ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള പടയൊരുക്കം തുടങ്ങിയിരിക്കുകയാണ് ഇന്ത്യ. നവംബര്‍ 22 മുതല്‍ അടുത്ത വര്‍ഷം ആദ്യം വരെ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരക്കായാണ് ഇന്ത്യ കങ്കാരുക്കളുടെ തട്ടകത്തില്‍ പര്യടനം നടത്തുക.
സ്‌ക്വാഡില്‍ സൂപ്പര്‍ താരം അഭിമന്യു ഈശ്വരനും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ജേഴ്‌സിയില്‍ താരത്തിനുള്ള അരങ്ങേറ്റത്തിന് കൂടിയാണ് വഴിയൊരുങ്ങുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഈശ്വരന് ടീമിലേക്കുള്ള വിളിയെത്തുന്നത്.
ആഭ്യന്തര തലത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഇക്കാലമത്രയും ദേശീയ ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോയ താരങ്ങളില്‍ പ്രധാനിയാണ് അഭിമന്യു ഈശ്വരന്‍.
99 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്നും 7,638 റണ്‍സാണ് അഭിമന്യു ഈശ്വരന്‍ സ്വന്തമാക്കിയത്. 49.92 ശരാശരിയില്‍ സ്‌കോര്‍ ചെയ്യുന്ന ഈ ഉത്തര്‍പ്രദേശുകാരന്‍ 27 സെഞ്ച്വറിയും 29 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. 233 ആണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
ഇക്കഴിഞ്ഞ ദുലീപ് ട്രോഫിയില്‍ തുടര്‍ച്ചയായ മത്സരങ്ങളില്‍ സെഞ്ച്വറി നേടിയും അഭിമന്യു ഈശ്വരന്‍ റെക്കോഡിട്ടിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യ ബി-യുടെ ക്യാപ്റ്റന്റെ ചുമതലയും താരത്തിനുണ്ടായിരുന്നു.
2019-20 സീസണില്‍ ഇന്ത്യ റെഡ് ദുലീപ് ട്രോഫി ഉയര്‍ത്തിയത് അഭിമന്യുവിന്റെ കരുത്തിലായിരുന്നു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 38 റണ്‍സിനുമായിരുന്നു ഇന്ത്യ റെഡിന്റെ ജയം.
153 റണ്‍സ് നേടിയാണ് ഈശ്വരന്‍ ഇന്ത്യ റെഡ് നിരയില്‍ നിര്‍ണായകമായത്. മത്സരത്തിലെ താരവും അഭിമന്യു ഈശ്വരന്‍ തന്നെയായിരുന്നു.
ഇതിനൊപ്പം 2018-19 രഞ്ജി സീസണില്‍ ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കിയ താരം ഈശ്വരന്‍ തന്നെയായിരുന്നു.
ആഭ്യന്തര തലത്തിലെ മികച്ച പ്രകടനം ഓസ്‌ട്രേലിയക്കെതിരെ നടത്തിയാല്‍ ഇന്ത്യന്‍ റെഡ് ബോള്‍ സ്‌ക്വാഡിലെ സ്ഥിരസാന്നിധ്യമാകാനും ഈ 29കാരന് സാധിക്കും.
നവംബര്‍ 22നാണ് ഇത്തവണത്തെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി മത്സരങ്ങള്‍ ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയായാണ് ഇത്തവണ ബി.ജി.ടി നടത്തുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയായി ബി.ജി.ടി കളിക്കുന്നത്.
2020-21ലാണ് ഇതിന് മുമ്പ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയത്. നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. തൊട്ടുമുമ്പ് നടന്ന 2018-19ലും ഇന്ത്യ ഇതേ മാര്‍ജിനില്‍ തന്നെ വിജയിച്ചിരുന്നു.
ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ തുടര്‍ച്ചയായ മൂന്നാം പരമ്പര വിജയത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.
പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. നവംബര്‍ 22 മുതല്‍ 26 വരെയാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ആദ്യ ടെസ്റ്റ് – നവംബര്‍ 22 മുതല്‍ 26 വരെ – ഒപ്റ്റസ് സ്റ്റേഡിയം, പെര്‍ത്ത്.
രണ്ടാം ടെസ്റ്റ് – ഡിസംബര്‍ 6 മുതല്‍ 10 വരെ – അഡ്‌ലെയ്ഡ് ഓവല്‍.
മൂന്നാം ടെസ്റ്റ് – ഡിസംബര്‍ 14 മുതല്‍ 18 വരെ – ദി ഗാബ, ബ്രിസ്‌ബെയ്ന്‍.
ബോക്‌സിങ് ഡേ ടെസ്റ്റ് – ഡിസംബര്‍ 26 മുതല്‍ 30 വരെ – മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട്.
അവസാന ടെസ്റ്റ് – ജനുവരി 3 മുതല്‍ 7 വരെ – സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട്.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍.
ട്രാവലിങ് റിസര്‍വുകള്‍.
മുകേഷ് കുമാര്‍, നവ്ദീപ് സെയ്‌നി, ഖലീല്‍ അഹമ്മദ്.
Content Highlight: IND vs AUS, Border-Gavaskar Trophy; Abhimanyu Easwaran included in India’s squad