| Saturday, 4th January 2025, 10:10 am

പഠിച്ച സിലബസ് ജസ്പ്രീത് ബുംറ, വന്ന ചോദ്യം പ്രസിദ്ധ് കൃഷ്ണ; കങ്കാരുക്കള്‍ ഔള്‍ ഔട്ട്, 185 റണ്‍സെടുത്ത ഇന്ത്യയ്ക്ക് ലീഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നിര്‍ണായകമായ അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ നാല് റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ആതിഥേയര്‍ 181 റണ്‍സിന് പുറത്തായി.

മത്സരത്തിന്റെ ആദ്യ ദിവസം ഇന്ത്യയെ 185 റണ്‍സില്‍ എറിഞ്ഞിട്ട കങ്കാരുക്കള്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിരുന്നു. ആദ്യ ദിവസം വെറും മൂന്ന് ഓവര്‍ മാത്രമാണ് ഓസ്‌ട്രേലിയ ബാറ്റ് ചെയ്തത്. എന്നാല്‍ ആദ്യ ദിനം തന്നെ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് കങ്കാരുക്കള്‍ക്ക് നഷ്ടമായിരുന്നു. ജസ്പ്രീത് ബുംറയുടെ പന്തില്‍ കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കിയാണ് രാഹുല്‍ മടങ്ങിയത്.

രണ്ടാം ദിവസം ലഞ്ചിന് മുമ്പ് മാര്‍നസ് ലബുഷാന്‍ (എട്ട് പന്തില്‍ രണ്ട്), സാം കോണ്‍സ്റ്റസ് (38 പന്തില്‍ 22), ട്രാവിസ് ഹെഡ് (മൂന്ന് പന്തില്‍ നാല്), സ്റ്റീവ് സ്മിത് (57 പന്തില്‍ 33) എന്നിവരുടെ വിക്കറ്റുകളും കങ്കാരുക്കള്‍ക്ക് നഷ്ടമായി.

ഖവാജയ്ക്ക് പുറമെ ലബുഷാനെയും ജസ്പ്രീത് ബുംറ മടക്കിയപ്പോള്‍ കോണ്‍സ്റ്റസിന്റെയും ഹെഡിന്റെയും അന്ത്യം മുഹമ്മദ് സിറാജിന്റെ കൈ കൊണ്ടായിരുന്നു. പ്രസിദ്ധ് കൃഷ്ണയാണ് സ്മിത്തിനെ പുറത്താക്കിയത്.

ആറാം നമ്പറില്‍ ക്രീസിലെത്തിയ അരങ്ങേറ്റക്കാരന്‍ ബ്യൂ വെബ്സ്റ്ററിന്റെ അര്‍ധ സെഞ്ച്വറിയാണ് ഓസ്‌ട്രേലിയയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 105 പന്ത് നേരിട്ട താരം 57 റണ്‍സ് നേടിയാണ് പുറത്തായത്.

നിതിഷ് കുമാര്‍ റെഡ്ഡിയുടെ പന്തില്‍ മൂന്ന് റണ്‍സ് ഓടിയെടുത്താണ് വെബ്‌സ്റ്റര്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. കരിയറിലെ ആദ്യ ടെസ്റ്റ് ഇന്നിങ്‌സില്‍ തന്നെ ഫിഫ്റ്റിയടിച്ചാണ് താരം വരവറിയിച്ചത്.

ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി.

മൂന്ന് മെയ്ഡന്‍ അടക്കം 15 ഓവര്‍ പന്തെറിഞ്ഞ് വെറും 42 റണ്‍സ് വഴങ്ങിയാണ് പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് നേടിയത്. ക്രീസില്‍ നിലയുറപ്പിച്ച് റണ്‍സുയര്‍ത്തിയ ബാറ്റര്‍മാരെ തന്നെയാണ് പ്രസിദ്ധ് പുറത്താക്കിയത്. സ്റ്റീവ് സ്മിത്, ബ്രൂ വെബ്സ്റ്റര്‍, അലക്‌സ് കാരി എന്നിവരെയാണ് താരം മടക്കിയത്.

ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബൗളിങ് നിരയുടെ മൂര്‍ച്ച കുറയുമെന്ന് കരുതിയെങ്കിലും സിറാജും പ്രസിദ്ധും അവസരത്തിനൊത്ത് ഉയര്‍ന്നതോടെ കങ്കാരുക്കള്‍ കാലിടറി വീണു.

കളം വിടുന്നതിന് മുമ്പ് തന്നെ ബുംറ രണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങളെ മടക്കിയിരുന്നു. നിതീഷ് കുമാര്‍ റെഡ്ഡിയാണ് ശേഷിച്ച മറ്റ് രണ്ട് വിക്കറ്റും സ്വന്തമാക്കിയത്.

അതേസമയം, രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ഓവറില്‍ തന്നെ 16 റണ്‍സ് നേടി. മിച്ചല്‍ സ്റ്റാര്‍ക് എറിഞ്ഞ ആദ്യ ഓവറിലെ ആറ് പന്തും നേരിട്ട യശസ്വി ജെയ്‌സ്വാള്‍ നാല് ഫോറടിച്ചാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിന് അടിത്തറയൊരുക്കിയത്.

Content highlight: IND vs AUS: India took 1st Innings lead in Sydney Test

We use cookies to give you the best possible experience. Learn more