ഇന്ത്യ എയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം അണ്‍ ഒഫീഷ്യല്‍ ടെസ്റ്റില്‍ മികച്ച പ്രകടനവുമായി ധ്രുവ് ജുറെല്‍. ക്യാപ്റ്റന്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഒന്നടങ്കം നിരാശപ്പെടുത്തിയപ്പോള്‍ ജുറെലിന്റെ ചെറുത്തുനില്‍പാണ് ഇന്ത്യന്‍ ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
ആദ്യ ഇന്നിങ്‌സില്‍ 161 റണ്‍സാണ് ഇന്ത്യ എ നേടിയത്. ഇതില്‍ സ്‌കോര്‍ ചെയ്ത് നേടിയ റണ്‍സില്‍ പകുതിയിലധികം റണ്‍സും ജുറെലിന്റെ ബാറ്റില്‍ നിന്നുമാണ് പിറവിയെടുത്തത്.
186 പന്ത് നേരിട്ട് 80 റണ്‍സ് നേടിയാണ് ജുറെല്‍ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്. ആറ് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ജുറെലിന്റെ ഇന്നിങ്‌സ്.
Walked in at 11-4, stood tall at one end to deliver 𝘈 gem 🇮🇳
നേരത്തെ ഐ.പി.എല്‍ റിറ്റെന്‍ഷനില്‍ രാജസ്ഥാന്‍ റോയല്‍സ് 14 കോടി രൂപ നല്‍കി ജുറെലിനെ നിലനിര്‍ത്തിയപ്പോള്‍ ആരാധകര്‍ പോലും നെറ്റി ചുളിച്ചിരുന്നു. ഇത്രയധികം മൂല്യം താരത്തിനുണ്ടോ എന്നായിരുന്നു ഇവരുടെ ചോദ്യം. ഈ ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പിറവികൊണ്ടത്.
മെല്‍ബണിലെ ഇന്ത്യന്‍ ട്രാജഡി
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തൊട്ടതെല്ലം പിഴച്ചു. 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടാണ് ഇന്ത്യ വമ്പന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്.
സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍സ് കയറും മുമ്പ് തന്നെ ഇന്ത്യക്ക് ആദ്യ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. മൈക്കല്‍ നെസര്‍ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍ പുറത്തായി. കോറി റോക്കിസിയോലിക്ക് ക്യാച്ച് നല്‍കിയാണ് ബ്രോണ്‍സ് ഡക്കായി ഈശ്വരന്‍ പുറത്തായത്. പിന്നാലെയെത്തിയ സായ് സുദര്‍ശനെ ഗോള്‍ഡന്‍ ഡക്കാക്കിയും നെസര്‍ പുറത്താക്കി.
ഏറെ അനുഭവ സമ്പത്തുള്ള കെ.എല്‍. രാഹുലിന്റെയും ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെയും സ്ഥിതിയും മറ്റൊന്നായിരുന്നില്ല. നാല് റണ്‍സ് വീതം സ്വന്തമാക്കിയാണ് ഇരുവരും മടങ്ങിയത്.
11/4 എന്ന നിലയില്‍ നില്‍ക്കവെയാണ് ജുറെല്‍ ക്രീസിലെത്തുന്നത്. തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ നിരയെ ഉയര്‍ത്തിയെടുക്കാനുള്ള ഉത്തരവാദിത്തം ജുറെല്‍ ഏറ്റെടുത്തു. ദേവ്ദത്ത് പടിക്കലിനെ ഒപ്പം കൂട്ടി അഞ്ചാം വിക്കറ്റില്‍ ജുറെല്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ടീം സ്‌കോര്‍ 64ല്‍ നില്‍ക്കവെ പടിക്കലിനെയും ഇന്ത്യക്ക് നഷ്ടമായി. മൈക്കല്‍ നെസര്‍ തന്നെയാണ് വിക്കറ്റ് നേടിയത്. 55 പന്തില്‍ 26 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.
പിന്നാലെയെത്തിയ നിതീഷ് കുമാര്‍ റെഡ്ഡി 16 റണ്‍സിനും തനുഷ് കോട്ടിയന്‍ പൂജ്യത്തിനും മടങ്ങി.
ഒടുവില്‍ 161 റണ്‍സിന് ഇന്ത്യയുടെ അവസാന വിക്കറ്റും നഷ്ടമായി. നാല് താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ടത്. 11 റണ്‍സ് എക്‌സ്ട്രാസ് ഇനത്തിലും ഇന്ത്യന്‍ ടോട്ടലിലെത്തി.
ഓസ്‌ട്രേലിയ എയ്ക്കായി മൈക്കല്‍ നെസര്‍ നാല് വിക്കറ്റും ബ്യൂ വെബ്സ്റ്റര്‍ മൂന്ന് വിക്കറ്റും നേടി. നഥാന്‍ മക്‌സ്വീനി, കോറി റോക്കിസിയോലി, സ്‌കോട് ബോളണ്ട് എന്നിവരാണ് ശേഷിച്ച വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ എ ആദ്യ ദിനം അവസാനിക്കുമ്പോള്‍ 53ന് രണ്ട് എന്ന നിലയിലാണ്. ക്യാപ്റ്റന്‍ നഥാന്‍ മക്‌സ്വീനി (30 പന്തില്‍ 14), കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് (22 പന്തില്‍ 3) എന്നിവരുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്.
42 പന്തില്‍ 26 റണ്‍സുമായി മാര്‍കസ് ഹാരിസും 11 പന്തില്‍ ഒരു റണ്ണുമായി സാം കോണ്‍സ്റ്റാസുമാണ് ക്രീസില്‍.