| Friday, 20th December 2024, 7:34 pm

ഓസ്‌ട്രേലിയക്ക് ഡബിള്‍ ട്രബിള്‍, ബോക്‌സിങ് ഡേയില്‍ 'ഇടി കൊള്ളും'; ഇരട്ട റെക്കോഡ് നേടാന്‍ ബുംറ

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റിനാണ് കളമൊരുങ്ങുന്നത്. ക്രിസ്തുമസിന്റെ പിറ്റേ ദിവസം, ഡിസംബര്‍ 26 മുതലാണ് ടെസ്റ്റ് അരങ്ങേറുന്നത്. വിശ്വപ്രസിദ്ധമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി.

ക്രിസ്തുമസിന് ശേഷം തങ്ങള്‍ക്ക് ലഭിച്ച ഗിഫ്റ്റ് ബോക്‌സുകള്‍ തുറക്കുന്നതും, സമ്മാനങ്ങള്‍ ലഭിക്കാതെ പോയവര്‍ക്ക് ഗിഫ്റ്റ് നല്‍കുന്നതുമായ ബോക്‌സിങ് ഡേയില്‍ ആരംഭിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ ഓസ്‌ട്രേലിയയുടെ ക്രിക്കറ്റ് സംസ്‌കാരത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

ബോക്‌സിങ് ഡേയില്‍ ഓസ്‌ട്രേലിയക്ക് മികച്ച സമ്മാനം തന്നെ നല്‍കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇരു ടീമുകളും 1-1ന് തുല്യത പാലിക്കുകയാണ്. മെല്‍ബണില്‍ നടക്കുന്ന നാലാം ടെസ്റ്റ് വിജയിച്ച് പരമ്പരയിലും ഒപ്പം വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും മുന്നേറ്റമുണ്ടാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയെ രണ്ട് തകര്‍പ്പന്‍ നേട്ടങ്ങള്‍ കാത്തിരിക്കുന്നുണ്ട്. തന്റെ കരിയറിലെ സുപ്രധാന നാഴികക്കല്ലുകള്‍ മറികടക്കാനുള്ള അവസരമാണ് ബുംറയ്ക്ക് മുമ്പിലുള്ളത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ 200 വിക്കറ്റ് എന്ന നേട്ടമാണ് ഇതില്‍ ആദ്യത്തേത്. ഈ നേട്ടത്തിലെത്താന്‍ ബുംറയ്ക്ക് വേണ്ടതാകട്ടെ ആറ് വിക്കറ്റുകളും.

43 ടെസ്റ്റുകളിലെ 83 ഇന്നിങ്‌സില്‍ നിന്നുമായി 194 വിക്കറ്റുകളാണ് നിലവില്‍ ബുംറയുടെ പേരിലുള്ളത്. 19.52 എന്ന മികച്ച ശരാശരിയിലും 42.5 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം പന്തെറിയുന്നത്. ആറ് തവണ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സൂപ്പര്‍ പേസര്‍ 12 തവണയാണ് അഞ്ച് വിക്കറ്റ് നേട്ടത്തിന് ഉടമയായത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 150 വിക്കറ്റ് എന്ന നേട്ടമാണ് ഇതില്‍ രണ്ടാമത്തേത്. ഇതിന് വേണ്ടതാകട്ടെ അഞ്ച് വിക്കറ്റുകളും.

63 ഇന്നിങ്‌സില്‍ നിന്നായി 18.72 ശരാശരിയിലും 40.23 സ്‌ട്രൈക്ക് റേറ്റിലുമാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പന്തെറിയുന്നത്.

മെല്‍ബണില്‍ അഞ്ച് വിക്കറ്റ് നേടിയാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 150 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത് താരമെന്ന നേട്ടവും അശ്വിന് ശേഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത് ഇന്ത്യന്‍ താരമെന്ന നേട്ടവും ബുംറയ്ക്ക് സ്വന്തമാക്കാം.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍

(താരം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

ആര്‍. അശ്വിന്‍ – 78 – 195

ജസ്പ്രീത് ബുംറ – 63 – 145

രവീന്ദ്ര ജഡേജ – 69 – 127

മുഹമ്മദ് സിറാജ് – 63 – 93

മുഹമ്മദ് ഷമി – 45 – 85

അക്‌സര്‍ പട്ടേല്‍ – 27 – 55

ഉമേഷ് യാദവ് – 32 – 51

രണ്ട് ടെസ്റ്റുകളാണ് ഇനി പരമ്പരയില്‍ അവശേഷിക്കുന്നത്. ബോക്‌സിങ് ഡേ ടെസ്റ്റിന് ശേഷം ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് അവസാന ടെസ്റ്റ് ഷെഡ്യൂള്‍ ചെയ്യപ്പെട്ടിരിക്കുന്നത്. സിഡ്‌നിയാണ് വേദി.

Content highlight: IND vs AUS, Boxing Day Test: Jasprit Bumrah eyeing for two career milestones

Latest Stories

We use cookies to give you the best possible experience. Learn more