| Thursday, 26th December 2024, 8:22 am

ജെയ്‌സ്വാള്‍ സ്റ്റാര്‍ക്കിനോട് കോര്‍ത്തതിനേക്കാള്‍ മേലെ; കരിയറിലെ ആദ്യ മത്സരത്തില്‍ തന്നെ വിരാടുമായി തീപ്പൊരി എക്‌സ്‌ചേഞ്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഭൂമികയില്‍ ബോക്‌സിങ് ഡേ ടെസ്റ്റിന് മറ്റേത് ടെസറ്റുകളേക്കാളും മേലെയാണ് സ്ഥാനം കല്‍പിച്ചിരിക്കുന്നത്. അങ്ങനെയുള്ള ബോക്‌സിങ് ഡേ ടെസ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കാലെടുത്ത് വെക്കുമ്പോള്‍ താന്‍ അതിന് യോഗ്യനാണെന്ന് സാം കോണ്‍സ്റ്റസ് എന്ന 19കാരന് തെളിയിക്കണമായിരുന്നു.

എന്നാല്‍ ഡേവിഡ് വാര്‍ണര്‍ക്ക് ശേഷം ഇനിയാര് എന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് ഇന്ത്യക്കെതിരായ പ്രകടനത്തിന് പിന്നാലെ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് ലഭിച്ചത്. ഇതിലും മികച്ച ഒരു അരങ്ങേറ്റം ഒരിക്കലും ലഭിക്കില്ല എന്ന് തോന്നിപ്പോകുന്ന ബാറ്റിങ്ങാണ് താരം പുറത്തെടുത്തത്.

മെല്‍ബണില്‍ തുടരുന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. സാം കോണ്‍സ്റ്റസിന്റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് കങ്കാരുക്കള്‍ സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കിയത്.

ലോകത്തിലെ ഏറ്റവും മികച്ച ടീമായ ഇന്ത്യക്കെതിരെ അരങ്ങേറ്റ മത്സരം കളിക്കുന്നു, അതും ബോക്‌സിങ് ഡേയില്‍! ഇത്തരത്തില്‍ ഒരു സമ്മര്‍ദവുമില്ലാതെയാണ് താരം ബാറ്റ് വീശിയത്.

കരിയറിലെ 17ാം പന്തില്‍ സാക്ഷാല്‍ ജസ്പ്രീത് ബുംറയ്‌ക്കെതിരെ റിവേഴ്‌സ് റാംപ് ഷോട്ടിന് ശ്രമിച്ച താരം ശേഷം ഒരു തകര്‍പ്പന്‍ സ്‌കൂപ്പ് ഷോട്ടിലൂടെ സിക്‌സറിന് പറത്തുകയും ചെയ്തു.

മത്സരത്തിന്റെ ഏഴാം ഓവറിലെ സ്‌കൂപ്പ് ഷോട്ട് സിക്‌സര്‍ അടക്കം ബുംറയുടെ ഓവറില്‍ താരം അടിച്ചുനേടിയത് 14 റണ്‍സാണ്. 11ാം ഓവറിലും ബുംറയ്‌ക്കെതിരെ താരം സിക്‌സര്‍ നേടി. ഒരു സിക്‌സറും രണ്ട് ബൗണ്ടറിയും അടക്കം 15 റണ്‍സ്! 2021ന് ശേഷം ഇതാദ്യമായാണ് ബുംറ ടെസ്റ്റില്‍ സിക്‌സര്‍ വഴങ്ങുന്നത്.

ബുംറയ്ക്ക് പോലും കോണ്‍സ്റ്റസ് എന്ന 19കാരന്റെ കോണ്‍ഫിഡന്‍സ് തകര്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് കണ്ട ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം അമ്പരന്നിരുന്നു. എന്നാല്‍ ഗ്രൗണ്ടിലുള്ള വിരാട് അടക്കമുള്ളവര്‍ക്ക് അത് അസ്വസ്ഥതയാണ് സൃഷ്ടിച്ചത്. കരിയറിലെ ആദ്യ മത്സരം കളിക്കുന്ന കോണ്‍സ്റ്റസിനെ ‘ചൊറിയാന്‍’ വിരാട് തന്നെ നേരിട്ടിറങ്ങിയതും ഇതുകൊണ്ടുതന്നെയാകാം.

സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് നടന്നടുക്കുകയായിരുന്ന കോണ്‍സ്റ്റസിന്റെ തോളില്‍ വിരാട് മനപ്പൂര്‍വം തട്ടുകയായിരുന്നു. ഇതോടെ കോണ്‍സ്റ്റസ് വിരാടിനെ ഒന്ന് തറപ്പിച്ച് നോക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ വിരാട് കോണ്‍സ്റ്റസിനോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു.

മറുവശത്ത് ബാറ്റ് ചെയ്തിരുന്ന ഉസ്മാന്‍ ഖവാജ വളരെ പെട്ടെന്ന് തന്നെ ഇടപെടുകയും വിരാടിനെ ശാന്തനാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒഫീഷ്യല്‍സും രംഗം ശാന്തമാക്കാന്‍ ശ്രമം നടത്തി.

ഈ വിഷയം ഐ.സി.സി പരിശോധിക്കുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന ഔദ്യോഗിക വിവരം.

അതേസമയം, മത്സരത്തിന്റെ ആദ്യ ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലി. 60 റണ്‍സ് നേടിയ കോണ്‍സ്റ്റസിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. 17 പന്തില്‍ 38 റണ്‍സുമായി ഉസ്മാന്‍ ഖവാജയും 12 പന്തില്‍ 12 റണ്‍സുമായി മാര്‍നസ് ലബുഷാനുമാണ് ക്രീസില്‍.

ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍

ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റസ്, മാര്‍നസ് ലബുഷാന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.

Content highlight: IND vs AUS: Boxing Day Test: Virat Kohli and Sam Konstas exchanged a heated moment on the MCG.

We use cookies to give you the best possible experience. Learn more