| Wednesday, 1st January 2025, 6:35 pm

വിരമിക്കാനുള്ള മികച്ച അവസരമാണ് ഉസീ... സിഡ്‌നിയില്‍ നമുക്ക് വിടപറയാം; ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരത്തിന് നിര്‍ദേശവുമായി ക്ലാര്‍ക്

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്‌നി ടെസ്റ്റോടെ സൂപ്പര്‍ താരം ഉസ്മാന്‍ ഖവാജയോട് വിരമിക്കാന്‍ നിര്‍ദേശിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്. ഖവാജയ്ക്ക് ഇതിനോടകം തന്നെ 38 വയസായെന്നും സ്വന്തം ഹോം ഗ്രൗണ്ടില്‍ വിരമിക്കാനുള്ള മികച്ച അവസരമാണ് താരത്തിനുള്ളതെന്നും ക്ലാര്‍ക് പറഞ്ഞു.

ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത് ഉസിയുടെ (ഉസ്മാന്‍ ഖവാജ) ഹോം ടെസ്റ്റാണ്. സിഡ്‌നി അവന്റെ ഹോം ഗ്രൗണ്ടാണ്. ഇക്കാലമത്രയും മികച്ച പ്രകടനമാണ് അവന്‍ പുറത്തെടുത്തത്. അവന്‍ വളരെ മികച്ച താരമാണ്. തിരിച്ചുവന്ന് ഓസ്‌ട്രേലിയയിലും പുറത്തും റണ്ണടിച്ചുകൂട്ടി.

അവനിപ്പോള്‍ 38 വയസുണ്ട്. അവന് വിരമിക്കാനുള്ള ഏറ്റവും മികച്ച അവസരമാണിത് എന്നാണ് ഞാന്‍ കരുതുന്നത്. സ്ഡിന് ടെസ്റ്റ് അവന്റെ അവസാന ടെസ്റ്റുമാകട്ടെ.

അവന്‍ മികച്ച രീതിയില്‍ തന്നെ തുടര്‍ന്നും കളിക്കുമെന്ന് എനിക്ക് അറിയാം. ഈ പരമ്പരയിലുടനീളം അവന്റെ ഫോം പഴയതുപോലെ മികച്ചതായിരുന്നില്ല. ശ്രീലങ്കന്‍ പര്യടനം തൊട്ടുമുമ്പിലുണ്ടെന്ന് എനിക്ക് അറിയാം, ആഷസും വരുന്നുണ്ട്. ഇതിനിടയില്‍ ഒരുപാട് മത്സരങ്ങള്‍ വേറെയുമുണ്ട്.

ഇത് ഒരു പുതിയ താരത്തിന് കടന്നുവരാനുള്ള അവസരമാകുമെന്നും ഞാന്‍ കരുതുന്നു. ആദ്യ ആഷസ് ടെസ്റ്റിന് മുമ്പ് തന്നെ ഓപ്പണിങ് സ്ലോട്ടില്‍ കളത്തിലിറങ്ങി, കുറച്ച് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച് അവന് പരിചയമാവുകയും ചെയ്യും,’ ക്ലാര്‍ക് പറഞ്ഞു.

കരിയറില്‍ ഇതുവരെ ഓസ്‌ട്രേലിയക്കായി 77 ടെസ്റ്റിലാണ് ഖവാജ കളത്തിലിറങ്ങിയത്. 139 ഇന്നിങ്‌സില്‍ നിന്നും 44.38 ശരാശരിയില്‍ 5592 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്. 15 സെഞ്ച്വറിയും 27 അര്‍ധ സെഞ്ച്വറിയുമാണ് ബാഗി ഗ്രീനണിഞ്ഞ് താരം സ്വന്തമാക്കിയത്.

2023ല്‍ തന്റെ സ്വന്തം തട്ടകമായ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ പുറത്താകാതെ നേടിയ 195 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

അതേസമയം, ഇന്ത്യയ്‌ക്കെതിരെ സിഡ്‌നിയില്‍ സമനില സ്വന്തമാക്കിയാല്‍ പോലും ഓസ്‌ട്രേലിയക്ക് പരമ്പര നേടാന്‍ സാധിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 2-1ന് മുമ്പിലാണ് ഓസ്‌ട്രേലിയ.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ചരിത്ര വിജയം നേടുകയും തുടര്‍ന്ന് കളിച്ച ഓരോ മത്സരത്തിലും നിരാശപ്പെടുത്തുകയും ചെയ്ത ഇന്ത്യയെ സംബന്ധിച്ച് സിഡ്നി ടെസ്റ്റ് നിര്‍ണായകമാണ്. പരമ്പര സമനിനിലയിലെത്തിക്കാനും ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി കൈവിടാതെ കാക്കാനും ഇന്ത്യക്ക് അഞ്ചാം ടെസ്റ്റില്‍ വിജയിച്ചേ മതിയാകൂ.

Content Highlight: IND vs AUS: Michael Clarke feels Sydney Test will be a “great opportunity” for Khawaja to announce retirement

We use cookies to give you the best possible experience. Learn more