| Monday, 16th December 2024, 10:25 pm

ഒരു ഓവറില്‍ ഏറ്റവുമധികം റണ്‍സ് നേടിയതാരാണെന്ന് ഗൂഗിള്‍ ചെയ്യ്! എന്റെ പേര് കാണാം; റിപ്പോര്‍ട്ടറെ ഓര്‍മിപ്പിച്ച് ബുംറ

സ്പോര്‍ട്സ് ഡെസ്‌ക്

ബൗളിങ്ങില്‍ മാത്രമല്ല, ബാറ്റിങ്ങിലും താന്‍ തിളങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടറെ ഓര്‍മിപ്പിച്ച് ജസ്പ്രീത് ബുംറ. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിന്റെ മൂന്നാം ദിന മത്സരത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് തന്റെ ബാറ്റിങ്ങിലെ പ്രകടനത്തെ കുറിച്ച് ബുംറ ഓര്‍മിപ്പിച്ചത്.

ഗാബയിലെ ബാറ്റിങ് സാഹചര്യങ്ങളെ കുറിച്ചാണ് റിപ്പോര്‍ട്ടര്‍ ചോദിച്ചത്. എന്നാല്‍ ചോദ്യത്തില്‍ ചെറിയ പരിഹാസവും അയാള്‍ ഒളിപ്പിച്ചിരുന്നു. എന്നാല്‍ ബുംറ ഇതിന് നല്‍കിയ മറുപടിയാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്.

‘ഹായ് ജസ്പ്രീത്, ബാറ്റിങ് സാഹചര്യങ്ങളെ കുറിച്ചുള്ള നിങ്ങളുടെ വിലയിരുത്തലുകള്‍ എന്താണ്. ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പോന്ന മികച്ച ആള്‍ നിങ്ങളല്ലെങ്കില്‍ക്കൂടിയും. ഗാബയിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ടീമിന്റെ അവസ്ഥയെ കുറിച്ച് എന്താണ് പറയാനുള്ളത്,’ എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം.

എന്നാല്‍ ഇതിന് മറുപടിയായി, ‘ഇത് വളരെ രസകരമായ ചോദ്യമാണ്. നിങ്ങളെന്റെ ബാറ്റിങ്ങിലെ കഴിവിനെയാണോ ചോദ്യം ചെയ്യുന്നത്? ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു ഓവറില്‍ ഏറ്റവുമധികം റണ്‍സ് നേടിയതാരാണെന്ന് നിങ്ങള്‍ ഗൂഗിള്‍ ഉപയോഗിച്ച് കണ്ടുപിടിക്കണം,’ തമാശപൂര്‍വം ബുംറ പറഞ്ഞു.

2022ലെ ഇന്ത്യ – ഇംഗ്ലണ്ട് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിനെയാണ് ബുംറ പരാമര്‍ശിച്ചത്. അന്ന് സൂപ്പര്‍ താരം സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓവറില്‍ 35 റണ്‍സാണ് ബുംറ സ്‌കോര്‍ ചെയ്തത്.

ഒരു വേള്‍ഡ് ക്ലാസ് ബൗളറെ മറ്റൊരു വേള്‍ഡ് ക്ലാസ് ബൗളര്‍ പഞ്ഞിക്കിടുന്ന കാഴ്ചയായിരുന്നു എഡ്ജ്ബാസ്റ്റണിലേത്. 4, 4wd, 6nb, 4, 4, 4, 6, 1  എന്നിങ്ങനെയായിരുന്നു ബുംറയുടെ പ്രകടനം.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും എക്സ്പെന്‍സീവായ ഓവര്‍ കൂടിയായിരുന്നു അത്. ഇതോടെ ടെസ്റ്റില്‍ ഒരു ഓവറില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയതിന്റെ മോശം റെക്കോഡും ബ്രോഡിന്റെ പേരില്‍ കുറിക്കപ്പെട്ടു.

ബ്രോഡിന്റെ 18ാം ഓവറില്‍ നടന്നതിങ്ങനെ

ആദ്യ പന്ത് : ഫോര്‍

രണ്ടാം പന്ത് : വൈഡ്, കീപ്പറിന്റെ കൈകളില്‍ പെടാതെ പന്ത് ബൗണ്ടറിയിലേക്ക്. രണ്ടാം പന്തില്‍ പിറന്നത് അഞ്ച് റണ്‍സ്

മൂന്നാം പന്ത്: സിക്‌സ് ഒപ്പം ഓവര്‍ സ്റ്റെപ്പിങ്ങിന്റെ പേരില്‍ നോ ബോളും. മൂന്നാം പന്തില്‍ ഇന്ത്യ നേടിയത് ഏഴ് റണ്‍സ്

നാലാം പന്ത് : ഫോര്‍

അഞ്ചാം പന്ത് : ഫോര്‍

ആറാം പന്ത് : ഫോര്‍

ഏഴാം പന്ത് : സിക്‌സര്‍

എട്ടാം പന്ത് : സിംഗിള്‍

എന്നാല്‍ ആ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ സമനില നേടിയാല്‍ പരമ്പര സ്വന്തമാക്കാമെന്നിരിക്കെയാണ് ഇംഗ്ലണ്ട് തകര്‍ത്തടിച്ച് വിജയം സ്വന്തമാക്കിയത്.

ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും സെഞ്ച്വറിയുമായി അഴിഞ്ഞാടിയ മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം.

Content Highlight: IND vs AUS: Jasprit Bumrah reminds reporter of his batting skills

We use cookies to give you the best possible experience. Learn more