Advertisement
Sports News
കങ്കാരുക്കളുടെ ക്രിക്കറ്റ് ചരിത്രത്തിലാദ്യം; ഇന്ത്യയുടെ പത്താമനും പതിനൊന്നാമനും ഇനി പുതിയ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Dec 17, 11:21 am
Tuesday, 17th December 2024, 4:51 pm

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കിയിരിക്കുകയാണ്. ലോവര്‍ ഓര്‍ഡറില്‍ ആകാശ് ദീപിന്റെയും ജസ്പ്രീത് ബുംറയുടെയും ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്നും കരകയറ്റിയത്.

സ്‌കോര്‍ (നാലാം ദിവസം അവസാനിക്കുമ്പോള്‍)

ഓസ്‌ട്രേലിയ: 445

ഇന്ത്യ: 252/9

ടീം സ്‌കോര്‍ 219ല്‍ നില്‍ക്കവെയാണ് ഒമ്പതാം വിക്കറ്റായി രവീന്ദ്ര ജഡേജയെ ഇന്ത്യക്ക് നഷ്ടപ്പെടുന്നത്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് ഇനിയുമേറെ സ്‌കോര്‍ ചെയ്യണമായിരുന്നു.

11ാം നമ്പറില്‍ ക്രീസിലെത്തിയ ആകാശ് ദീപിനെ മടക്കി ഇന്ത്യയെക്കൊണ്ട് നാലാം ദിവസം അവസാനിക്കുന്നതിന് മുമ്പ് തന്നെ രണ്ടാം ഇന്നിങ്‌സിനിറക്കാം എന്ന ഓസീസ് മോഹങ്ങളെ തച്ചുടച്ച് ആകാശ് ദീപും ജസ്പ്രീത് ബുംറയും ചെറുത്തുനിന്നു.

54 പന്ത് നേരിട്ട് 39 റണ്‍സുമായാണ് ബുംറ – ആകാശ് ദീപ് സഖ്യം ബാറ്റിങ് തുടരുന്നത്. നാലാം ദിവസം അവസാനിക്കുമ്പോള്‍ ആകാശ് ദീപ് 31 പന്തില്‍ 27 റണ്‍സും ജസ്പ്രീത് ബുംറ 27 പന്തില്‍ പത്ത് റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യയെ കരകയറ്റിയ ഈ കൂട്ടുകെട്ടില്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് പിറവിയെടുത്തിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഓസ്‌ട്രേലിയക്കെതിരെ ഒരു ടീമിന്റെ പത്താം നമ്പര്‍ ബാറ്ററും 11ാം നമ്പര്‍ ബാറ്ററും ഒരു മത്സരത്തില്‍ തന്നെ സിക്‌സര്‍ നേടുന്നത്. ഇതുവരെ ഇരുവരും ഓരോ സിക്‌സര്‍ വീതമടിച്ചാണ് ക്രീസില്‍ തുടരുന്നത്.

മത്സരത്തിന്റെ അവസാന ദിവസം എത്രയധികം സമയം ക്രീസില്‍ ചെലവഴിക്കാന്‍ സാധിക്കും എന്നതാകും ആകാശ് ദീപിന്റെയും ജസ്പ്രീത് ബുംറയുടെയും ലക്ഷ്യം.

നിലവില്‍ 193 റണ്‍സിന് പിന്നിലാണ് ഇന്ത്യ. മത്സരത്തിന്റെ അവസാന ദിവസം ശേഷിക്കുന്ന ഇന്ത്യന്‍ വിക്കറ്റും വീഴ്ത്തി, വളരെ പെട്ടെന്ന് റണ്‍സ് ഉയര്‍ത്തി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത്, ഇന്ത്യയുടെ പത്ത് വിക്കറ്റുകളും പിഴുതെറിഞ്ഞാല്‍ ഓസ്‌ട്രേലിയക്ക് വിജയിക്കാന്‍ സാധിക്കും. എന്നാല്‍ നിലവില്‍ 193 റണ്‍സ് മാത്രമാണ് കുറവുള്ളത് എന്നതിനാലും മറുവശത്ത് ഇന്ത്യ ആയതിനാലും ഓസ്‌ട്രേലിയ ഇതിന് ശ്രമിക്കാന്‍ സാധ്യതയില്ല.

അതേസമയം, ഗാബയില്‍ പരാജയമൊഴിവാക്കി ശേഷിച്ച മത്സരങ്ങള്‍ വിജയിക്കാനാണ് ഇന്ത്യയൊരുങ്ങുന്നത്. ഇനി രണ്ട് ടെസ്റ്റുകളാണ് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലും ഇന്ത്യക്ക് കളിക്കാനുള്ളത്.

പരമ്പരയിലെ നാലാമത് മത്സരമായ ബോക്‌സിങ് ഡേ ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരെ മെല്‍ബണില്‍ നടക്കും. ജനുവരി മൂന്നിനാണ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം. സിഡ്‌നിയാണ് വേദി.

Content Highlight: IND vs AUS: For the first time ever, Both No.10/11 Indian batters smashed Six against Australia in a Test match