീതം സ്വന്തമാക്കിയ ഇരുവര്‍ക്കും അഞ്ച് വിക്കറ്റുകള്‍ കൂടിയാണ് ഈ നേട്ടത്തിലെത്താന്‍ ആവശ്യമുള്ളത്. ഈ റെക്കോഡിലേക്ക് ഇവരില്‍ ആദ്യം ആരെത്തും എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
എന്നാല്‍ ഇവരേക്കാള്‍ മുമ്പ് ഈ നേട്ടത്തിലെത്താന്‍ സാധ്യത കല്‍പിച്ചിരുന്ന മറ്റൊരു താരമുണ്ടായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍മാരില്‍ പ്രധാനിയായ ആര്‍. അശ്വിനായിരുന്നു ആ താരം. ഡബ്ല്യൂ.ടി.സി കരിയറില്‍ 195 വിക്കറ്റുമായി നില്‍ക്കവെയാണ് അശ്വിന്‍ കരിയറിന് ഫുള്‍സ്റ്റോപ്പിടുന്നത്.
ഒരുപക്ഷേ ഒരു മത്സരം കൂടി കളിച്ചിരുന്നെങ്കില്‍ അശ്വിന് ഈ നേട്ടത്തിലെത്താന്‍ സാധിക്കുമായിരുന്നു. അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുമ്പോള്‍ ലിയോണിന്റെ പേരില്‍ 190 വിക്കറ്റും കമ്മിന്‍സിന്റെ പേരില്‍ 189 വിക്കറ്റുകളുമാണ് കുറിക്കപ്പെട്ടിരുന്നത്.
നിലവില്‍ 47 മത്സരത്തിലെ 84 ഇന്നിങ്സില്‍ നിന്നുമാണ് ലിയോണ്‍ 195 വിക്കറ്റ് നേടിയത്. 27.21 ശരാശരിയിലും 59.26 എന്ന സ്ട്രൈക്ക് റേറ്റിലുമാണ് ലിയോണ്‍ പന്തെറിയുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ 11 ഫോര്‍ഫറും പത്ത് ഫൈഫറുമാണ് ലിയോണിന്റെ സമ്പാദ്യം.
46 മത്സരത്തിലെ 86 ഇന്നിങ്സില്‍ നിന്നുമാണ് കമ്മിന്‍സിന്റെ വിക്കറ്റ് നേട്ടം. 2.95 എന്ന എക്കോണമിക്കൊപ്പം 22.80 ശരാശരിയിലും 46.32 സ്ട്രൈക്ക് റേറ്റിലുമാണ് താരം പന്തെറിയുന്നത്. ഒമ്പത് ഫൈഫറും പത്ത് ഫോര്‍ഫറുമാണ് കങ്കാരുപ്പടയുടെ നായകന്റെ പേരിലുള്ളത്.