| Thursday, 7th November 2024, 9:14 am

മെയ്ന്‍ ടീമും കണക്കാ... എ ടീമും കണക്കാ... ഓസ്‌ട്രേലിയയില്‍ ഇന്ത്യ തകര്‍ന്നടിയുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ എയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം അണ്‍ ഒഫീഷ്യല്‍ ടെസ്റ്റിലും ഇന്ത്യ എ ടീമിന് തകര്‍ച്ച. ടോപ് ഓര്‍ഡര്‍ ചീട്ടുകൊട്ടാരത്തേക്കാള്‍ വേഗത്തില്‍ തകര്‍ന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തൊട്ടതെല്ലം പിഴച്ചു. 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടാണ് ഇന്ത്യ ഇരുട്ടില്‍ തപ്പുന്നത്.

സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍സ് കയറും മുമ്പ് തന്നെ ഇന്ത്യക്ക് ആദ്യ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. മൈക്കല്‍ നെസര്‍ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍ പുറത്തായി. കോറി റോക്കിസിയോലിക്ക് ക്യാച്ച് നല്‍കിയാണ് ബ്രോണ്‍സ് ഡക്കായി ഈശ്വരന്‍ പുറത്തായത്. പിന്നാലെയെത്തിയ സായ് സുദര്‍ശനെ ഗോള്‍ഡന്‍ ഡക്കാക്കിയും നെസര്‍ പുറത്താക്കി.

ഏറെ അനുഭവ സമ്പത്തുള്ള കെ.എല്‍. രാഹുലിന്റെയും ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെയും സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. നാല് റണ്‍സ് വീതം സ്വന്തമാക്കിയാണ് ഇരുവരും മടങ്ങിയത്.

അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദേവ്ദത്ത് പടിക്കലിന്റെയും ധ്രുവ് ജുറെലിന്റെയും കൂട്ടുകെട്ടാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും സ്‌കോര്‍ ബോര്‍ഡിനെ താങ്ങിനിര്‍ത്തിയത്.

ടീം സ്‌കോര്‍ 64ല്‍ നില്‍ക്കവെ പടിക്കലിനെയും ഇന്ത്യക്ക് നഷ്ടമായി. മൈക്കല്‍ നെസര്‍ തന്നെയാണ് വിക്കറ്റ് നേടിയത്. 55 പന്തില്‍ 26 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

പിന്നാലെയെത്തിയ നിതീഷ് കുമാര്‍ റെഡ്ഡി 16 റണ്‍സിനും തനുഷ് കോട്ടിയന്‍ പൂജ്യത്തിനും മടങ്ങി.

നിലവില്‍ 42 ഓവര്‍ പിന്നിടുമ്പോള്‍ 120 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ എ. ധ്രുവ് ജുറെലിന്റെ ചെറുത്ത് നില്‍പാണ് ഇന്ത്യന്‍ ടീമിനെ തകരാതെ രക്ഷിക്കുന്നത്.

ടീം ആകെ നേടിയ ടോട്ടല്‍ റണ്‍സില്‍ പകുതിയിലധികവും സ്വന്തമാക്കിയാണ് ജുറെല്‍ ക്രീസില്‍ തുടരുന്നത്. 137 പന്തില്‍ നിന്ന് 61 റണ്‍സുമായി ധ്രുവ് ജുറെലും ഏഴ് പന്തില്‍ അക്കൗണ്ട് തുറക്കാതെ പ്രസിദ്ധ് കൃഷ്ണയുമാണ് ക്രീസില്‍.

ഇന്ത്യ എ പ്ലെയിങ് ഇലവന്‍

അഭിമന്യു ഈശ്വരന്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍, നിതീഷ് കുമാര്‍ റെഡ്ഡി, തനുഷ് കോട്ടിയന്‍, ഖലീല്‍ അഹമ്മദ്, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍.

ഓസ്‌ട്രേലിയ എ പ്ലെയിങ് ഇലവന്‍

നഥാന്‍ മക്‌സ്വീനി (ക്യാപ്റ്റന്‍), മാര്‍കസ് ഹാരിസ്, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്, സാം കോണ്‍സ്റ്റാസ്, ഒലിവര്‍ ഡേവിസ്, ബ്യൂ വെബ്‌സ്റ്റര്‍, ജിമ്മി പിയേഴ്‌സണ്‍, മൈക്കല്‍ നെസര്‍, നഥാന്‍ മക്ആന്‍ഡ്രൂ, സ്‌കോട് ബോളണ്ട്, കോറി റോക്കിസിയോലി.

Content Highlight: IND A vs AUS A, 2nd Unofficial test: India faces early setback

We use cookies to give you the best possible experience. Learn more