| Monday, 30th December 2024, 3:32 pm

ക്യാപ്റ്റന്‍ ഇവിടെയുണ്ടാകുമ്പോള്‍ ഒരു ഇന്ത്യക്കാരനും അതിലേക്ക് കണ്ണുവെക്കേണ്ട; രഹാനെക്ക് ശേഷം കൈവിടാത്ത പുരസ്‌കാരം

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ തോല്‍വി ചോദിച്ചുവാങ്ങി ഇന്ത്യ. മെല്‍ബണില്‍ നടന്ന മത്സരത്തില്‍ 184 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2-1ന് മുമ്പിലാണ് ആതിഥേയര്‍.

സ്‌കോര്‍

ഓസ്‌ട്രേലിയ: 474 & 234

ഇന്ത്യ: 369 & 155 (T: 340)

സ്റ്റീവ് സ്മിത്ത് അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ ബാറ്റിങ് മികവിലും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ ഓള്‍ റൗണ്ട് മികവിലുമാണ് ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ ടെസ്റ്റ് സ്വന്തമാക്കിയത്. കമ്മിന്‍സാണ് കളിയിലെ താരം. മത്സരത്തിലെ രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി 90 റണ്‍സും ആറ് വിക്കറ്റുമാണ് കങ്കാരുക്കളുടെ പടത്തലവന്‍ സ്വന്തമാക്കിയത്.

ഇതോടെ ബോക്‌സിങ് ഡേ ടെസ്റ്റിലെ മികച്ച താരത്തിന് ലഭിക്കുന്ന മല്ലാഗ് മെഡല്‍ വീണ്ടും സ്വന്തമാക്കാനും കമ്മിന്‍സിനായി.

1868ലെ യു.കെ പര്യടനത്തിലെ നായകനായ ജോണി മല്ലാഗിനോടുള്ള ബഹുമാനസൂചകമായി നല്‍കപ്പെടുന്ന പുരസ്‌കാരമാണ് മല്ലാഗ് മെഡല്‍. 1968 മുതല്‍ ബോക്സിങ് ഡേ ടെസ്റ്റുകള്‍ കളിക്കുന്നുണ്ടെങ്കിലും 2020ലാണ് മല്ലാഗ് മെഡല്‍ അവതരിപ്പിച്ചത്. അതുവരെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം മാത്രം നല്‍കിയിരുന്ന ക്രിക്കറ്റ് ഓസ്ട്രേലിയ, 2020 മുതല്‍ മല്ലാഗ് മെഡലും നല്‍കാന്‍ ആരംഭിച്ചു.

ഇതുവരെ നാല് താരങ്ങളാണ് ഈ ബഹുമതിക്ക് അര്‍ഹരായിട്ടുള്ളത്. ഇതില്‍ ഒരിക്കല്‍ മാത്രമാണ് ഓസ്ട്രേലിയക്കാരനല്ലാത്ത മറ്റൊരു താരം ഈ മെഡല്‍ സ്വന്തമാക്കിയത്. അതും ഈ മെഡല്‍ അവതരിപ്പിച്ച 2020ല്‍ തന്നെ!

2020ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് രഹാനെ ഈ നേട്ടത്തിലെത്തിയത്. ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് ഇന്ത്യ തകര്‍ത്ത മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് ഇന്ത്യന്‍ നായകന്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്.

2021ല്‍ സൂപ്പര്‍ താരം സ്‌കോട് ബോളണ്ടാണ് മല്ലാഗ് മെഡല്‍ നേടിയത്. തന്റെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെയാണ് കളിയിലെ താരമായതും പുരസ്‌കാരം നേടിയതും എന്നത് ബോളണ്ടിന്റെ നേട്ടത്തിന് ഇരട്ടി മധുരമേകുന്നു.

2022ല്‍ സൗത്ത് ആഫ്രിക്കക്കെതിരെ ഡബിള്‍ സെഞ്ച്വറി നേടി ഡേവിഡ് വാര്‍ണറും തന്റെ കരിയറില്‍ മല്ലാഗ് മെഡലിനുടമയായി. ഓസ്‌ട്രേലിയ ഇന്നിങ്‌സിനും 182 റണ്‍സിനും വിജയിച്ച മത്സരത്തില്‍ 200 റണ്‍സാണ് വാര്‍ണര്‍ സ്വന്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം നായകന്‍ പാറ്റ് കമ്മിന്‍സാണ് ബോക്‌സിങ് ഡേയിലെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ ടെന്‍ഫര്‍ നേടിയാണ് കമ്മിന്‍സ് ഈ നേട്ടത്തിലെത്തിയത്.

ഇപ്പോള്‍ ഇന്ത്യക്കെതിരായ മികച്ച പ്രകടനത്തിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം തവണയും കമ്മിന്‍സ് മല്ലാഗ് മെഡലില്‍ മുത്തമിട്ടു. ഇതോടെ ഒന്നിലധികം തവണ ഈ പ്രസ്റ്റീജ്യസ് മെഡല്‍ സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടവും കമ്മിന്‍സ് സ്വന്തമാക്കി.

അതേസമയം, നാലാം ടെസ്റ്റിന് പരാജയത്തിന് പിന്നാലെ ഇന്ത്യയ്ക്ക് പരമ്പര വിജയിക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്. ജനുവരി മൂന്നിന് സിഡ്‌നിയില്‍ ആരംഭിക്കുന്ന അവസാന ടെസ്റ്റില്‍ വിജയിച്ച് പരമ്പര സമനിലയില്‍ അവസാനിപ്പിക്കുക മാത്രമാണ് ഇന്ത്യക്ക് മുമ്പിലുള്ള ഏക പോംവഴി.

Content Highlight: IND vs AUS: Boxing Day Test: Pat Cummins wins Mullagh Medal

We use cookies to give you the best possible experience. Learn more