| Sunday, 23rd July 2023, 5:56 pm

ഇങ്ങനെയാവണമെടാ ഇന്ത്യ-പാക് ഫൈനല്‍; രണ്ട് പന്തില്‍ രണ്ട് വിക്കറ്റ്; കളി തിരിച്ച് വെടിക്കെട്ട് സെഞ്ച്വറി!

സ്പോര്‍ട്സ് ഡെസ്‌ക്

എ.സി.സി മെന്‍സ് എമര്‍ജിങ് ടീംസ് ഏഷ്യ കപ്പ് 2023ന്റെ ഫൈനലില്‍ പാകിസ്ഥാന്‍ എ ടീമിന് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത 50 ഓവറില്‍ പാക് ടീം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സാണ് വാരിയത്. ടോസ് നേടി പാകിസ്ഥാനെ ആദ്യം ബാറ്റിങ്ങിനയച്ച ഇന്ത്യന്‍ നായകന്‍ യഷ് ദുളിന്റെ തീരുമാനം പിഴയ്ക്കുകയായിരുന്നു.

പാക് ഇന്നിങ്‌സിലെ 22ാം ഓവറില്‍ ക്രീസിലെത്തിയ തയ്യബ് താഹിര്‍ (71 പന്തില്‍ 108) പുറത്തെടുത്ത വെടിക്കെട്ട് സെഞ്ച്വറി പ്രകടനം ഇന്ത്യന്‍ യുവനിരയെ ഞെട്ടിച്ചത്. ഒരു ഘട്ടത്തില്‍ 187/5 എന്ന നിലയില്‍ പതറിയ പാക് ടീമിനെ താഹിര്‍ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു.

12 ഫോറുകളും നാല് സിക്‌സറുകളും സഹിതം 152.11 സ്‌ട്രൈക്ക് റേറ്റിലാണ് താഹിര്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. ഹംഗാര്‍ഗേക്കറാണ് ഒടുവില്‍ തയ്യബ് താഹിറിനെ അഭിഷേക് ശര്‍മയുടെ കൈകളിലെത്തിച്ചത്. വാലറ്റത്ത് തിളങ്ങിയ മുബഷിര്‍ ഖാനേയും (35) പുറത്താക്കി ഹംഗാര്‍ഗേക്കര്‍ റണ്ണൊഴുക്ക് നിയന്ത്രിച്ചു.

പാക് ഓപ്പണര്‍മാര്‍ ഇരുവരും അര്‍ധസെഞ്ച്വറി പ്രകടനങ്ങളുമായി ഗംഭീര തുടക്കമാണ് പാകിസ്ഥാന് സമ്മാനിച്ചത്.

കലാശപ്പോരില്‍ ഓപ്പണര്‍മാരായ സായിം അയൂബ് (59), സാഹിബ്‌സാദ ഫര്‍ഹാന്‍ (65) എന്നിവര്‍ ചേര്‍ന്ന് പാക് ടീമിനെ നൂറ് കടത്തിയിരുന്നു. ഫൈനലില്‍ 17.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 121 റണ്‍സെന്ന ശക്തമായ നിലയില്‍ നില്‍ക്കെയാണ് പാകിസ്ഥാന്റെ ആദ്യ വിക്കറ്റ് വീണത്.

മാനവ് സുതാര്‍ എറിഞ്ഞ 18ാമത്തെ ഓവറില്‍ സായിം അയൂബിനെ ധ്രുവ് ജുറേലിന്റെ കൈകളിലെത്തിച്ചാണ് ഇന്ത്യക്ക് ആശ്വാസനിമിഷം സമ്മാനിച്ചത്. മികച്ച ഫോമില്‍ ബാറ്റ് വീശിയ സാഹിബ്‌സാദ ഫര്‍ഹാനെ (65) 22ാം ഓവറിലെ ആദ്യ പന്തില്‍ ധ്രുവ് ജുറേലും യഷ് ദുളും ചേര്‍ന്ന് റണ്ണൗട്ടാക്കിയതോടെ പാക് ഇന്നിങ്‌സിന്റെ വേഗം കുറഞ്ഞു.

പിന്നീടാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഓള്‍റൗണ്ടറായ റിയാന്‍ പരാഗിന് നായകന്‍ യഷ് ദുള്‍ പന്ത് കൈമാറുന്നത്. പരാഗ് എറിഞ്ഞ 28ാം ഓവറിലെ ആദ്യ രണ്ട് പന്തിലും പാക് ഒമെയ്ര്‍ യൂസഫും (35), ഖാസിം അക്രമും (0) പുറത്തായി. w, w, wd, 0, 0, 1, 0 എന്നിങ്ങനെയായിരുന്നു ഈ മാസ്മരിക ഓവറില്‍ റിയാന്‍ പരാഗിന്റെ പ്രകടനം.

ഒമെയ്‌റിന്റെ സ്വന്തം ഏറില്‍ തന്നെ ക്യാച്ചെടുത്താണ് പരാഗ് പുറത്താക്കിയത്. പിന്നാലെയെത്തിയ ഖാസിമിനെ ഹര്‍ഷിദ് റാണയുടെ കൈകളിലെത്തിച്ച് പരാഗ് പാക് ക്യാമ്പിനെ വീണ്ടും ഞെട്ടിച്ചു. മുഹമ്മദ് ഹാരിസിനെ (2) നിഷാന്ത് സിന്ധു ലെഗ് ബിഫോറാക്കി. മെഹ്രാന്‍ മുംതാസിനെ (13) ഹര്‍ഷിത് റാണ ധ്രുവ് ജുറേലിന്റെ കൈകളിലെത്തിച്ചു. മൊഹമ്മദ് വാസിം (17), സുഫിയാന്‍ മുഖീം (4) എന്നിവര്‍ പുറത്താകാതെ നിന്നു.

ഇന്ത്യക്കായി റിയാന്‍ പരാഗ്, ഹംഗാര്‍ഗേക്കര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. ഹര്‍ഷിത് റാണ, മാനവ് സുതാര്‍, നിഷാന്ത് സിന്ധു എന്നിവര്‍ ഓരോ വീതവും വിക്കറ്റെടുത്തു.

Content Highlights: IND A VS PAK A final match, thayyab thahir hits a ton in crucial final

We use cookies to give you the best possible experience. Learn more