ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നാലാം ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ 184 റണ്‍സിന്റെ കനത്ത പരാജയമാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്.
ഈ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുമ്പിലെത്തിയിരിക്കുകയാണ് ആതിഥേയര്‍. ജനുവരി മൂന്നിന് സിഡ്‌നിയില്‍ ആരംഭിക്കുന്ന മത്സരം സമനിലയില്‍ അവസാനിച്ചാലും ഓസീസിന് പരമ്പര സ്വന്തമാക്കാം.
മെല്‍ബണിലെ വിജയത്തിന് പിന്നാലെ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയെ കുറിച്ച് സംസാരിക്കുകയാണ് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. ബുംറ വളരെ മികച്ച ബൗളറാണെന്നും എന്നാല്‍ അദ്ദേഹത്തോട് സിമ്പതി തോന്നിയിട്ടില്ലെന്നും കമ്മിന്‍സ് പറഞ്ഞു.
ബോക്‌സിങ് ഡേ ടെസ്റ്റ് വിജയത്തിന് പിന്നാലെ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയെന്നോണമാണ് കമ്മിന്‍സ് ഇക്കാര്യം പറഞ്ഞത്.
‘ബുംറയെ കുറിച്ച് എന്ത് തോന്നുന്നു? അദ്ദേഹത്തോട് സിമ്പതി തോന്നുന്നുണ്ടോ’ എന്നായിരുന്നു ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ഓസ്‌ട്രേലിയന്‍ നായകനോട് ചോദിച്ചത്.
ഇതിന് മറുപടിയായി,’അദ്ദേഹം വളരെ മികച്ച ബൗളറാണ്, അദ്ദേഹം വളരെ മികച്ച സ്‌പെല്ലുകളാണ് എറിയുന്നത്. സിമ്പതി? ഏയ് ഇല്ല,’ എന്നാണ് കമ്മിന്‍സ് പറഞ്ഞത്.
ഈ പരമ്പരയില്‍ ഏറ്റവും മികച്ച പ്രകടനമാണ് ബുംറ പുറത്തെടുക്കുന്നത്. ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ സ്വന്തമാക്കിയ ഫൈഫറടക്കം 30 വിക്കറ്റുകളാണ് ബുംറ ഈ പരമ്പരയില്‍ ഇതിനോകം പിഴുതെറിഞ്ഞത്.
എല്ലാ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന ബുംറയ്ക്ക് പിന്തുണ നല്‍കാന്‍ ആര്‍ക്കും സാധിക്കാതെ പോകുന്നു എന്നതാണ് ഇന്ത്യയുടെ പരാജയങ്ങള്‍ക്ക് കാരണമാകുന്നത്. വിരാടും രോഹിത്തും സ്ഥിരമായി പരാജയപ്പെടുമ്പോള്‍ ഇന്ത്യയെന്ന മഹാമേരുവിനെ ജസ്പ്രീത് ബുംറ ഒറ്റയ്ക്കാണ് തോളിലേറ്റുന്നത്.
അതേസമയം, ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് സിഡ്‌നിയില്‍ വിജയം നിര്‍ണായകമാണ്. അഞ്ചാം മത്സരത്തില്‍ വിജയിച്ചാല്‍ 2-2ന് ഒപ്പമെത്താനും പരമ്പര സമനിലയിലാക്കാനും അതുവഴി ട്രോഫി നിലനിര്‍ത്താനും ഇന്ത്യയ്ക്ക് സാധിക്കും. എന്നാല്‍ സൂപ്പര്‍ താരങ്ങളുടെ മോശം ഫോമാണ് സന്ദര്‍ശകരെ സമ്മര്‍ദത്തിലാഴ്ത്തുന്നത്.
Content Highlight: IND vs AUS: Pat Cummins about Jasprit Bumrah