ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20യില്‍ സന്ദര്‍ശകര്‍ക്ക് വിജയം. അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു കങ്കാരുക്കളുടെ വിജയം.
സെഞ്ച്വറി നേടി സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. 48 പന്തില്‍ നിന്നും പുറത്താകാതെ 104 റണ്‍സാണ് മാക്‌സ് വെല്‍ നേടിയത്.
മാക്‌സ്‌വെല്ലിന് പുറമെ 18 പന്തില്‍ 35 റണ്‍സ് നേടിയ ട്രാവിസ് ഹെഡും 16 പന്തില്‍ പുറത്താകാതെ 28 റണ്‍സ് നേടിയ മാത്യൂ വേഡും ഓസീസ് വിജയത്തില്‍ നിര്‍ണായകമായി.
തോറ്റാല്‍ പരമ്പര നഷ്ടമാകുമെന്ന മത്സരത്തില്‍ മാക്‌സ്‌വെല്‍ വീണ്ടും ഓസീസിന്റെ രക്ഷകനാവുകയായിരുന്നു. അവസാന പന്തില്‍ ബൗണ്ടറി നേടി ഇന്ത്യയുയര്‍ത്തിയ 222 റണ്‍സിന്റെ മികച്ച ടോട്ടല്‍ കങ്കാരുക്കള്‍ മറികടക്കുകയായിരുന്നു.
അവസാന ഓവറില്‍ 21 റണ്‍സായിരുന്നു ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഓവറിലെ ആദ്യ പന്തില്‍ ഫോറടിച്ച മാത്യു വേഡ് രണ്ടാം പന്തില്‍ സിംഗിള്‍ നേടി സ്‌ട്രൈക്ക് ഗ്ലെന്‍ മാക്‌സ്‌വെല്ലിന് കൈമാറി.
മൂന്നാം പന്തില്‍ പ്രസിദ്ധ് കൃഷ്ണയെ സിക്‌സറിന് പറത്തി മൂന്ന് പന്തില്‍ പത്ത് റണ്‍സ് എന്ന നിലയിലേക്ക് വിജയലക്ഷ്യം ചുരുക്കി.
ഓവറിലെ നാലാം പന്തില്‍ ബൗണ്ടറി നേടിയ മാക്‌സി അഞ്ചാം പന്തില്‍ മറ്റൊരു ബൗണ്ടറി നേടി തന്റെ സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കി. അവസാന പന്തില്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ വീണ്ടും ബൗണ്ടറിയടിച്ച് മാക്‌സി ഓസീസിനെ വിജയത്തിലേക്ക് നയിച്ചു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദിന്റെ സെഞ്ച്വറി കരുത്തിലാണ് സ്‌കോര്‍ ബോര്‍ഡില്‍ 222 റണ്‍സ് പടുത്തുയര്‍ത്തിയത്.
മോശം തുടക്കമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍ ആറ് പന്തില്‍ ആറ് റണ്‍സ് നേടി മടങ്ങിയപ്പോള്‍ അഞ്ച് പന്ത് നേരിട്ട് പൂജ്യത്തിനാണ് ഇഷാന്‍ കിഷന്‍ പുറത്തായത്.
ആദ്യ ഓവറുകളില്‍ ഋതുരാജിനും സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. എന്നാല്‍ 29 പന്തില്‍ 39 റണ്‍സ് നേടി സ്‌കൈ പുറത്തായി.
പക്ഷേ പതിഞ്ഞ് തുടങ്ങിയ ഗെയ്ക്വാദ് തുടര്‍ന്നങ്ങോട്ട് കത്തിക്കയറുകയായിരുന്നു. 21 പന്തില്‍ 21 റണ്‍സ് എന്ന നിലയില്‍ നിന്നും 32ാം പന്തില്‍ ഋതുരാജ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. ശേഷം 20 പന്ത് നേരിട്ട് സെഞ്ച്വറിയും താരം പൂര്‍ത്തിയാക്കി.