2023 ഐ.സി.സി ലോകകപ്പിന് യോഗ്യത നേടാന്‍ സാധിക്കാതെ സ്‌കോട്‌ലാന്‍ഡ് വിടപറഞ്ഞിരിക്കുകയാണ്. വ്യാഴാഴ്ച ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് പരാജയപ്പെട്ടതോടെയാണ് സ്‌കോട്‌ലാന്‍ഡിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് അന്ത്യമായത്.
ക്വാളിഫയറിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് സ്‌കോട്‌ലാന്‍ഡ് കാഴ്ചവെച്ചത്. മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെയടക്കം പരാജയപ്പെടുത്തിയാണ് സ്‌കോട്‌ലാന്‍ഡ് തങ്ങളുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്.
ക്വാളിഫയര്‍ മത്സരങ്ങള്‍ തുടങ്ങും മുമ്പ് ഈ അസോസിയേറ്റ് ടീമില്‍ നിന്നും ആരാധകര്‍ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ മത്സരങ്ങള്‍ പുരോഗമിക്കെ സ്‌കോട്ടിഷ് വാറിയേഴ്‌സ് ആ പ്രതീക്ഷയൊന്നാകെ തെറ്റിച്ചുകൊണ്ടേയിരുന്നു.
ക്രിക്കറ്റില്‍ ഒരു പാരമ്പര്യവുമില്ലാത്തവര്‍ തകര്‍ത്തെറിഞ്ഞത് മൂന്ന് ടെസ്റ്റ് പ്ലെയിങ് രാജ്യങ്ങളെയാണ്, അവരില്‍ ഒരാളാകട്ടെ രണ്ട് തവണ ലോകകിരീടം ചൂടിയവരും.
കഴിഞ്ഞ ദിവസം സിംബാബ്‌വേയെ തോല്‍പിച്ചാണ് സ്‌കോട്‌ലാന്‍ഡ് തങ്ങളുടെ ലോകകപ്പ് മോഹങ്ങള്‍ നിലനിര്‍ത്തിയത്. ഇതോടെ ക്വാളിഫയറില്‍ കളിക്കുന്ന നാല് ടെസ്റ്റ് ടീമുകളില്‍ മൂന്ന് പേരെയും തോല്‍പിക്കാന്‍ സ്‌കോട്‌ലാന്‍ഡിനായി. നേരത്തെ അയര്‍ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരെയും സ്‌കോട്ടിഷ് വാറിയേഴ്‌സ് പരാജയത്തിന്റെ കയ്പുനീര്‍ കുടിപ്പിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ലങ്കയോട് മാത്രമാണ് സ്‌കോട്ലാന്‍ഡിന് പരാജയം രുചിക്കേണ്ടി വന്നത്.
ക്വാളിഫയറിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തിലാണ സ്‌കോട്‌ലാന്‍ഡ് അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയത്. ക്യൂന്‍സ് സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒറ്റ വിക്കറ്റിനായിരുന്നു സ്‌കോട്ടിഷ് പടയുടെ വിജയം. അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ മാര്‍ക് അഡയറിനെ ബൗണ്ടറി കടത്തി മൈക്കല്‍ ലീസ്‌ക്കാണ് സ്‌കോട്‌ലാന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്.
ഗ്രൂപ്പ് സ്റ്റേജിലെ മറ്റൊരു മത്സരത്തില്‍ ശ്രീലങ്കയോട് 82 റണ്‍സിന് തോല്‍ക്കേണ്ടി വന്നെങ്കിലും തൊട്ടടുത്ത മത്സരത്തില്‍ സര്‍ ക്ലൈവ് ലോയ്ഡിന്റെയും സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെയും സര്‍ ഗാരി സോബേഴ്‌സിന്റെയും ബ്രയാന്‍ ലാറയുടെയും മാല്‍ക്കം മാര്‍ഷലിന്റെയും കോട്‌നി വാല്‍ഷിന്റെയും കര്‍ട്‌ലി ആംബ്രോസിന്റെയും പാരമ്പര്യം പേറുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ അടിത്തറയിളക്കിക്കൊണ്ടായിരുന്നു സ്‌കോട്‌ലാന്‍ഡിന്റെ തിരിച്ചുവരവ്.
ഹരാരെയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി വിന്‍ഡീസിനെ ബാറ്റിങ്ങിനയച്ച സ്‌കോട്‌ലാന്‍ഡ് എതിരാളികളെ വെറും 181 റണ്‍സിന് എറിഞ്ഞിട്ടു. മൂന്ന് വിക്കറ്റ് പ്രകടനവുമായി ബ്രാന്‍ഡന്‍ മക്മുള്ളനും രണ്ട് വിക്കറ്റ് വീതം നേടിയ ക്രിസ് സോളും ക്രിസ് ഗ്രേവ്സുമാണ് സ്‌കോട്‌ലാന്‍ഡിനായി തിളങ്ങിയത്.
182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സ്‌കോട്ടിഷ് പട മാത്യു ക്രോസിന്റെയും ബ്രാന്‍ഡന്‍ മക്മുള്ളന്റെയും അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ ഏഴ് വിക്കറ്റും 39 പന്തും ശേഷിക്കെ വിജയം പിടിച്ചടക്കുകയായിരുന്നു.
ഇത് ഒന്നിന്റെയും അവസാനമല്ല, പുതിയൊരു തുടക്കമാണ്. പുതിയൊരു ടീമിന്റെ, പുതിയ താരങ്ങളുടെ, ക്രിക്കറ്റ് ലോകത്ത് ഒരു പാരമ്പര്യവുമില്ലാത്ത ഒരു രാജ്യത്തിന്റെ ഉദയമാണിത്. നിരാശപ്പെടരുത്, തിരിച്ചുവരൂ… കൂടുതല്‍ കരുത്തരായി… അടുത്ത് ലോകകപ്പില്‍ നമുക്ക് വീണ്ടും കാണാം… 2027ല്‍ സൗത്ത് ആഫ്രിക്കയുടെ കളിത്തട്ടകങ്ങള്‍ നിങ്ങളെയും പ്രതീക്ഷിക്കുന്നുണ്ട്.
Content highlight: Incredible performance of Scotland in ICC World Cup Qualifier