ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഗംഭീര വിജയം. അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ പത്ത് വിക്കറ്റിന്റെ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്.
ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന്റെ ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യ, അഡ്‌ലെയ്ഡില്‍ ഇന്നിങ്‌സ് തോല്‍വി വഴങ്ങുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിച്ചെങ്കിലും അതുണ്ടായില്ല. ഇന്ത്യ ഉയര്‍ത്തിയ 19 റണ്‍സിന്റെ വിജയലക്ഷ്യം കങ്കാരുക്കള്‍ വിയര്‍ക്കാതെ മറികടന്നു.
സ്‌കോര്‍
ഇന്ത്യ: 180 & 175
ഓസ്‌ട്രേലിയ: 337 & 19/0 (T: 19)
Massive win in Adelaide for Australia as they level the series 1-1 💪#WTC25 | #AUSvIND 📝: https://t.co/D4QfJY2DY1 pic.twitter.com/RXZusN98wU
— ICC (@ICC) December 8, 2024
മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ വെറും 180 റണ്‍സിന് പുറത്തായി. പെര്‍ത്തില്‍ സെഞ്ച്വറി നേടി ടീമിന്റെ നെടുംതൂണായ യശസ്വി ജെയ്‌സ്വാള്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായപ്പോള്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും സ്‌കോര്‍ ബോര്‍ഡിനെ ബുദ്ധിമുട്ടിക്കാതെ ഒറ്റയക്കത്തിനും കടന്നുപോയി. 42 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ടോപ് സ്‌കോറര്‍.
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങ് കരുത്തിലാണ് ഇന്ത്യയെന്ന വന്‍മരം വേരോടെ കടപുഴകി വീണത്. യശസ്വി ജെയ്‌സ്വാളിന്റെതടക്കം ആറ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സ്‌കോട് ബോളണ്ടും രണ്ട് വിക്കറ്റ് വീതം നേടി.
പിങ്ക് ബോള്‍ ടെസ്റ്റ് തങ്ങളുടെ കുത്തകയാണെന്ന് വിളിച്ചുപറയുന്നതായിരുന്നു ഓസ്‌ട്രേലിയയുടെ പ്രകടനം. സൂപ്പര്‍ താരം ട്രാവിസ് ഹെഡിന്റെ സെഞ്ച്വറി കരുത്തില്‍ 337 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയത്.
141 പന്തില്‍ 140 റണ്‍സാണ് ഹെഡ് സ്വന്തമാക്കിയത്. 17 ഫോറും നാല് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. മാര്‍നസ് ലബുഷാന്‍ 126 പന്തില്‍ 64 റണ്‍സ് നേടിയ രണ്ടാമത് മികച്ച റണ്‍ ഗെറ്ററായി. 109 പന്ത് നേരിട്ട് 39 റണ്‍സ് നേടിയ നഥാന്‍ മക്‌സ്വീനിയും തന്റെതായ സംഭാവന സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചു.
Travis Head is player of the match.
Watch his innings highlights: https://t.co/MpkPzgvWHD https://t.co/I0pxjtcoWY
— cricket.com.au (@cricketcomau) December 8, 2024
രണ്ടാം ഇന്നിങ്‌സിലും ഇന്ത്യക്ക് കൈപൊള്ളി. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും നിരാശപ്പെടുത്താന്‍ മത്സരിച്ചപ്പോള്‍ യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിയുടെ ചെറുത്തുനില്‍പാണ് ഇന്ത്യയെ ഇന്നിങ്‌സ് തോല്‍വിയെന്ന നാണക്കേടില്‍ നിന്നും കരകയറ്റിയത്.
രണ്ടാം ടെസ്റ്റില്‍ വിരാട് 11 റണ്‍സിന് മടങ്ങിയപ്പോള്‍ വെറും ആറ് റണ്‍സാണ് ഹിറ്റ്മാന് കണ്ടെത്താന്‍ സാധിച്ചത്. നിതീഷ് കുമാര്‍ 47 പന്തില്‍ 42 റണ്‍സ് നേടി മടങ്ങി. 28 റണ്‍സ് വീതം നേടിയ ശുഭ്മന്‍ ഗില്ലും റിഷബ് പന്തുമാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തവരില്‍ മികച്ചുനിന്ന മറ്റുതാരങ്ങള്‍.
പാറ്റ് കമ്മിന്‍സ് ഫൈഫര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ സ്‌കോട് ബോളണ്ട് മൂന്നും സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റുകള്‍ നേടി.
ഒടുവില്‍ ഇന്ത്യ ഉയര്‍ത്തിയ 19 റണ്‍സിന്റെ വിജയലക്ഷ്യം ഓസീസ് ഒട്ടും പണിപ്പെടാതെ മറികടന്നു.
Game over! Australia level the series 💪#AUSvIND | #PlayOfTheDay | @nrmainsurance pic.twitter.com/7djgXWBfg7
— cricket.com.au (@cricketcomau) December 8, 2024
അഡ്‌ലെയ്ഡില്‍ ഒരിക്കല്‍ക്കൂടി കങ്കാരുപ്പട ഇന്ത്യയുടെ കണ്ണുനീര്‍ വീഴ്ത്തിയതോടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളിലും ഇന്ത്യക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്. ഒന്നാം സ്ഥാനത്ത് നിന്നും ഒറ്റയടിക്ക് മൂന്നാം സ്ഥാനത്തേക്കാണ് ഇന്ത്യ വീണത്.
അഡ്‌ലെയ്ഡ് ടെസ്റ്റിന് പിന്നാലെ ഇന്ത്യയുടെ പി.സി.ടി 57.29ലേക്ക് വീണപ്പോള്‍ ഓസ്‌ട്രേലിയ 60.71 ശതമാനത്തോടെയാണ് ഒന്നാമതെത്തി നില്‍ക്കുന്നത്.
59.62 പി.സി.ടിയുമായി സൗത്ത് ആഫ്രിക്കയാണ് രണ്ടാമത്.
ഈ തോല്‍വിക്ക് പിന്നാലെ പിങ്ക് ബോള്‍ ടെസ്റ്റിലെ ഇന്ത്യയുടെ വിജയശതമാനത്തിനും ഇടിവ് തട്ടി. 75 ശതമാനത്തില്‍ നിന്നും 60 ശതമാനത്തിലേക്കാണ് പിങ്ക് ബോളില്‍ ഇന്ത്യയുടെ പ്രകടനം കൂപ്പുകുത്തിയത്. ഡേ നൈറ്റ് ടെസ്റ്റില്‍ കളിച്ച അഞ്ച് മത്സരത്തില്‍ രണ്ട് മത്സരത്തിലാണ് ഇപ്പോള്‍ ഇന്ത്യക്ക് പരാജയം നേരിടേണ്ടി വന്നത്. ഈ രണ്ട് തവണയും ഇന്ത്യയെ തോല്‍പിച്ചത് ഓസ്‌ട്രേലിയയാണ്, അതും ഒരേ സ്‌റ്റേഡിയത്തില്‍ വെച്ച്.
Leading from the front #AUSvIND pic.twitter.com/eXKjmxsw5A
— cricket.com.au (@cricketcomau) December 8, 2024
2020ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഇന്ത്യ ആദ്യമായി പിങ്ക് ബോള്‍ ടെസ്റ്റില്‍ പരാജയപ്പെടുന്നത്. അഡ്‌ലെയ്ഡില്‍ 36 റണ്‍സിന് ഓള്‍ ഔട്ടായി മോശം റെക്കോഡ് സൃഷ്ടിച്ച അതേ മത്സരം തന്നെയാണ് ഇത്.
അഡ്‌ലെയ്ഡ് ടെസ്റ്റില്‍ വിജയിച്ചതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-1ന് ഒപ്പമെത്തി. ഡിസംബര്‍ 14നാണ് പരമ്പരയിലെ അടുത്ത മത്സരം. ഗാബയാണ് വേദി.
Content Highlight: IND vs AUS, Border-Gavaskar Trophy: Australia defeated India